print edition അയോധ്യ ക്ഷേത്രട്രസ്റ്റിന് വിവരാവകാശ നിയമം ബാധകമാക്കണം: ബ്രിട്ടാസ്


സ്വന്തം ലേഖകൻ
Published on Jul 06, 2026, 12:00 AM | 1 min read
ന്യൂഡൽഹി: പൊതുജനവിശ്വാസ്യത ഉറപ്പാക്കാൻ ശ്രീ രാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റിന് വിവരാവകാശനിയമം ബാധകമാക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം രാജ്യസഭാനേതാവ് ജോൺ ബ്രിട്ടാസ് ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് കത്തുനൽകി. പാർലമെന്റ് പാസാക്കിയ നിയമവും സർക്കാർ വിജ്ഞാപനവും മുഖേന ഏറ്റെടുത്ത ഭൂമിയിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രത്തിന് ഇന്ത്യയ്‌ക്കകത്തുനിന്നും പുറത്തുനിന്നുള്ള ലക്ഷക്കണക്കിന് വിശ്വാസികൾ സംഭാവനനൽകുന്നുണ്ട്. വലിയ പൊതുജനവിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ ഭരണം, സാന്പത്തിക നിയന്ത്രണം, കരാറുകൾ നൽകൽ, സംഭാവനത്തുക വിനിയോഗിക്കൽ തുടങ്ങിയ കാര്യങ്ങളിലെല്ലാം സുതാര്യത അനിവാര്യമാണ്.
ഭരണപരമായ വിഷയങ്ങളിൽ സുതാര്യത ഉറപ്പാക്കുന്നത് മതപരമായ സ്വാതന്ത്രത്തെ ബാധിക്കില്ലെന്ന കാര്യം ഉറപ്പാണ്. സർക്കാർ നടപടികളുടെ ഭാഗമായി നിലവിൽ വന്ന ‘ശ്രീ മാതാ വൈഷ്‌ണോദേവി ബോർഡ്’ ഉൾപ്പടെയുള്ള സ്ഥാപനങ്ങൾ മതപരമായ കാര്യങ്ങളിൽ പൂർണ സ്വയംഭരണ അവകാശങ്ങൾ നിലനിർത്തിക്കൊണ്ടുതന്നെ സാന്പത്തികവിഷയങ്ങളിൽ സുതാര്യത പുലർത്തുന്നുണ്ട്– കത്തില്‍ ചൂണ്ടിക്കാട്ടി.
‘സർക്കാർ വിജ്ഞാപനത്തിന്റെയോ ഉത്തരവിന്റെയോ അടിസ്ഥാനത്തിൽ രൂപീകൃതമായ സംവിധാനം അല്ലാത്തതിനാൽ രാമക്ഷേത്ര ട്രസ്‌റ്റിന് വിവരാവകാശ നിയമം ബാധകമല്ലെന്ന’ നിലപാടാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റേത്. എന്നാൽ വിവരാവകാശ നിയമത്തിലെ 2 (എച്ച്) (ഡി) വകുപ്പ്, സുപ്രീംകോടതി ഉത്തരവുകൾ തുടങ്ങിയവയുടെ വെളിച്ചത്തിൽ പരിശോധിച്ചാൽ ഇൗ നിലപാട് തെറ്റാണെന്ന് വ്യക്തമാകും. ഇൗ സാഹചര്യത്തിൽ രാമക്ഷേത്ര ട്രസ്റ്റിന് വിവരാവകാശനിയമം ബാധകമല്ലെന്ന മുൻനിലപാട് കേന്ദ്രസർക്കാർ അടിയന്തിരമായി പുനഃപരിശോധിക്കണമെന്നും ജോൺ ബ്രിട്ടാസ് ആവശ്യപ്പെട്ടു.











0 comments