മൂർഖൻ വിഷത്തിനെതിരെ പുതിയ ആന്റിവെനം; പാമ്പുകടി ചികിത്സയിൽ നിർണായക മുന്നേറ്റം

ബംഗളുരു: ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ കാണപ്പെടുന്ന മൂർഖൻ, രാജവെമ്പാല എന്നിവയുടെ വിഷത്തിനെതിരെ സംരക്ഷണം നൽകുന്ന പുതിയ ആന്റിവെനം ഗവേഷകർ വികസിപ്പിച്ചു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ സെന്റർ ഫോർ ഇക്കോളജിക്കൽ സയൻസസിലെയും ഡെൻമാർക്ക് ടെക്നിക്കൽ യൂണിവേഴ്സിറ്റിയിലെയും ഗവേഷകരാണ് പുതിയ ചികിത്സാ മാർഗം വികസിപ്പിച്ചത്.
ഇന്ത്യയിൽ പാമ്പുകടിയേറ്റ് പ്രതിവർഷം 50,000 ത്തിലധികം പേർ മരിക്കുന്നതായി കണക്കാക്കുന്നു. നിലവിലെ ആന്റിവെനങ്ങൾക്ക് പരിമിതമായ ഇനം പാമ്പുകൾക്കെതിരെയുള്ള സംരക്ഷണം, പാർശ്വഫലങ്ങൾ, ഉൽപ്പാദനത്തിലെ ബുദ്ധിമുട്ടുകൾ തുടങ്ങിയ പരിമിതികളുണ്ട്. ഇന്ത്യയിലുള്ള 310 ഇനം പാമ്പുകളിൽ 60 എണ്ണം മാരകവിഷമുള്ളതാണെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.
ഗവേഷകരായ കാർത്തിക് സുനാഗറിന്റെയും ആൻഡ്രിയാസ് ലൗസ്റ്റ്സന്റെയും നേതൃത്വത്തിലുള്ള സംഘം അഞ്ച് ആന്റിബോഡി ഘടകങ്ങൾ ഉൾപ്പെടുന്ന നാനോബോഡി കോക്ടെയ്ൽ വികസിപ്പിച്ചു. വിവിധ മൂർഖൻ ഇനങ്ങളുടെ വിഷത്തിലെ പ്രധാന വിഷാംശങ്ങളെ നിർവീര്യമാക്കാൻ ഇതിന് കഴിയുമെന്ന് പരീക്ഷണങ്ങളിൽ കണ്ടെത്തി.
സ്‌പെക്ടക്കിൾഡ് കോബ്ര, മോണോക്ല്ഡ് കോബ്ര,കിങ് കോബ്ര എന്നീ മൂർഖൻ ഇനങ്ങൾ, ഇന്ത്യയിൽ കാണപ്പെടുന്ന രണ്ട് രാജവെമ്പാല ഇനങ്ങൾ എന്നിവയുടെ വിഷം കുത്തിവെച്ച് എലികളിൽ ചികിത്സ പരീക്ഷിച്ചു. വിഷം കുത്തിവച്ച് 30 മിനിറ്റിന് ശേഷവും എലികളെ മരണത്തിൽ നിന്ന് രക്ഷിക്കാൻ ആന്റിബോഡി കോക്ടെയിലിന് കഴിഞ്ഞു.
പരമ്പരാഗത ആന്റിവെനങ്ങൾക്ക് ആവശ്യമായ വലിയ അളവിലുള്ള ആന്റിബോഡികൾക്ക് പകരം വളരെ ചെറിയ അളവിൽ കൃത്യമായി രൂപകൽപ്പന ചെയ്ത ആന്റിബോഡികൾ ഉപയോഗിക്കാമെന്നതാണ് പഠനത്തിന്റെ പ്രധാന നേട്ടമെന്ന് ഗവേഷകർ പറഞ്ഞു. ഇത് ചികിത്സയുടെ ചെലവും സുരക്ഷാ ആശങ്കകളും കുറയ്ക്കാൻ സഹായിച്ചേക്കുമെന്നും അവർ വ്യക്തമാക്കി.








0 comments