പ്രതിഷേധങ്ങളെ പിന്തുണച്ച് സമൂഹമാധ്യമത്തിൽ കുറിപ്പിട്ടു; കശ്മീർ എംപി ആഗ സയ്യിദ് റുഹുല്ല മെഹ്ദിക്കെതിരെ കേസ്

ശ്രീനഗർ: ഇറാന്റെ പരമാധികാര നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ വധത്തെത്തുടർന്ന് താഴ്‌വരയിൽ നടന്ന പ്രതിഷേധങ്ങളെ പിന്തുണച്ചതിന് കശ്മീർ എംപി ആഗ സയ്യിദ് റുഹുല്ല മെഹ്ദിക്കെതിരെ പൊലീസ് കേസെടുത്തു. സമൂഹമാധ്യമങ്ങളിലൂടെ പ്രകോപനപരമായ കുറിപ്പുകൾ പങ്കുവെച്ചെന്നും ജനങ്ങളെ സംഘടിപ്പിക്കാൻ ശ്രമിച്ചെന്നുമാണ് ശ്രീനഗർ പൊലീസ് ആരോപിക്കുന്നത്.
അലി ഖമേനിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടും ഇസ്രയേൽ - യുഎസ് ആക്രമണങ്ങളെ അപലപിച്ചുകൊണ്ടും എംപി നിരന്തരമായി എക്സിൽ പോസ്റ്റുകൾ ഇട്ടിരുന്നു. പ്രതിഷേധം ശക്തമായതിനെത്തുടർന്ന് താഴ്‌വരയിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുകയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിരിക്കുകയാണ്.
ഈ സാഹചര്യത്തിൽ എംപിയുടെ പോസ്റ്റുകൾ ക്രമസമാധാന നില തകർക്കാൻ കാരണമാകുമെന്നാണ് പൊലീസ് പക്ഷം. എന്നാൽ, തന്റെ ജനതയുടെ വികാരത്തിനൊപ്പമാണ് താൻ നിന്നതെന്നും ജനാധിപത്യപരമായി പ്രതിഷേധിക്കാനുള്ള അവകാശത്തിന് വേണ്ടിയാണ് സംസാരിച്ചതെന്നും മെഹ്ദി പ്രതികരിച്ചു.
നാഷണൽ കോൺഫറൻസ് നേതാവായ ഇദ്ദേഹം ശ്രീനഗറിൽ നിന്നുള്ള പാർലമെന്റ് അംഗമാണ്. സംഭവത്തിൽ രാഷ്ട്രീയ പ്രേരിതമായ നീക്കമാണ് നടക്കുന്നതെന്ന് നാഷണൽ കോൺഫറൻസ് കുറ്റപ്പെടുത്തി.










0 comments