പിഎസ്സി പിരിച്ചുവിടൽ: ഗവർണറുടെ നടപടിയിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം: സിപിഐ എം

തിരുവനന്തപുരം: പിഎസ്സിയെ പിരിച്ചുവിടാൻ രാഷ്ട്രപതിക്ക് ശുപാർശ നൽകിയ ഗവർണറുടെ നടപടിയെ കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. രാജേന്ദ്ര ആർലേക്കറുടെ നടപടി ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമാണ്. ഈ നടപടിയോട് കോൺഗ്രസ് യോജിക്കുന്നുണ്ടോ? രാഷ്ട്രീയ ലക്ഷ്യത്തോടുകൂടിയുള്ള ഇത്തരം നടപടികളോട് ദേശീയതലത്തിൽ കോൺഗ്രസ് എടുക്കുന്ന നിലപാട് തന്നെയാണോ മുഖ്യമന്ത്രിക്കുള്ളതെന്ന് അറിയാൻ ജനത്തിന് താൽപര്യമുണ്ട്.
പിഎസ്സി അംഗത്തിനെതിരെ നടപടിയെടുക്കാൻ നിയമപരമായ മാർഗങ്ങളുണ്ട്, അതൊന്നും ഗവർണർ പാലിച്ചിട്ടില്ല. ഒരു റാങ്ക് ലിസ്റ്റ് തയ്യാറാക്കിയതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ആരപോണത്തെക്കുറിച്ച് സംസ്ഥാന സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ വച്ച് അന്വേഷണം നടത്തുകയാണ്. ഇതുവരെ ഒന്നും കണ്ടെത്താനായില്ലെന്നാണ് ഹൈക്കോടതിയിൽ തന്നെ അറിയിച്ചത്. അതുകൊണ്ടാണല്ലോ കോടതി ശാസനാരൂപത്തിൽ ചില കാര്യങ്ങൾ പറഞ്ഞത്.
പിഎസ്സി പിരിച്ചുവിടാൻ ശുപാർശ ചെയ്യാൻ ഒരധികാരവും ഗവർണർക്കില്ല. സർക്കാർ ശുപാർശയനുസരിച്ച് പ്രവർത്തിക്കേണ്ടയാളാണ് ഗവർണർ. ഒരു ആരോപണവും തെളിയിക്കാനോ കോടതിയിൽ ഹാജരാക്കാനോ പറ്റാത്ത ഈ ഘട്ടത്തിൽ പിഎസ്സി പിരിച്ചുവിടണമെന്ന് സർക്കാർ ഗവർണറോട് ആവശ്യപ്പെട്ടിട്ടുണ്ടോ? സംസ്ഥാനത്തെ സർവകലാശാലകൾക്ക് പിന്നാലെ പിഎസ്സിയെയും സംഘപരിവാർ ലക്ഷ്യംവെക്കുന്നു എന്നത് രഹസ്യമല്ല. ജനാധിപത്യത്തെ നോക്കുകുത്തിയാക്കിയുള്ള ഗവർണർ രാജിനെതിരെ ശക്തമായ പ്രതിഷേധം ഉയരണം. ജനാധിപത്യ വിരുദ്ധവും ഭരണഘടന കാറ്റിൽ പറത്തുന്ന ഈ നീക്കത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും.
ഗവർണറുടെ മുന്നിൽ ചില പരാതികളും വാർത്തകളും അല്ലാതെ മറ്റൊന്നുമില്ല. ഇത്തരം ഒരു നടപടിക്ക് അത് പര്യാപ്തമാവില്ല. പിഎസ്സിയുമായി ബന്ധപ്പെട്ട നിർണായകമായ ഫയലുകളോ വിവരങ്ങളോ സർക്കാർ ഗവർണർക്ക് കൈമാറിയോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. അങ്ങനെയെങ്കിൽ സംഘപരിവാറിന് ഒന്നുകൂടി കീഴടങ്ങിയതായി കണക്കാക്കാം. സംസ്ഥാന സർക്കാർ സംഘപരിവാറിന് മുന്നിൽ സാഷ്ടാംഗ പ്രണാമം നടത്തുകയാണ്.
ആർഎസ്എസ് നയങ്ങൾ കേരളത്തിൽ നടപ്പിലാക്കിയ ഗവർണർക്ക് സംസ്ഥാന സർക്കാർ നൽകിയ യാത്രയയപ്പും മുഖ്യമന്ത്രിയുടെ സ്നേഹപ്രകടനവും സംസ്ഥാനമാകെ കണ്ടതാണ്. സംഘപരിവാറുകാരെ ഇങ്ങനെ ചേർത്തുപിടിക്കുന്ന മുഖ്യമന്ത്രിയാണ് കേരളത്തിന്റേത്. സർവകലാശാല വൈസ് ചാൻസലർമാരുടെ നിയമനം മുതൽ നിരവധി നടപടികൾ ബിജെപി - ആർഎസ്എസ് ഡീലിന്റെ ഭാഗമായി നടന്നതാണ് എന്ന് നേരത്തെ ഞങ്ങൾ ചൂണ്ടിക്കാണിച്ചതാണ്. സംസ്ഥാന സർക്കാറിന്റെ ഉപദേശ നിർദ്ദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കേണ്ട ഗവർണർ സംസ്ഥാന സർക്കാറിനെ മറികടന്നാണ് എല്ലാ കാര്യങ്ങളും ചെയ്തുകൊണ്ടിരിക്കുന്നത്. ഇതുതന്നെയാണ് പിഎസ്സിയുടെ കാര്യത്തിലും ഉണ്ടായിരിക്കുന്നത്.
രാജ്യത്തിന് മാതൃകയായ രീതിയിൽ പ്രവർത്തക്കുന്നതാണ് കേരളത്തിലെ പിഎസ്സി നിയമന നടപടികൾ അതിവേഗമാണ് കേരളത്തിൽ നടക്കുന്നത്. 10 വർഷത്തിനിടയിൽ 10 ലക്ഷത്തിലേറെ നിയമനം കേരള പിഎസ്സി നടത്തിക്കഴിഞ്ഞു. ഈ സ്ഥാപനത്തെയാണ് തകർക്കാൻ ഗവർണർ പരിശ്രമിക്കുന്നത്. യുഡിഎഫ് സർക്കാർ അതിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ഒറ്റപ്പെട്ട ചില സംഭവങ്ങളുടെ പേരിൽ ഭരണഘടനാ സ്ഥാപനത്തെ ആകെ തകർക്കാനാണ് സംഘപരിവാർ ഗവർണറെ മുൻനിർത്തി ശ്രമിക്കുന്നത്. ഇത്തരം വിഷയങ്ങളിൽ അന്വേഷണം നടത്തി കുറ്റക്കാരുടെ പേരിൽ കർശനമായി നടപടിയെടുക്കാം. അല്ലാതെ ഈ ഭരണഘടനാ സ്ഥാപനത്തെ തകർക്കുന്നത് ഒട്ടും ശരിയായ നടപടിയല്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.









0 comments