print edition വെളിപ്പെട്ടത് മോദിയുടെ കടുംവെട്ട്


സ്വന്തം ലേഖകൻ
Published on Apr 21, 2026, 12:00 AM | 1 min read
ന്യൂഡൽഹി: കേന്ദ്രസർക്കാർ 2024–25ൽ 54,282 കോടി രൂപ കണക്കില്ലാതെ ചെലവഴിച്ചെന്ന കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ കണ്ടെത്തൽ വെളിപ്പെടുത്തുന്നത് മോദിമന്ത്രിസഭയുടെ കടുംവെട്ട്. മോദി സർക്കാരിന്റെ സാന്പത്തിക അരാജകത്വത്തിന്റെയും ദുരൂഹ ഇടപാടുകളുടെയും ഒരറ്റം മാത്രമാണിതെന്നും പറയുന്നു. സംസ്ഥാനങ്ങളിൽ സാന്പത്തിക കെടുകാര്യസ്ഥതയാണെന്ന് കേന്ദ്ര സർക്കാർ ആക്ഷേപിക്കുന്നതിനിടെയാണ് റിപ്പോർട്ടിലെ ഗുരുതര വെളിപ്പെടുത്തൽ.
2021–22 മുതൽ 2023–24 വരെയുള്ള കാലയളവിൽ അനുവദിച്ച 38,287 കോടി എങ്ങനെ ചെലവിട്ടെന്ന് വ്യക്തമാക്കുന്ന 13,926 വിനിയോഗ സർട്ടിഫിക്കറ്റുകൾ ഹാജരാക്കാൻ കഴിയാത്തത് കേന്ദ്രസർക്കാരിന്റെ വലിയവീഴ്‌ചയാണ്. അനുവദിച്ച കാര്യത്തിന് തന്നെ സർക്കാർ ഫണ്ട് ചെലവഴിച്ചെന്ന് ഉറപ്പിക്കാനുള്ള ആധികാരിക രേഖയാണത്. സർട്ടിഫിക്കറ്റ് ഉടൻ ഹാജരാക്കാനുള്ള നടപടി സ്വീകരിക്കുന്നതായി ചില മന്ത്രാലയങ്ങൾ പ്രതികരിച്ചപ്പോൾ പല മന്ത്രാലയങ്ങളും പ്രതികരിച്ചിട്ടില്ല.
ചില സംസ്ഥാനങ്ങൾ സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ വൈകുന്നത് കൊണ്ടാണ് സിഎജിയുടെ വിമർശം ഏറ്റുവാങ്ങേണ്ടി വന്നതെന്നാണ് കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ടവരുടെ വാദം. വിനിയോഗ സർട്ടിഫിക്കറ്റുകൾ സമർപ്പിക്കാത്ത സംസ്ഥാനങ്ങൾക്കും വകുപ്പുകൾക്കും എതിരെ എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ലെന്ന ചോദ്യത്തിന് മറുപടിയില്ല. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിൽ വലിയ വീഴ്‌ചയാണ് വരുത്തിയത്. മുണ്ടക്കൈ–ചൂരൽമല ദുരന്തമുണ്ടായപ്പോൾ അനുവദിച്ച 75 കോടി രൂപയുടെ വിനിയോഗ സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ വൈകിയതിനാലാണ് തുടർന്നുള്ള ഗഡുക്കൾ നൽകാത്തതെന്ന് കേന്ദ്രസർക്കാർ ലോക്‌സഭയിൽ പ്രതികരിച്ചിരുന്നു.
മോദിസർക്കാരിന് എതിരെ സിഎജി രംഗത്തെത്തുന്നത് ആദ്യമായിട്ടല്ല. പിഎം കൗശൽ വികാസ് യോജനയുമായി ബന്ധപ്പെട്ട് 2016–2022 കാലത്തത് വലിയ ക്രമക്കേടുകൾ നടന്നതായി സിഎജി കണ്ടെത്തിയിരുന്നു. ജിഎസ്‌ടി പിരിവുമായി ബന്ധപ്പെട്ട് 21,695 കോടിയുടെ ക്രമക്കേടും ചൂണ്ടിക്കാണിച്ചു.









0 comments