54,282 കോടിക്ക് കണക്കില്ല
print edition മോദി സർക്കാരിനെതിരെ സിഎജിയുടെ ഗുരുതര വെളിപ്പെടുത്തൽ


എം അഖിൽ
Published on Apr 20, 2026, 01:11 AM | 1 min read
ന്യൂഡൽഹി: മോദി സർക്കാർ 54,282.32 കോടി രൂപ കണക്കിൽപ്പെടാതെ ചെലവഴിച്ചെന്ന് കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ കണ്ടെത്തി. 15 മന്ത്രാലയങ്ങളും വകുപ്പുകളും ഇത്രയും ഭീമമായ തുക ചെലവിട്ടത് എങ്ങനെയെന്ന് വ്യക്തമാക്കുന്ന വിനിയോഗ സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയിട്ടില്ല. ഇതുൾപ്പെടെ 2024–25ലെ സർക്കാർ അക്കൗണ്ടുകൾ പരിശോധിച്ച് കേന്ദ്രസർക്കാരിന്റെ സാന്പത്തിക വിനിയോഗങ്ങളിലെ ദുരൂഹതകളും സുതാര്യതയില്ലായ്‍മയും അക്കമിട്ടുനിരത്തുന്ന റിപ്പോർട്ട് സിഎജി പാർലമെന്റിന്റെ പരിഗണനയ്‌ക്ക് സമർപ്പിച്ചു.
‘ആകെ 54,282.32 കോടിരൂപയുടെ 33,973 സർട്ടിഫിക്കറ്റുകൾ ഹാജരാക്കാനുണ്ട്. 38,287.52 കോടി മൂന്ന് വർഷങ്ങളിൽ (2021 –22 മുതൽ 2023 –24 വരെ) അനുവദിച്ചതാണ്. ഇതുമായി ബന്ധപ്പെട്ട 13,926 സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയിട്ടില്ല.
പൊതുസാന്പത്തിക ചട്ടങ്ങളിലെ 238(1), (2) വകുപ്പുകളുടെ ലംഘനമാണിത്’–റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
പണമെവിടെ സർക്കാരെ
സർക്കാർ ഫണ്ട് എന്തിനാണോ അനുവദിച്ചത് അതിനുവേണ്ടി തന്നെ വിനിയോഗിച്ചുവെന്ന് ഉറപ്പാക്കാനുള്ള ഏക സംവിധാനമാണ് വിനിയോഗ സർട്ടിഫിക്കറ്റ്. ധനവിനിയോഗത്തിലെ സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പാക്കാൻ ഇത് അത്യാവശ്യമാണ്. സാന്പത്തികവർഷം പൂർത്തിയായി 12 മാസത്തിനകം ഫണ്ട് കൈപ്പറ്റിയ സംഘടനകളും സ്ഥാപനങ്ങളും സർട്ടിഫിക്കറ്റ് സമർപ്പിക്കണം. നിശ്ചിതസമയത്ത് സർട്ടിഫിക്കറ്റ് സമർപ്പിച്ചില്ലെങ്കിൽ വീഴ്‌ച വരുത്തിയ സ്ഥാപനങ്ങളെ കരിന്പട്ടികയിൽപ്പെടുത്തണം.
8,272.91 കോടി രൂപയുടെ വിനിയോഗ സർട്ടിഫിക്കറ്റുകൾ സമർപ്പിക്കാത്ത ഭവന, നഗരകാര്യമന്ത്രാലയം വൻവീഴ്‌ച വരുത്തിയത്. 14,359.26 കോടിയുടെ സർട്ടിഫിക്കറ്റ് സമർപ്പിക്കാത്ത ഉന്നതവിദ്യാഭ്യാസ വകുപ്പ് തൊട്ടുപിന്നിലുണ്ട്. സർക്കാർ കണക്കുകൾ തയ്യാറാക്കിയതിലും വീഴ്‌ചയുണ്ട്. 12,754.47 കോടി രൂപയുടെ കണക്കുകളിൽ തെറ്റായ വർഗീകരണം നടന്നിട്ടുള്ളത് വലിയ ആശയക്കുഴപ്പം സൃഷ്‌ടിച്ചിട്ടുണ്ട്. ലെവി, സെസ് ഇനങ്ങളിൽ പിരിച്ച 9,222 കോടി രൂപ ബന്ധപ്പെട്ട പദ്ധതികൾക്ക് മുഴുവനായും കൈമാറിയിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്.










0 comments