പ്രളയത്തിൽ മുങ്ങി 'ബുക്ക് വേം': നശിച്ചത് അയ്യായിരത്തോളം പുസ്തകങ്ങൾ; കൈത്താങ്ങുമായി വായനക്കാർ

വെള്ളം കയറി നശിച്ച നിലയില്‍ പുസ്തകങ്ങള്‍ Photo: instagram/thebookworm_blr
ബെംഗളൂരു: പുസ്തകപ്രേമികളുടെ പ്രിയപ്പെട്ട ഇടമായ ചർച്ച് സ്ട്രീറ്റിലെ 'ബുക്ക് വേം' പുസ്തകശാലയിൽ കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ വൻ നാശനഷ്ടം. കഴിഞ്ഞ ബുധനാഴ്ച പെയ്ത അതിശക്തമായ മഴയിൽ കടയ്ക്കുള്ളിൽ വെള്ളം കയറി അയ്യായിരത്തോളം പുസ്തകങ്ങളാണ് പൂർണമായും നശിച്ചത്.
പുസ്തകങ്ങൾ വെള്ളത്തിൽ ഒഴുകിനടക്കുന്ന ദയനീയ ദൃശ്യങ്ങൾ പുസ്തകശാലയുടെ ഇൻസ്റ്റാഗ്രാം പേജിലൂടെ പുറത്തുവന്നതോടെ വലിയ ആശങ്കയിലാണ് വായനക്കാർ. വേനലവധി പ്രമാണിച്ച് വായനക്കാർക്കായി എത്തിച്ച പുത്തൻ പുസ്തകങ്ങളാണ് നശിച്ചവയിൽ ഭൂരിഭാഗവും. പ്രത്യേകിച്ചും ഓയിൽ പേപ്പറിൽ അച്ചടിച്ച ആസ്റ്ററിക്സ്, ഒബലിക്സ് തുടങ്ങിയ ചിത്രകഥാ പുസ്തകങ്ങൾ ഒന്നുംതന്നെ രക്ഷിക്കാനായില്ലെന്ന് കടയുടമ കൃഷ്ണ പറഞ്ഞു.
ആധുനിക പുസ്തകങ്ങളിൽ ഉപയോഗിക്കുന്ന പുനരുപയോഗം ചെയ്ത പേപ്പറുകൾ വെള്ളം തട്ടിയാൽ വേഗത്തിൽ നശിക്കുമെന്നത് നാശനഷ്ടങ്ങളുടെ ആഘാതം കൂട്ടി. ഭാഗികമായി നനഞ്ഞ പുസ്തകങ്ങൾ വെയിലത്ത് ഉണക്കി കുറഞ്ഞ നിരക്കിൽ വിൽക്കാനാണ് അധികൃതരുടെ തീരുമാനം. എങ്കിലും വലിയൊരു ശതമാനം പുസ്തകങ്ങളും ഉപേക്ഷിക്കേണ്ടി വരും.
പുസ്തകശാലയുടെ ഈ ദുരവസ്ഥയറിഞ്ഞ് ബെംഗളൂരുവിലെയും പുറത്തെയും വായനക്കാർ വലിയ പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. പുസ്തകങ്ങളുടെ അവസ്ഥ എന്തുതന്നെയായാലും അവ വാങ്ങാൻ തയ്യാറാണെന്ന് വായനക്കാർ പറയുന്നു.











0 comments