അടുക്കളയിൽ രണ്ട് പ്രാണികളെ കണ്ടതുകൊണ്ട് സ്റ്റാർ ഹോട്ടൽ പൂട്ടാനാവില്ല: ബോംബെ ഹൈക്കോടതി

മുംബൈ: രണ്ട് ചെറിയ പ്രാണികളെ കണ്ടെത്തിയതിന്റെ പേരിൽ സ്റ്റാർ ഹോട്ടൽ പൂട്ടാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. വൃത്തിയില്ലാത്തതിന്റെ പേരിൽ നവി മുംബൈയിലെ ഒരു ഫോർ സ്റ്റാർ ഹോട്ടലിന്റെ ഭക്ഷ്യ ലൈസൻസ് മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ സ്റ്റേ ചെയ്തിരുന്നു. ഇത് റദ്ദാക്കിയായിരുന്നു ഹൈക്കോടതിയുടെ പരാമർശം. അടുക്കളയിൽ രണ്ട് ചെറിയ പ്രാണികളെ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽമാത്രം ലൈസൻസ് സസ്‌പെൻഡ് ചെയ്ത നടപടി ന്യായീകരിക്കാനാവില്ലെന്ന് ആക്ടിംഗ് ചീഫ് ജസ്റ്റിസ് രവീന്ദ്ര ഗുഗെ, ജസ്റ്റിസ് ഗൗതം അൻഖാദ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഹോട്ടലിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തിയിരുന്നു. ഹോട്ടലിൽ ഭക്ഷണം പാകം ചെയ്യുന്നതും ഭക്ഷണം സംഭരിക്കുന്നതും എല്ലാ മാനദണ്ഡങ്ങളും പാലിച്ചിെന്നായിരുന്നു വകുപ്പിന്റെ കണ്ടെത്തൽ. പക്ഷെ പരിശോധനയിൽ അടുക്കളയിൽ രണ്ട് പ്രാണികളെ കണ്ടെത്തി. തുടർന്നാണ് ലൈസൻസ് താത്കാലികമായി റദ്ദാക്കിയത്. ഹോട്ടലിന്റെ മൊത്തത്തിലുള്ള ശുചിത്വം 95 ശതമാനവും മാനദണ്ഡങ്ങൾ പാലിച്ചായതിനാൽ പ്രാണികളെ കണ്ടെത്തിയതിന്റെ പേരിൽ മാത്രം ലൈസൻസ് റദ്ദാക്കിയത് ശരിയോ എന്ന് കോടതി ആരാഞ്ഞു. വൃത്തിഹീനമായ അന്തരീക്ഷത്തിൽ ഭക്ഷണം പാകം ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും കോടതി പറഞ്ഞു.
ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ഏകീകൃതമായി നടപ്പിലാക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ കോടതി വകുപ്പിനോട് നിർദ്ദേശിച്ചു. മന്ത്രാലയത്തിലെയും ഹൈക്കോടതിയിലെയും കാന്റീനുകൾ ഉൾപ്പെടെയുള്ള എല്ലാ സർക്കാർ, അർദ്ധ സർക്കാർ ഭക്ഷണശാലകളും പരിശോധിക്കാനും, വീഡിയോ റെക്കോർഡിങ്ങുകൾ സഹിതം അതിന്റെ റിപ്പോർട്ട് സമർപ്പിക്കാനും ഭക്ഷ്യസുരക്ഷാ വകുപ്പിനോട് കോടതി ഉത്തരവിട്ടു. ജൂലൈ 31ന് കേസ് വീണ്ടും പരിഗണിക്കും.









0 comments