സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രക്ഷോഭം ആളിക്കത്തുന്നു; പിന്നോട്ടില്ലെന്ന് വിദ്യാർഥികൾ

Photo: Indian Express
കൊൽക്കത്ത: സത്യജിത് റേ ഫിലം ഇൻസ്റ്റിറ്റ്യൂട്ടിൽ വിദ്യാർഥി പ്രക്ഷോഭം ആളിക്കത്തുന്നു. മാനേജ്മെന്റ് അടിച്ചമർത്താനുള്ള പ്രതികാരനടപടികളുമായി മുൻപോട്ടു പോകുമ്പോഴും പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് വിദ്യാർഥികൾ. സംഘപരിവാർ സംഘടനയായ അഖില ഭാരതീയ ഗ്രാഹക് പഞ്ചായത്ത് ക്യാമ്പസിൽ സംഘടിപ്പിച്ച പരിപാടിക്കിടെ സെപ്തംബർ 27-നുണ്ടായ അക്രമ സംഭവങ്ങൾക്കെതിരെയാണ് വിദ്യാർഥികൾ രംഗത്തുവന്നത്. വൈസ് ചാൻസലർ സന്തോഷ് അജ്മേറയെ വിദ്യാർഥികൾ തടയുകയും ചെയ്തു.
പിന്നാലെ, പ്രതിഷേധത്തിൽ പങ്കെടുത്ത ആറ് വിദ്യാർഥികളെ പുറത്താക്കി. പ്രതിഷേധിക്കുന്ന മറ്റ് വിദ്യാർഥികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ നിഷേധിച്ചു. ക്യാമ്പസിലെ ജിം, മെസ്, മ്യൂസിക് റൂം തുടങ്ങിയവ അധികൃതർ പൂട്ടിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് പൂർണമായും അടച്ചിട്ടു. പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്ക് നേരെ പുറത്ത് നിന്നും കല്ലും കുപ്പികളും എറിഞ്ഞ് അക്രമ സംഭവങ്ങളിലേയ്ക്ക് വഴിവെച്ചു. ഒക്ടോബർ നാലിനാണ് വിദ്യാർഥികൾക്കു നേരെ വ്യാപകമായ അക്രമം അഴിച്ചു വിട്ടത്.
സമരം ഒരു മാസത്തിനോട് അടുക്കുമ്പോഴും തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാതെ പിന്നോട്ടില്ലെന്ന നിലപാടാണ് വിദ്യാർഥികൾ സ്വീകരിക്കുന്നത്. വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുക, അക്രമികൾക്കെതിരെ നടപടിയെടുക്കുക, സ്വതന്ത്ര അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങളാണ് വിദ്യാർഥികൾ ഉന്നയിക്കുന്നത്. വിദ്യാർഥികൾക്ക് നടൻ നസറുദ്ദീൻ ഷാ ഉൾപ്പടെയുള്ളവർ പിന്തുണയുമായി എത്തി. തങ്ങൾക്കെതിരെയുള്ള ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നും വൈസ് ചാൻസലർ രാജിവെയ്ക്കും വരെ സമരം തുടരുമെന്നും വിദ്യാർഥി യൂണിയൻ അറിയിച്ചു.








0 comments