ഡൽഹിയിൽ സിആർപിഎഫ് സ്കൂളുകൾക്കും കോടതികൾക്കും ബോംബ് ഭീഷണി

ന്യൂഡൽഹി : രാജ്യതലസ്ഥാനത്ത് വിവിധയിടങ്ങളിൽ ബോംബ് ഭീഷണി. മൂന്ന് കോടതി സമുച്ചയങ്ങൾക്കും രണ്ട് സിആർപിഎഫ് സ്കൂളുകൾക്കുമാണ് ഇ മെയിൽ വഴി ഭീഷണി സന്ദേശമെത്തിയത്. മെയിലുകൾ ലഭിച്ചതിനെ തുടർന്ന് ഡൽഹിയിലെ സാകേത് ജില്ലാ കോടതി, പട്യാല ഹൗസ് കോടതി, തിസ് ഹസാരി കോടതി എന്നീ കോടതി സമുച്ചയങ്ങൾ ചൊവ്വാഴ്ച ഒഴിപ്പിച്ചു. നിരവധി ജില്ലാ കോടതികൾക്കും ഭീഷണി സന്ദേശമെത്തിയതായി വിവരമുണ്ട്.
ദ്വാരകയിലെയും പ്രശാന്ത് വിഹാറിലെയും സിആർപിഎഫ് സ്കൂളുകൾക്കാണ് ഭീഷണി സന്ദേശമെത്തിയത്. രാവിലെ 9ഓടെയാണ് ഇവിടങ്ങളിൽ ഭീഷണി സന്ദേശമെത്തിയത്. പരിശോധനയിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ഭീഷണി വ്യാജമാണെന്നും ബോംബ് സ്ക്വാഡ് പറഞ്ഞു.
ചെങ്കോട്ട സ്ഫോടനത്തിനു പിന്നാലെ തലസ്ഥാനത്ത് കനത്ത സുരക്ഷാ ഏർപ്പെടുത്തിയിരിക്കുന്ന പശ്ചാത്തലത്തിലാണ് വീണ്ടും ബോംബ് ഭീഷണികൾ ഉയർന്നത്. സമഗ്രമായ പരിശോധന ഉറപ്പാക്കാൻ എല്ലാ യൂണിറ്റുകളും സജീവമാക്കിയിട്ടുണ്ടെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. കോടതികൾക്കും സ്കൂളുകൾക്കും പുറത്ത് കൂടുതൽ പൊലീസ് വിന്യാസം ഏർപ്പെടുത്തിയിട്ടുണ്ട്. ഇ മെയിലിന്റെ ഉറവിടം കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.









0 comments