print edition രാജസ്ഥാനിൽ ബുൾഡോസർ രാജ്: മസ്ജിദുകൾ കൂട്ടത്തോടെ പൊളിക്കുന്നു


സ്വന്തം ലേഖകൻ
Published on Jul 06, 2026, 12:01 AM | 1 min read
ന്യൂഡൽഹി: ബിജെപി ഭരിക്കുന്ന രാജസ്ഥാനിലെ ബാർമെറിലെയും ബിക്കാനെറിലെയും അന്താരാഷ്ട്ര അതിർത്തിഗ്രാമങ്ങളിലെ മസ്ജിദുകളും മറ്റ് മുസ്ലിം ആരാധനാലയങ്ങളും കൂട്ടത്തോടെ ഇടിച്ചുപൊളിച്ചു. കഴിഞ്ഞ 18നും 20നുമിടയിൽ അന്താരാഷ്ട്ര അതിർത്തിയുടെ 15 കിലോമീറ്റർ ചുറ്റളവിലുള്ള ഗ്രാമങ്ങളിലെ 12 പള്ളികൾ പൊളിച്ചതായി രാജസ്ഥാൻ ഹൈക്കോടതിയിൽ പ്രദേശവാസികൾ സമർപ്പിച്ച ഹർജിയിൽ പറയുന്നു. ചൊവ്വാഴ്‌ച്ച ഹർജികൾ ഹൈക്കോടതി പരിഗണിക്കാനിരിക്കെ ‘ബുൾഡോസർ രാജ്’ തുടരുന്നതിൽ പ്രദേശവാസികളിൽ പ്രതിഷേധം ശക്തമായി.
അനധികൃത കെട്ടിടങ്ങളും നിർമാണങ്ങളും ഒഴിവാക്കാനെന്നപേരിൽ നടപ്പാക്കുന്ന ഓപറേഷൻ സ്വീപ്പ് പ്രകാരമാണ് നടപടിയെന്നാണ് അധികൃതരുടെ വിശദീകരണം. അന്താരാഷ്ട്ര അതിർത്തിയോട് ചേർന്നുള്ള ‘അനധികൃത നിർമാണങ്ങൾ’ എത്രയും വേഗം ഇടിച്ചുനിരത്തണമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദേശവും ഇടിച്ചുനിരത്തലിന് ആക്കംകൂട്ടി. പൊളിക്കലുകൾക്ക് തൊട്ടുമുന്പാണ് തങ്ങൾക്ക് നോട്ടീസ് ലഭിച്ചതെന്നും മറുപടി നൽകാനുള്ള സാവകാശംനൽകിയില്ലെന്നും പ്രദേശവാസികൾ പറഞ്ഞു. ആരാധനാലയങ്ങൾ ഇടിച്ചുനിരത്തുന്നതിനെതിരെ വിവിധ മതവിഭാഗങ്ങൾ ഒറ്റക്കെട്ടായാണ് പ്രതിഷേധിക്കുന്നത്. ‘സർവ മതശാന്തി സഭ’ യുടെ ആഭിമുഖ്യത്തിൽ പ്രതിഷേധമാർച്ചുകളും നിവേദനങ്ങൾ സമർപ്പിക്കലും സംഘടിപ്പിച്ചു. ‘മുസ്ലിം സഹോദരർക്കൊപ്പമാണ്. ഭക്ഷണമുണ്ടാക്കുന്നതുപോലും നിർത്തിയതോടെ ഞങ്ങളാണ് അവർക്ക് വേണ്ട ഭക്ഷണം തയ്യാറാക്കുന്നത്’– നാട്ടുകാരനായ ഹർലാ റാം മേഘ്‌വാൾ ദേശീയ മാധ്യമത്തോട് പ്രതികരിച്ചു.
നാല് അതിർത്തിജില്ലകളിലെ ഏകദേശം 350 ഓളം പള്ളികൾക്കും ആരാധനാലയങ്ങൾക്കും മതസ്ഥാപനങ്ങൾക്കും പൊളിക്കൽനോട്ടീസുകൾ നൽകിയിട്ടുണ്ടെന്ന് അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്‌സ് (എപിസിആർ) ചൂണ്ടിക്കാട്ടി. മസ്ജിദുകൾ ഏകപക്ഷീയമായി പൊളിക്കുന്നതിൽ ബാർമറിലെ പരാഡിയ പഞ്ചായത്ത് പ്രസിഡന്റ് സോർട്ടാ റാം മേഘ്‌വാളും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ‘നിയമം പാലിക്കാതെയുള്ള ഇത്തരം നടപടികൾ കോടതികളെ മറികടക്കുന്നതിന് തുല്യമാണ്. തെരഞ്ഞുപിടിച്ചുള്ള ഇത്തരം നടപടികൾ അംഗീകരിക്കാനാകില്ല’– അദ്ദേഹം പറഞ്ഞു.











0 comments