ad
Deshabhimani

വിവാഹ ചടങ്ങിനിടെ വരൻ കുഴഞ്ഞുവീണു; വിവാഹത്തിൽ നിന്ന് വധു പിന്മാറി

Marriage

പ്രതീകാത്മക ചിത്രം, എഐ നിര്‍മിതം

വെബ് ഡെസ്ക്

Published on May 11, 2026, 08:35 PM | 1 min read

ലഖ്നൗ: വിവാഹ ചടങ്ങുകൾക്കിടെ വരൻ കുഴഞ്ഞു വീണതിനെ തുടർന്ന് വധു വിവാഹത്തിൽ നിന്ന് പിന്മാറി. ഉത്തർപ്രദേശിലെ ഇറ്റാ ജില്ലയിലെ സാകിത് മേഖലയിലാണ് സംഭവം. വരന്റെ ആരോ​ഗ്യസ്ഥിതിയെ കുറിച്ചുള്ള വിവരം മറച്ചുവെച്ച് വിവാ​ഹം നടത്താൻ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് വിവാഹം വേണ്ടെന്ന നിലപാട് വധു സ്വീകരിച്ചത്. ചടങ്ങളുടെ ഭാ​ഗമായി പീഠത്തിൽ ഇരിക്കാനുള്ള ശ്രമത്തിനിടെ ബാലൻസ് തെറ്റുകയും മറിഞ്ഞ് വീഴുകയുമായിരുന്നു.


ഉടനടി വരന്റെ ബന്ധുക്കൾ ഓടിയെത്തി വെള്ളം നൽകി എഴുന്നേൽപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തി. ഡോക്ടറെ വിളിക്കാനും ആവശ്യപ്പെട്ടു. വിവാഹ ചടങ്ങിനിടെയുണ്ടായ ഉത്കണഠയിൽ അസ്വസ്ഥത അനുഭവപ്പെട്ടതാകാമെന്ന നി​ഗമനത്തിലായിരുന്നു കുടുംബം. എന്നാൽ വരന്റെ ആരോ​ഗ്യ നില മറച്ചുവെച്ചാണ് വിവാ​ഹത്തിന് തയ്യാറെടുത്തതെന്ന് ആരോപിച്ച് വധു രം​ഗത്ത് വന്നു. ഇതോടെയാണ് വരന്റെയും വധുവിന്റെയും കുടുംബം തർക്കത്തിലേർപ്പെട്ടത്. വാക്കു തർക്കം രാത്രി വരെ നീണ്ടു.


മുതിർന്നവരും ബന്ധുക്കളും ചേർന്ന് ഒത്തുതീർപ്പിന് ശ്രമം നടത്തിയെങ്കിലും ശ്രമങ്ങൾ പരാജയപ്പെട്ടു. വരന്റെ മെഡിക്കൽ റിപ്പോർട്ട് ഹാജരാക്കിയാൽ മാത്രമേ വിവാഹം നടക്കൂവെന്ന് വധു തന്റെ തീരുമാനം അറിയിച്ചു. തർക്കം രൂക്ഷമായതോടെ വധുവിന്റെ വീട്ടുകാർ പൊലീസിനെ സമീപിച്ചു. ചർച്ചകൾ നടത്തിയെങ്കിലും വിവാഹം വേണ്ട എന്ന നിലപാട് വധുവും കുടുംബവും സ്വീകരിക്കുകയായിരുന്നു. ഇരുവിഭാഗത്തുനിന്നും രേഖാമൂലമുള്ള പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home