വിവാഹവേദിയിൽ വധുവിന് വെടിയേറ്റു; പ്രണയപ്പകയെന്ന് പൊലീസ്

വധു ആരതികുമാരിയും ഭര്‍ത്താവും വിവാഹ ചടങ്ങിനിടെ
പാട്ന: ബീഹാറിലെ ബക്സറിൽ വിവാഹാഘോഷങ്ങൾക്കിടെ വധുവിന് വെടിയേറ്റു. അയൽവാസിയായ ദീനബന്ധു എന്നയാളാണ് ആരതി കുമാരിയെ (18) ആക്രമിച്ചത്. വരനോടൊപ്പം സ്റ്റേജിൽ നിൽക്കുകയായിരുന്നു ആരതി. സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചുറ്റുമുണ്ടായിരുന്നു. ഇതിനിടെയാണ് സ്റ്റേജിന് മുന്നിൽ കൂടിയിരുന്ന അതിഥികൾക്കിടയിൽ നിന്ന് ദീനബന്ധു ആരതിക്ക് നേരെ വെടിയുതിർത്തത്. പ്രണയപ്പകയാണ് പ്രകോപന കാരണമെന്ന് പൊലീസ് പറഞ്ഞു.
ചൊവ്വാഴ്ച രാത്രി 11നാണ് സംഭവം. വിവാഹ ചടങ്ങുകളുടെ ഭാഗമായി വധുവിന്റെ സഹോദരി വരന്റെ നെറ്റിയിൽ കുങ്കുമം ചാർത്തുന്ന ചടങ്ങ് നടക്കുമ്പോഴാണ് അക്രമി വെടിവെച്ചത്. ആരതിയുടെ വയറിലാണ് വെടിയേറ്റത്. ആരതിയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. യുവതി അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.
പ്രതിയായ ദീനബന്ധു ഒളിവിലാണ്. ഇയാളുടെ മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു. പ്രതി, മുൻപ് മദ്യക്കടത്ത് കേസിൽ ജയിലിൽ കിടന്നിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.










0 comments