'മോദി ട്രംപിന്റെ പാവ': പശ്ചിമേഷ്യൻ വിഷയത്തിൽ പ്രധാനമന്ത്രിയുടെ മൗനം കീഴടങ്ങലെന്ന് ബൃന്ദാ കാരാട്ട്

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ അമേരിക്കയും ഇസ്രയേലും ചേർന്ന് നടത്തുന്ന നരനായാട്ടിനെതിരെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പുലർത്തുന്ന മൗനം കുറ്റകരമാണെന്ന് സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. മോദി ട്രംപിന്റെ വെറുമൊരു പാവയായി മാറിയിരിക്കുകയാണെന്നും അമേരിക്കൻ പ്രസിഡന്റിന്റെ വാക്കുകൾ മോദി ആവർത്തിക്കുകയാണെന്നും അവർ കുറ്റപ്പെടുത്തി.
ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇടതുപക്ഷ സംഘടനകൾ ഡൽഹിയിൽ നടത്തിയ പ്രതിഷേധ സംഗമത്തിൽ സംസാരിക്കുകയായിരുന്നു ബൃന്ദാ കാരാട്ട്. പശ്ചിമേഷ്യയിൽ പിഞ്ചുകുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ളവരുടെ കൂട്ടക്കുരുതി നടക്കുമ്പോൾ അതിനെതിരെ ഒരു വാക്ക് പോലും സംസാരിക്കാൻ മോദി തയ്യാറാകുന്നില്ല.
ഒരു രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റത്തെ അപലപിക്കാൻ തയ്യാറാകാത്തത് ഇന്ത്യയുടെ വിദേശനയത്തിന്റെ തകർച്ചയാണെന്നും അവർ പറഞ്ഞു. ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടെ സംഘപരിവാർ പ്രവർത്തകർ മനപ്പൂർവ്വം സംഘർഷമുണ്ടാക്കാൻ ശ്രമിച്ചതായും ആരോപണമുണ്ട്.
ജയ് ശ്രീറാം മുദ്രാവാക്യങ്ങളുമായി എത്തിയ മോദി അനുകൂലികൾ പ്രതിഷേധക്കാരെ പ്രകോപിപ്പിക്കുകയായിരുന്നു. അനാവശ്യ സംഘർഷം സൃഷ്ടിച്ച് സമാധാനപരമായ പ്രതിഷേധത്തെ തകർക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നതെന്ന് ഇടതുപക്ഷ നേതാക്കൾ പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും കേരളത്തിലും ഇസ്രയേൽ - അമേരിക്കൻ കടന്നുകയറ്റത്തിനെതിരെ സിപിഐ എം പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു വരികയാണ്.










0 comments