ബ്രിക്സ് ഉച്ചകോടി: രാജധാനിയും വന്ദേ ഭാരതും ഉൾപ്പെടെ 120ഓളം ട്രെയിനുകൾക്ക് നിയന്ത്രണം

ന്യൂഡൽഹി : ഡൽഹിയിൽ നടക്കുന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹി ഡിവിഷന് കീഴിലെ 120ഓളം ട്രെയിൻ സർവീസുകൾക്ക് റെയിൽവെ നിയന്ത്രണം ഏർപ്പെടുത്തി. സെപ്തംബർ 11 മുതൽ 13 വരെയുള്ള നിരവധി ട്രെയിൻ സർവീസുകൾ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ സമയം പുനഃക്രമീകരിക്കുകയോ ചെയ്തിട്ടുണ്ട്.
രാജധാനി, തേജസ് രാജധാനി, വന്ദേ ഭാരത്, പൂർവ്വ എക്സ്പ്രസ് തുടങ്ങിയ പ്രമുഖ സർവീസുകളെയും ഈ നിയന്ത്രണങ്ങൾ ബാധിച്ചു. 12, 13 തീയതികളിൽ ഭാരത് മണ്ഡപത്തിലാണ് ഉച്ചകോടി നടക്കുന്നത്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ്, റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ, ഇറാനിയൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ തുടങ്ങിയ ലോക നേതാക്കൾ പങ്കെടുക്കുന്നതിനാൽ സുരക്ഷാ ഏജൻസികളുടെ നിർദ്ദേശപ്രകാരമാണ് നടപടി എന്നാണ് വിശദീകരണം.
ന്യൂഡൽഹി റെയിൽവെ സ്റ്റേഷൻ കേന്ദ്രീകരിച്ചുള്ള സർവീസുകളെയാണ് ഇത് കൂടുതൽ ബാധിക്കുക. യാത്രക്കാർ നാഷണൽ ട്രെയിൻ എ എൻക്വയറി സിസ്റ്റം ആപ്പ് വഴിയോ 139 എന്ന നമ്പറിലോ ബന്ധപ്പെട്ട് തത്സമയ വിവരങ്ങൾ അറിയണമെന്ന് റെയിൽവേ നിർദ്ദേശിച്ചു.
കനത്ത സുരക്ഷ
ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി ഡൽഹിയിൽ സുരക്ഷാസജ്ജീകരണങ്ങൾ ഏർപ്പെടുത്തി. 15,000 പോലീസുകാരെയും അർധസൈനിക വിഭാഗങ്ങളിലെ 200 കമ്പനികളെയും വിന്യസിച്ചിട്ടുണ്ട്. ഗതാഗതക്രമീകരണങ്ങളും നിലവിൽ വന്നു. ദേശീയ, അന്തർദേശീയ ഏജൻസികളുമായി ഏകോപിപ്പിച്ച് പഴുതില്ലാത്ത സുരക്ഷാക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളതെന്ന് ഡൽഹി പോലീസ് വൃത്തങ്ങൾ അറിയിച്ചു.
ഡൽഹിയിലെ സ്‌കൂളുകൾക്കും സർക്കാർ ഓഫീസുകൾക്കും വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. കേന്ദ്രസർക്കാർ, ഡൽഹി സർക്കാർ ഓഫീസുകൾ, പൊതുമേഖലാസ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾക്കും അവധി നൽകി. 35 പ്രധാനറോഡുകളിൽ കർശന ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി.









0 comments