45 ലിറ്ററിന്റെ ടാങ്കിൽ 52 ലിറ്റർ പെട്രോൾ! പമ്പ് ജീവനക്കാരുടെ തട്ടിപ്പ് കൈയോടെ പിടികൂടി വാഹനഉടമ

പ്രതീകാത്മക ചിത്രം
കാൺപൂർ: ഉപഭോക്താക്കളെ കൊള്ളയടിക്കുന്ന പെട്രോൾ പമ്പ് മാഫിയയുടെ പുതിയ തട്ടിപ്പ് രീതി ഉത്തർപ്രദേശിലെ കാൺപൂരിൽ ഉടമ കൈയോടെ പിടുകൂടി. 45 ലിറ്റർ മാത്രം സംഭരണശേഷിയുള്ള കാറിന്റെ ഇന്ധന ടാങ്കിൽ 52 ലിറ്റർ പെട്രോൾ അടിച്ചതായി കാണിച്ച് ബില്ല് നൽകിയ പമ്പ് ജീവനക്കാരുടെ തട്ടിപ്പാണ് കാർ ഉടമ കണ്ടെത്തിയത്. സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നതിനെത്തുടർന്ന് ജില്ലാ ഭരണകൂടം ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു.
പുത്തൻ വോക്സ്‌വാഗൻ വിർടസ് കാറുമായി പെട്രോൾ അടിക്കാനെത്തിയ ചരൺ സിംഗ് എന്ന യുവാവാണ് പമ്പുകാരുടെ ആസൂത്രിത കൊള്ളയ്ക്ക് ഇരയായത്. മെഷീനിൽ 41 ലിറ്റർ ഇന്ധനം നിറഞ്ഞതായി കാണിച്ചപ്പോൾ ജീവനക്കാർ പെട്ടെന്ന് പെട്രോൾ അടിക്കുന്നത് നിർത്തി.
ഇതിനെക്കുറിച്ച് ചരൺ സിംഗ് ചോദ്യം ചെയ്തപ്പോൾ, വലിയ അളവിൽ ഇന്ധനം നിറയ്ക്കുമ്പോൾ അത് രണ്ട് ഘട്ടങ്ങളായി മാത്രമേ ചെയ്യാൻ സാധിക്കൂ എന്ന വിചിത്രമായ ന്യായമാണ് ജീവനക്കാർ പറഞ്ഞത്. തുടർന്ന് വീണ്ടും പെട്രോൾ അടിച്ച ശേഷം നൽകിയ ബില്ല് കണ്ട് ചരൺ സിംഗ് ഞെട്ടി.
ആകെ 52 ലിറ്റർ പെട്രോൾ അടിച്ചതായാണ് ബില്ലിൽ രേഖപ്പെടുത്തിയിരുന്നത്. ഒരു കാരണവശാലും 45 ലിറ്ററിലധികം കൊള്ളാത്ത ടാങ്കിൽ ഇത്രയും പെട്രോൾ എങ്ങനെ കയറുമെന്ന് ചോദിച്ച് ഇയാൾ ജീവനക്കാരുമായി തർക്കത്തിലായി. തുടർന്ന് ചരൺ സിംഗ് വോക്സ്‌വാഗൻ കമ്പനിയുടെ ഔദ്യോഗിക പ്രതിനിധിയെ നേരിട്ട് പമ്പിലേക്ക് വിളിച്ചുവരുത്തി. കമ്പനി ഉദ്യോഗസ്ഥൻ ഈ വാഹനത്തിന്റെ ടാങ്ക് ശേഷി ഒരു സാഹചര്യത്തിലും 45 ലിറ്ററിൽ കൂടില്ലെന്ന് രേഖാമൂലം ഉറപ്പാക്കി.
സാങ്കേതിക തെളിവുകൾ പുറത്തുവന്നതോടെ പമ്പ് അധികൃതർക്ക് മറുപടിയില്ലാതായി. യുവാവിന്റെ ഔദ്യോഗിക പരാതിയുടെ അടിസ്ഥാനത്തിൽ, പെട്രോൾ പമ്പിലെ മെഷീനുകളിൽ ചിപ്പുകളോ മറ്റ് സാങ്കേതിക കൃത്രിമങ്ങളോ നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കാൻ അധികൃതർ കർശനമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.










0 comments