60 കോടി രൂപ തട്ടിയെടുത്തു; നടി ശിൽപ ഷെട്ടിക്കും രാജ് കുന്ദ്രയ്ക്കുമെതിരെ കേസ്

മുംബൈ : വ്യവസായിയെ പറ്റിച്ച് 60 കോടി രൂപ തട്ടിയെടുത്തെന്ന കേസിൽ ബോളിവുഡ് നടി ശിൽപ ഷെട്ടിക്കും പങ്കാളി രാജ് കുന്ദ്രയ്ക്കുമെതിരെ കേസ്. ബെസ്റ്റ് ഡീൽ ടിവി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ വായ്പയും നിക്ഷേപവും സംബന്ധിച്ച ഇടപാടിൽ ബിസിനസുകാരനെ വഞ്ചിച്ച് 60.48 കോടി രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് ശിൽപ ഷെട്ടിക്കും രാജ് കുന്ദ്രയ്ക്കും മറ്റൊരാൾക്കുമെതിരെ മുംബൈ പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇഒഡബ്ല്യു) കേസെടുത്തത്. പ്രാഥമിക അന്വേഷണത്തിന് ശേഷം, നടിക്കും ഭർത്താവിനുമെതിരെ ജുഹു പൊലീസ് സ്റ്റേഷനിൽ ഇഒഡബ്ല്യൂ കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് പറഞ്ഞു. ലോട്ടസ് ക്യാപിറ്റൽ ഫിനാൻഷ്യൽ സർവീസസിന്റെ ഡയറക്ടറും ബിസിനസുകാരനുമായ ദീപക് കോത്താരി (60) നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
ഓൺലൈൻ ഷോപ്പിംഗ്, റീട്ടെയിൽ പ്ലാറ്റ്‌ഫോമായ ബെസ്റ്റ് ഡീൽ ടിവി പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടർമാരായിരുന്നു ദമ്പതികൾ. വ്യവസായ വിപുലീകരണത്തിനെന്നു പറഞ്ഞാണ് കോത്താരിയിൽ നിന്ന് ഇവർ പണം വായ്പയായി ആവശ്യപ്പെട്ടത്. പിന്നീട് പ്രതിമാസ റിട്ടേണും മുതലിന്റെ തിരിച്ചടവും വാഗ്ദാനം ചെയ്ത് നിക്ഷേപമെന്ന നിലയിൽ തുക ലഭ്യമാക്കാൻ കോത്താരിയോട് ആവശ്യപ്പെട്ടതായി പരാതിയിൽ പറയുന്നു.
2015 ഏപ്രിലിൽ ഷെയർ സബ്‌സ്‌ക്രിപ്‌ഷൻ കരാർ പ്രകാരം 31.95 കോടി രൂപയും, 2015 സെപ്റ്റംബറിൽ സപ്ലിമെന്ററി കരാർ പ്രകാരം 28.53 കോടി രൂപയും കൈമാറിയതായി കോത്താരി പറഞ്ഞു. 2016 ൽ ശിൽപ ഷെട്ടി കമ്പനിയിൽ നിന്ന് രാജിവച്ചു. മറ്റൊരു നിക്ഷേപകനെ വഞ്ചിച്ചതിന് കമ്പനിക്കെതിരെ പാപ്പരത്ത നടപടികൾ കണ്ടെത്തി. കോത്താരി നൽകിയ പണം കൈമാറ്റം ചെയ്ത് വ്യക്തിപരമായ ആവശ്യങ്ങൾക്കായി ഉപയോഗിച്ചതായി പൊലീസ് പറഞ്ഞു. ഐപിസി സെക്ഷൻ 403 (സ്വത്തിന്റെ ദുരുപയോഗം), 406 (ക്രിമിനൽ വിശ്വാസ വഞ്ചന), 34 എന്നീ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. എന്നാൽ ആരോപണങ്ങൾ നടിയും ഭർത്താവും നിഷേധിച്ചു. തങ്ങൾക്കെതിരായ കേസ് അടിസ്ഥാനരഹിതവും ദുരുദ്ദേശ്യപരവുമാണെന്ന് ദമ്പതികൾ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.









0 comments