യാത്രയ്ക്കിടെ വിമാന ജീവനക്കാരിയെ ബലാത്സംഗം ചെയ്തു: കാബ് ഡ്രൈവർ അറസ്റ്റിൽ

ഹൈദരാബാദ്: രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ജോലിക്ക് പോകുകയായിരുന്ന സ്വകാര്യ എയർലൈൻ ക്യാബിൻ ക്രൂ അംഗത്തെ (37) കാറിൽ ബലാത്സംഗം ചെയ്ത സംഭവത്തിൽ കാബ് ഡ്രൈവർ അറസ്റ്റിലായി. രംഗാറെഡ്ഡി ജില്ലക്കാരനായ എറപോഗു പ്രശാന്ത് കുമാർ (23) എന്നയാളെയാണ് പൊലീസ് പിടികൂടിയത്.
ജൂലൈ 20, ഉച്ചയ്ക്ക് ഏകദേശം 2.40 ഓടെയാണ് സംഭവം. ഷംഷാബാദിൽ നിന്ന് എയർലൈൻ കമ്പനി ഏർപ്പെടുത്തിയ ക്യാബിൽ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടതായിരുന്നു യുവതി. എന്നാൽ, ഡ്രൈവർ വാഹനം നിർദ്ദിഷ്ട പാതയിലൂടെ കൊണ്ടുപോകാതെ, വിമാനത്താവളത്തിന് സമീപമുള്ള നിർമ്മാണത്തിലിരിക്കുന്ന വിജനമായ സ്ഥലത്തേക്ക് തിരിച്ചുവിട്ടു. മൂത്രമൊഴിക്കാനെന്ന വ്യാജേന പുറത്തിറങ്ങിയ രണ്ട്-മൂന്ന് മിനിറ്റിനുള്ളിൽ തിരിച്ചെത്തി. കാറിന്റെ പിൻവാതിലിലൂടെ ബലമായി അകത്തുകയറി യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് ഷംഷാബാദ് എസിപി വി. ശ്രീകാന്ത് ഗൗഡ് വിശദമാക്കി.
അതിക്രമത്തെ ചെറുത്ത യുവതി ഒടുവിൽ ഡ്രൈവറെ തള്ളിമാറ്റി കാറിന്റെ വാതിൽ തുറന്ന് പുറത്തേക്ക് ഓടി. സമീപത്തുണ്ടായിരുന്ന തൊഴിലാളിയെ കണ്ട് സഹായത്തിനായി നിലവിളിച്ചതോടെ പ്രതി വണ്ടിയുമായി സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. തുടർന്ന് രാജീവ് ഗാന്ധി ഇന്റർനാഷണൽ എയർപോർട്ട് പൊലീസ് ഔട്ട്പോസ്റ്റിലെത്തി പരാതി നൽകി.
ബലാത്സംഗം, അതിക്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തി പൊലീസ് കേസ് എടുത്തു. ജൂലൈ 21-ന് പ്രതിയെ പിടികൂടി. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച പ്രതിയെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി. ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
വിമാനത്താവളത്തിലേക്ക് ജീവനക്കാരെ എത്തിക്കാൻ എയർലൈൻ കമ്പനി കരാറിലേർപ്പെട്ട പ്രാദേശിക ഗതാഗത ഏജൻസിയുടേതായിരുന്നു വാഹനം. സംഭവത്തിന് പിന്നാലെ, വനിതാ ജീവനക്കാരുടെ യാത്രാ സുരക്ഷാ പ്രോട്ടോക്കോളുകൾ പൂർണ്ണമായി പുനഃപരിശോധിക്കാൻ പോലീസ് എയർലൈൻ മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടു.










0 comments