ഇന്ത്യയിലേക്കുള്ള സർവീസുകൾ വർധിപ്പിക്കാൻ ബ്രിട്ടീഷ് എയർവേസ്; യാത്രാദുരിതത്തിന് പരിഹാരം

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് ഗൾഫ് രാജ്യങ്ങൾ വഴിയുള്ള വിമാനയാത്രകളിൽ നിയന്ത്രണം വന്നതോടെ ഇന്ത്യയിലേക്കുള്ള സർവീസുകൾ വർധിപ്പിക്കാൻ ബ്രിട്ടീഷ് എയർവേസ് തീരുമാനിച്ചു. വേനൽക്കാല അവധി കണക്കിലെടുത്ത് ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ നിന്ന് ലണ്ടനിലേക്കും തിരിച്ചും കൂടുതൽ സർവീസുകൾ ഏർപ്പെടുത്തും.
ഇതോടെ ബ്രിട്ടീഷ് എയർവേസ് ഇന്ത്യയിൽ നിന്ന് ആഴ്ചയിൽ നടത്തുന്ന സർവീസുകളുടെ എണ്ണം 70 ആയി ഉയരും. ഗൾഫ് മേഖലയിലെ വ്യോമപാതകളിൽ നേരിടുന്ന തടസ്സങ്ങൾ കാരണം നേരിട്ടുള്ള വിമാനയാത്രകൾക്ക് ഡിമാൻഡ് വർധിച്ചതാണ് ഈ പുതിയ നീക്കത്തിന് പിന്നിൽ. ജൂൺ 1 മുതൽ ഒക്ടോബർ 24 വരെ ബംഗളുരുവിൽ നിന്ന് ലണ്ടനിലേക്ക് പ്രതിദിനം രണ്ട് സർവീസുകൾ ഉണ്ടാകും.
നിലവിലുള്ള ഒന്നിന് പുറമെയാണ് പുതിയ സർവീസ്. ഏപ്രിൽ 7 മുതൽ മെയ് 31 വരെ ഡൽഹിയിൽ നിന്ന് ലണ്ടനിലേക്ക് പ്രതിദിനം മൂന്ന് സർവീസുകൾ നടത്തും. ജൂൺ 1 മുതൽ കൂടുതൽ സീറ്റുകളുള്ള വലിയ എയർബസ് എ350 വിമാനങ്ങൾ ഈ റൂട്ടിൽ സർവീസ് തുടങ്ങും. മെയ് 15 മുതൽ മെയ് 31 വരെ മുംബൈയിൽ നിന്ന് ലണ്ടനിലേക്ക് പ്രതിദിനം മൂന്ന് സർവീസുകളായി വർധിപ്പിക്കും.
ഗൾഫ് വിമാനക്കമ്പനികൾ സർവീസുകൾ കുറച്ചതോടെ പ്രതിസന്ധിയിലായ ഇന്ത്യ–യൂറോപ്പ് യാത്രക്കാർക്ക് ബ്രിട്ടീഷ് എയർവേസിന്റെ ഈ തീരുമാനം വലിയ ആശ്വാസമാകും. ആഴ്ചയിൽ അധികമായി 7,000-ത്തോളം സീറ്റുകളാണ് ഇതിലൂടെ ലഭ്യമാകുക. പശ്ചിമേഷ്യൻ സാഹചര്യങ്ങൾ വിലയിരുത്തിക്കൊണ്ട് താൽക്കാലികമായാണ് ഈ ക്രമീകരണമെങ്കിലും യാത്രക്കാരുടെ എണ്ണത്തിലെ വർധനവ് പരിഗണിച്ച് സർവീസുകൾ സ്ഥിരമാക്കാനും സാധ്യതയുണ്ട്.










0 comments