ഉഷ്ണതരംഗം കടുക്കുന്നു: രാജ്യത്തെ വൈദ്യുതി ആവശ്യകതയിൽ വീണ്ടും സർവ്വകാല റെക്കോർഡ്

ന്യൂഡൽഹി: രാജ്യത്തിന്റെ വലിയൊരു ഭാഗവും കടുത്ത ഉഷ്ണതരംഗത്തിൽ വെന്തുരുകുമ്പോൾ, ഇന്ത്യയിലെ വൈദ്യുതി ആവശ്യകത തുടർച്ചയായ നാലാം ദിവസവും സർവ്വകാല റെക്കോർഡുകൾ ഭേദിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം രാജ്യത്തെ പരമാവധി വൈദ്യുതി ആവശ്യകത 270.82 ജിഗാവാട്ട് (GW) ആയി ഉയർന്നതായി കേന്ദ്ര ഊർജ്ജ മന്ത്രാലയം അറിയിച്ചു.
ഈ വേനൽക്കാലത്ത് രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്. പ്രതിസന്ധി ഒഴിവാക്കാൻ പീക്ക് അവറുകളിൽ വൈദ്യുതി വിവേകപൂർവ്വം ഉപയോഗിക്കാൻ മന്ത്രാലയം ജനങ്ങളോട് അഭ്യർത്ഥിച്ചു. ഉഷ്ണതരംഗം കടുത്തതോടെ രാജ്യത്തുടനീളം എയർ കണ്ടീഷണറുകൾ, എയർ കൂളറുകൾ, ഫാനുകൾ എന്നിവയുടെ ഉപയോഗം വൻതോതിൽ വർദ്ധിച്ചതാണ് വൈദ്യുതി ഉപഭോഗം കുതിച്ചുയരാൻ കാരണം.
തിങ്കളാഴ്ച 257.37 ജിഗാവാട്ട് രേഖപ്പെടുത്തിയ ഉപഭോഗം ചൊവ്വാഴ്ച 260.45 ജിഗാവാട്ടായും ബുധനാഴ്ച 265.44 ജിഗാവാട്ടായും ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് 3:45 ഓടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 270.82 ജിഗാവാട്ടിലേക്ക് ആവശ്യകത എത്തിയത്.
വേനൽക്കാലത്ത് പരമാവധി 270 ജിഗാവാട്ട് വരെ ആവശ്യകത ഉണ്ടായേക്കാമെന്നായിരുന്നു ഊർജ്ജ മന്ത്രാലയത്തിന്റെ മുൻ കണക്കുകൂട്ടൽ. എന്നാൽ മെയ് പകുതിയോടെ തന്നെ ഈ പ്രവചനം മറികടക്കപ്പെട്ടു. തലസ്ഥാന നഗരമായ ഡൽഹിയിലും വൈദ്യുതി ആവശ്യകത ഈ സീസണിലെ ഏറ്റവും ഉയർന്ന നിരക്കായ 8,231 മെഗാവാട്ടിൽ എത്തിയിട്ടുണ്ട്.
നിലവിൽ രാജ്യത്തെ താപവൈദ്യുതി നിലയങ്ങളാണ് ഈ പ്രതിസന്ധിയിൽ പ്രധാന പങ്കുവഹിക്കുന്നത്. ആകെ ആവശ്യകതയുടെ 62.8 ശതമാനവും താപവൈദ്യുതി വഴിയാണ് ലഭ്യമാക്കുന്നത്. സൗരോർജ്ജം 22 ശതമാനവും, ജലവൈദ്യുതി 5.8 ശതമാനവും, കാറ്റിൽ നിന്നുള്ള വൈദ്യുതി 5 ശതമാനവും വിഹിതം നൽകുന്നു.
നിലവിൽ താപവൈദ്യുതി നിലയങ്ങളിൽ ആവശ്യത്തിന് കൽക്കരി ശേഖരമുണ്ടെന്നും വിതരണം കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. വരും ദിവസങ്ങളിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ താപനില 45 ഡിഗ്രി സെൽഷ്യസിനു മുകളിൽ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇത് വൈദ്യുതി ശൃംഖലകൾക്ക് മേൽ കൂടുതൽ സമ്മർദ്ദമുണ്ടാക്കുമെന്നതിനാൽ അനാവശ്യമായ വൈദ്യുതി ഉപയോഗം ഒഴിവാക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു










0 comments