ad
Deshabhimani

ഡൽഹിയിൽ ബുൾഡോസർ രാജ് തുടർന്ന് ബിജെപി; ഷാലിമാർ ബാ​ഗിൽ കെട്ടിടങ്ങൾ പൊളിച്ചു

delhi Bulldozer Raj

ഡൽഹി ഷാലിമാർ ബാഗിൽ കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നു. ഫോട്ടോ: പി വി സുജിത്

വെബ് ഡെസ്ക്

Published on May 31, 2026, 02:40 PM | 1 min read

ന്യൂഡൽഹി : ഡൽഹിയിൽ ബുൾഡോസർ രാജ് തുടർക്കഥയാക്കി ബിജെപി സർക്കാർ. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ഷാലിമാർ ബാഗിൽ ഞായറാഴ്ച കെട്ടിടങ്ങൾ പൊളിച്ചു. കയ്യേറ്റങ്ങൾ നീക്കം ചെയ്യാനെന്ന പേരിലാണ് കെട്ടിടങ്ങൾ പൊളിച്ചത്. പുലർച്ചെ 4 ഓടെ കനത്ത പൊലീസിനെയും അർധസൈനിക വിഭാഗത്തെയും വിന്യസിച്ചാണ് നടപടികൾ ആരംഭിച്ചത്.


നിരവധി ജില്ലകളിൽ നിന്നുള്ള ഡിസിപി, എസിപി, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ സംഭവസ്ഥലത്തുണ്ട്. റോഡ് വീതി കൂട്ടൽ പദ്ധതിയുടെ ഭാഗമായി 150 ഓളം കെട്ടിടങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു. പൊളിക്കൽ ആരംഭിച്ചതോടെ പ്രദേശം മുഴുവൻ അതീവ സുരക്ഷാ മേഖലയാക്കി മാറ്റി. നോട്ടീസ് കാലാവധി അവസാനിച്ചതിന് ശേഷമാണ് പൊളിക്കൽ ആരംഭിച്ചതെന്നാണ് പൊലീസ് പറയുന്നത്. 1980-ൽ ഏറ്റെടുത്ത ഭൂമിയാണിതെന്നും കയ്യേറ്റക്കാരെ ഒഴിപ്പിച്ചാണ് പൊളിക്കൽ നടത്തുന്നതെന്നുമാണ് പൊലീസ് പറയുന്നത്. സർക്കാരിന്റെ നടപടിക്കെതിരെ പ്രദേശവാസികൾ ഡൽഹി ഹൈക്കോടതിയേയും സുപ്രീംകോടതിയേയും സമീപിച്ചിരുന്നു.


സമാനമായി തലസ്ഥാന ന​ഗരിയിൽ നിരവധി കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയിരുന്നു. ഈ വർഷം ആദ്യം തുർക്ക്‌മാൻ ഗേറ്റിൽ രാംലീല മൈതാനത്തിന്‌ അടുത്തുള്ള നൂറ്റാണ്ട്‌ പഴക്കമുള്ള ഫായ്‌സ്‌–ഇ–ഇലാഹി മസ്‌ജിദിന്‌ സമീപമുള്ള കെട്ടിടങ്ങൾ ബുൾഡോസറുകൾകൊണ്ട്‌ പൊളിച്ചുമാറ്റിയിരുന്നു. പൊളിക്കലിനെതിരെ മസ്‌ജിദ്‌ ഭരണസമിതി നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയായിരുന്നു ഇടിച്ചുനിരത്തൽ. ഇതേ പ്രദേശത്ത്‌ 1976 ഏപ്രിലിൽ അടിയന്തരാവസ്ഥക്കാലത്ത്‌ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ മകനും കോൺഗ്രസ്‌ നേതാവുമായ സഞ്‌ജയ്‌ ഗാന്ധിയുടെ നേതൃത്വത്തിൽ നഗരനവീകരണമെന്ന പേരിൽ മുസ്‌ലിങ്ങളുടെ ചേരികൾ ഇടിച്ചുനിരത്തുകയും ചെറുത്തുനിന്ന നൂറോളം പേരെ വെടിവച്ചു കൊല്ലുകയും ചെയ്‌തിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home