ad
Deshabhimani

print edition മുസ്ലിങ്ങളെ വെടിവയ്‍ക്കുന്ന വീഡിയോ ; അസം മുഖ്യമന്ത്രിക്കെതിരെ സിപിഐ എം സുപ്രീംകോടതിയിൽ

cpim

അസം മുഖ്യമന്ത്രിയുടെ വിദ്വേഷ പ്രചാരണത്തിനെതിരെ ഡൽഹി ജന്തർ മന്തറിൽ സിപിഐ എം നടത്തിയ പ്രതിഷേധം

വെബ് ഡെസ്ക്

Published on Feb 11, 2026, 03:57 AM | 1 min read


ന്യൂഡൽഹി

അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിസ്വ സർമ മുസ്ലിങ്ങളെ ലക്ഷ്യമിട്ട്‌ നടത്തിയ വിദ്വേഷ പ്രസംഗങ്ങളിൽ നടപടിയാവശ്യപ്പെട്ട്‌ സിപിഐ എം, സിപിഐ പാർടികൾ സുപ്രീംകോടതിയെ സമീപിച്ചു. ജനുവരി 27ന്‌ നടത്തിയ വിദ്വേഷ പ്രസംഗവും സംസ്ഥാന ബിജെപിയുടെ ‘എക്‌സ്‌’ ഹാൻഡിലിൽ പ്രസിദ്ധീകരിച്ച ഹിമന്ത, മുസ്ലിങ്ങളെ വെടിവയ്‌ക്കുന്ന രീതിയിലുള്ള വീഡിയോയും ചൂണ്ടിക്കാട്ടിയാണ്‌ ഹർജി. ഹർജികൾ പരിഗണിക്കാമെന്ന്‌ ചീഫ്‌ ജസ്‌റ്റിസ്‌ സൂര്യകാന്ത്‌, ജസ്‌റ്റിസുമാരായ ജോയ്‌മാല്യ ബാഗ്‌ചി, എൻ വി അഞ്ജരിയ എന്നിവരുടെ ബെഞ്ച്‌ അറിയിച്ചു. സത്യപ്രതിജ്ഞാ ലംഘനവും ന്യൂനപക്ഷ സമുദായത്തിനെതിരായ ശത്രുത വർധിപ്പിക്കുന്നതുമാണ്‌ മുഖ്യമന്ത്രിയുടെ നടപടികളെന്ന് ഹർജിയിൽ സിപിഐ എം ചൂണ്ടിക്കാട്ടി. സിപിഐ എം മുതിർന്ന നേതാവ്‌ സുഭാഷിണി അലിയും സിപിഐയുടെ ആനി രാജയുമാണ്‌ ഹർജിക്കാർ. അഭിഭാഷകൻ നിസാം പാഷ ചൊവ്വാഴ്‌ച ഹർജികൾ പരാമർശിച്ചു.


‘അസമിലെ അഞ്ചുലക്ഷം മിയ മുസ്ലിങ്ങളെ വോട്ടർപ്പട്ടികയിൽനിന്ന്‌ നീക്കുമെന്നും അവർക്കെതിരെ ഞാനും ബിജെപിയും പോരാടുകയാണെന്നും’ മുഖ്യമന്ത്രി പൊതുയോഗത്തിൽ ജനുവരി 27ന്‌ പ്രസംഗിച്ചിരുന്നു. മുസ്ലിങ്ങളെ അവഹേളിക്കുന്ന പദമാണ്‌ മിയ. ഫെബ്രുവരി ഏഴിനാണ്‌ ബിജെപിയുടെ അസം ഘടകം മുഖ്യമന്ത്രി മുസ്ലിങ്ങളെ തോക്കുകൊണ്ട്‌ വെടിവെയ്‌ക്കുന്ന എഐ വീഡിയോ ‘തോക്കിൻ മുനയിൽ’ എന്ന തലക്കെട്ടോടെ പോസ്‌റ്റ്‌ ചെയ്‌തത്‌.


ഡൽഹിയിൽ
സിപിഐ എം 
പ്രതിഷേധം

ഹിമന്ത ബിസ്വ സർമയുടെ വർഗീയ വിദ്വേഷ പരാമർശങ്ങൾക്കെതിരെ ഡൽഹിയിൽ സിപിഐ എം നേതൃത്വത്തിൽ വൻ പ്രതിഷേധം. പാർടി ഡൽഹി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ജന്തർ മന്തറിൽ നടന്ന പ്രതിഷേധമാർച്ചിൽ നിരവധിപേർ അണിനിരന്നു.


സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗങ്ങളായ നിലോൽപൽ ബസു, മറിയം ധാവ്‌ളെ, ആർ അരുൺ കുമാർ, കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി, മുതിർന്ന നേതാവ്‌ ബൃന്ദ കാരാട്ട്‌ എന്നിവർ നേതൃത്വം നൽകി. വിദ്വേഷ പരാമർശങ്ങളിലൂടെ ഭരണഘടനയ്‌ക്കുനേരെയാണ്‌ ഹിമന്ത നിറയൊഴിക്കുന്നതെന്ന്‌ ബൃന്ദ പറഞ്ഞു.


മുസ്ലിം ജനവിഭാഗത്തെ ലക്ഷ്യമിട്ട്‌ തുടർച്ചയായി വർഗീയ– വിദ്വേഷ പരാമർശങ്ങൾ നടത്തുന്ന ഹിമന്തയെ അറസ്റ്റ്‌ ചെയ്യണമെന്ന്‌ നേതാക്കൾ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി സ്ഥാനത്ത്‌ തുടരാൻ ഹിമന്ത അർഹനല്ലെന്നും ഉടൻ രാജിവെക്കണം എന്നും ആവശ്യമുയർന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home