ad
Deshabhimani

ബുഡ്ഗാം ഉപതെരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങി, നാഷണൽ കോൺഫറൻസിന് ആദ്യ പരീക്ഷണം

Omar
വെബ് ഡെസ്ക്

Published on Oct 21, 2025, 05:03 PM | 2 min read

ശ്രീനഗർ: ജമ്മു കശ്മീരിലെ ബുഡ്ഗാം, നഗ്രോട്ട നിയമസഭാ മണ്ഡലങ്ങളിലേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി തിങ്കളാഴ്ച അവസാനിച്ചതോടെ ആകെ 33 സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചു.


ഉപതെരഞ്ഞെടുപ്പ് അധികാരത്തിലുള്ള നാഷണൽ കോൺഫറൻസിന് രാഷ്ട്രീയ പരീക്ഷയാവുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ആഴ്ച ഭരണത്തിന്റെ ഒന്നാം വാർഷികം പൂർത്തിയാക്കിയ പാർട്ടിയുടെ പ്രകടനം ഇവിടെ വോട്ടർമാർ വിലയിരുത്തുകയാണ്.


നവംബർ 11-ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ ഔദ്യോഗിക കണക്കുകൾ പ്രകാരം രണ്ട് മണ്ഡലങ്ങളിലുമായി 33 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. വോട്ടെണ്ണൽ നവംബർ 14-ന് നടക്കും.


ബുഡ്ഗാമിൽ നാഷണൽ കോൺഫറൻസ് മുൻ നിയമസഭാംഗം സയ്യിദ് ആഗ മഹ്മൂദിനെ സ്ഥാനാർത്ഥിയാക്കി. മുഖ്യമന്ത്രി ഒമർ അബ്ദുല്ല, ഉപദേഷ്ടാവ് നാസിർ അസ്ലം വാണി എന്നിവർക്കൊപ്പം മഹ്മൂദ് നാമനിർദേശം സമർപ്പിച്ചു.


പിഡിപി ഇവിടെ ആഗ സയ്യിദ് മുൻതാസിർ മെഹ്ദിയെ സ്ഥാനാർത്ഥിയായി നാമനിർദ്ദേശം ചെയ്തു. ഇരുവരും ബുഡ്ഗാമിലെ പ്രശസ്തമായ ആഗ രാജവംശത്തിൽ പെട്ടവരാണ്.


1977 മുതൽ നാഷണൽ കോൺഫറൻസിന്റെ ശക്തികേന്ദ്രമാണ് ബുഡ്ഗാം. എന്നാൽ മൂന്ന് തവണ ബുഡ്ഗാം നിയമസഭാംഗമായിരുന്ന മുതിർന്ന നാഷണൽ കോൺഫറൻസ് നേതാവ് സയ്യിദ് ആഗ റുഹുള്ള പാർട്ടിക്കായി പ്രചാരണം നടത്തില്ലെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തിയത് രംഗം കലക്കി. ഇപ്പോൾ ശ്രീനഗർ ലോക്സഭാംഗമായിട്ടുള്ള റുഹുള്ള ഒമർ അബ്ദുല്ലയുടെ നേതൃത്വത്തിലുള്ള കേന്ദ്രഭരണപ്രദേശത്തിലെ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു.


റുഹുള്ളയുടെ പിന്തുണയോടെയാണ് ഒമർ അബ്ദുല്ല ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിൽ ബുഡ്ഗാമിൽ നിന്നു മത്സരിച്ചിരുന്നത്. പരമ്പരാഗത മണ്ഡലമായ ഗാന്ദർബൽ അപകടസാധ്യതയുള്ളതായി കരുതിയതിനാലാണ് അബ്ദുല്ല രണ്ട് മണ്ഡലങ്ങളിൽ നിന്ന് മത്സരിച്ചത്.


ഒമർ അബ്ദുല്ല ബുഡ്ഗാമിൽ വിജയിച്ചു എങ്കിലും റുഹുള്ളയും പാർട്ടിയും തമ്മിലുള്ള ബന്ധം തുടർന്ന് വഷളായി. അദ്ദേഹം രണ്ട് മണ്ഡലങ്ങളിൽ ഒന്നിൽ സ്ഥാനം ഒഴിഞ്ഞതോടെയാണ് ഉപതെരഞ്ഞെടുപ്പ് വന്നത്.


കഴിഞ്ഞ ഒക്ടോബറിൽ സർക്കാർ രൂപീകരിച്ചതിന് ശേഷം റുഹുള്ള പാർട്ടിയുടെ പ്രവർത്തനരീതിയെ വിമർശിച്ചതോടെ അദ്ദേഹം പാർട്ടിക്കുള്ളിൽ ഒറ്റപ്പെട്ടു. റുഹുള്ളയുടെ പിതാവിന്റെ മാമനായ സയ്യിദ് ആഗ മഹ്മൂദിനെ സ്ഥാനാർത്ഥിയാക്കുന്നതിനു മുമ്പ് റുഹുള്ളയുമായി ആലോചിച്ചില്ലെന്നതും വിടവ് വർധിപ്പിച്ചു. പാർട്ടിക്ക് ബുഡ്ഗാമിൽ സ്വന്തം വോട്ട്‌ബാങ്ക് ഉണ്ടെന്ന് വ്യക്തമാക്കി  എതിർപ്പിനെ പരസ്യമായി നേരിട്ടു.


ബുഡ്ഗാം സീറ്റിൽ നാഷണൽ കോൺഫറൻസ് നോമിനി ആഗ സയ്യിദ് മെഹ്മൂദ്, പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ആഗ മുൻതാസിർ മെഹ്ദി, ഭാരതീയ ജനതാ പാർട്ടിയുടെ ആഗ സയ്യിദ് മൊഹ്‌സിൻ, സ്വതന്ത്ര സ്ഥാനാർത്ഥികളായ നസീർ അഹമ്മദ് ഖാൻ, മുൻതാസിർ മൊഹിയുദ്ദീൻ, ജിബ്രാൻ ദാർ, ആം ആദ്മി പാർട്ടിയുടെ ദീബ ഖാൻ എന്നിവർ നാമനിർദ്ദേശ പത്രിക സമർപ്പിച്ച 20 പേരിൽ ഉൾപ്പെടുന്നു.


നഗ്രോട്ട സീറ്റിലേക്ക് ബിജെപിയുടെ ദേവയാനി റാണ, പാന്തേഴ്‌സ് പാർട്ടിയുടെ ഹർഷ്‌ദേവ് സിംഗ്, നാഷണൽ കോൺഫറൻസിന്റെ ഷമിം ബീഗം എന്നിവരുൾപ്പെടെ 13 സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചിട്ടുണ്ട്.


2024 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരട്ട വിജയത്തെത്തുടർന്ന് തന്റെ പരമ്പരാഗത ശക്തികേന്ദ്രമായ ഗണ്ടർബാൽ നിലനിർത്താൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ബുഡ്ഗാം സീറ്റ് ഒഴിഞ്ഞതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് അനിവാര്യമായത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ബിജെപി നേതാവ് ദേവീന്ദർ സിംഗ് റാണയുടെ മരണത്തെത്തുടർന്ന് നഗ്രോട്ട സീറ്റ് ഒഴിവു വന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home