Deshabhimani

നിരപരാധിയായ 17 കാരനെ മർദിച്ച സംഭവം: വർക്കല എസ്ഐയെ സ്ഥലംമാറ്റി

Varkala Police Brutality Rahan

പൊലീസ് മര്‍ദനത്തിന് ഇരയായ കൗമാരക്കാരന്‍

വെബ് ഡെസ്ക്

Published on Oct 25, 2026, 07:18 PM | 1 min read

തിരുവനന്തപുരം: നിരപരാധിയായ 17 കാരനെ മർദിച്ച സംഭവത്തിൽ വർക്കല എസ്ഐയെ സ്ഥലംമാറ്റി. അന്വേഷണവിധേയമായാണ് എസ്ഐ ആഷിൽ രവിയെയാണ് പാറശാല കാഞ്ഞിരംകുളത്തേയ്ക്ക് സ്ഥലംമാറ്റിയത്. 17 വയസുകാരനെ പൊലീസ് ക്രൂരമായി മർദിച്ചെന്ന പരാതിയിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ അടിയന്തരമായി കർശന നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി എംഎൽഎ രം​ഗത്തെത്തിയിരുന്നു.


കഴിഞ്ഞ ദിവസമാണ് വർക്കല ചാരുവിള സ്വദേശിയായ 17 വയസുകാരനെ എസ്ഐയുടെ നേതൃത്വത്തിൽ അതിക്രൂരമായി മർദിച്ചത്. പൊലീസുകാരുടെ മർദനത്തിൽ കൗമാരക്കാരന്റെ കാലിന്റെ എല്ല് ഒടിഞ്ഞു. ബൂട്ടിട്ട കാലുകൊണ്ട് ചവിട്ടി ഒടിക്കുകയായിരുന്നുവെന്ന് 17 കാരൻ പറഞ്ഞു. വർക്കല ആയുർവേദ ആശുപത്രിക്കടുത്ത് മാസാ മന്തി എന്ന കടയിലെ തൊഴിലാളിയാണ് യുവാവ്. കഴിഞ്ഞ ദിവസം രാത്രിയുണ്ടായ അടിപിടി കേസുമായി ബന്ധപ്പെട്ട്‌ ഇതേ ഹോട്ടലിലെ മറ്റൊരു തൊഴിലാളിയെ അന്വേഷിച്ചെത്തിയതായിരുന്നു പൊലീസ്‌. അയാളെ കിട്ടാതായപ്പോൾ അവിടെ ഉണ്ടായിരുന്ന പതിനേഴുകാരനു നേരെ തിരിയുകയായിരുന്നു.


ബിപിയുടെ ബുദ്ധിമുട്ടും സോഡിയം കുറഞ്ഞുപോകുന്ന അവസ്ഥയുമുണ്ടെന്നും 17 വയസ് മാത്രമാണ് പ്രായമെന്നും പറഞ്ഞപ്പോൾ ഒരു പൊലീസുകാരൻ കരണത്തടിച്ചതായും ക‍ൗമാരക്കാരന്റെ പരാതിയിലുണ്ട്. കഴുത്തിനും സാരമായ പരിക്കുകളും ശരീരം മുഴുവനും മർദനമേറ്റതിന്റെ പാടുകളുമുണ്ട്. സ്റ്റേഷനിൽ എത്തിച്ചപ്പോൾ രക്തം ഛർദിച്ചിട്ടും പൊലീസ് തിരിഞ്ഞു നോക്കിയിരുന്നില്ല. ഒടുവിൽ മാതാപിതാക്കൾ എത്തിയാണ് 17കാരനെ ആശുപത്രിയിൽ എത്തിച്ചത്. കഴിഞ്ഞ ദിവസത്തെ അടിപിടി കേസിൽ ഒന്നാം പ്രതിയാക്കുമെന്നും മാതാപിതാക്കളെയും പ്രതി ചേർക്കുമെന്നുമാണ്‌ പൊലീസ് ഭീഷണിപ്പെടുത്തിയത്‌. പ്രതികളെ കിട്ടിയില്ലെങ്കിൽ നിന്നെയും നിന്റെ ഉമ്മയെയും ബാപ്പയെയും പ്രതിയാക്കും' എന്ന് പൊലീസുകാർ ഭീഷണിപ്പെടുത്തിയതായും കൗമാരക്കാരന്റെ മാതാവ് വർക്കല ഡിവൈഎസ്പിക്ക് നൽകി പരാതിയിൽ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home