കൊൽക്കത്ത വിമാനത്താവളത്തിൽ ബോംബ് ഭീഷണി; ഇൻഡിഗോ വിമാനം ഒഴിപ്പിച്ചു

കൊൽക്കത്ത: കൊൽക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബോംബ് ഭീഷണി. ശനിയാഴ്ച രാവിലെ ഷില്ലോങ്ങിലേക്ക് പുറപ്പെടാനിരുന്ന ഇൻഡിഗോ വിമാനത്തിലാണ് ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശം ലഭിച്ചത്.
ഇതേത്തുടർന്ന് വിമാനത്തിലെ യാത്രക്കാരെ അടിയന്തരമായി പുറത്തിറക്കി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. രാവിലെ 9.15-ന് പുറപ്പെടേണ്ടിയിരുന്ന 6 ഇ 3074 വിമാനത്തിലാണ് ഭീഷണി ഉയർന്നത്. വിമാനത്തിനുള്ളിലെ ശൗചാലയത്തിൽ നിന്നാണ് 'വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ട്' എന്ന് എഴുതിയ കുറിപ്പ് ജീവനക്കാർ കണ്ടെത്തിയത്.
ഉടൻ തന്നെ പൈലറ്റ് വിവരം വിമാനത്താവള അധികൃതരെ അറിയിക്കുകയും വിമാനം ഐസൊലേഷൻ ബേയിലേക്ക് മാറ്റുകയും ചെയ്തു. വിമാനത്താവളത്തിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു. സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരും ബോംബ് സ്ക്വാഡും വിമാനത്തിൽ വിശദമായ പരിശോധന നടത്തിവരികയാണ്.
യാത്രക്കാരുടെ ബാഗുകളും മറ്റും വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കി. കഴിഞ്ഞ മാസവും പൂനെയിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ സമാനമായ രീതിയിൽ ശുചിമുറിയിൽ നിന്ന് ഭീഷണി സന്ദേശം ലഭിച്ചിരുന്നു.
തുടർച്ചയായുണ്ടാകുന്ന ഇത്തരം സംഭവങ്ങൾ വിമാനത്താവള സുരക്ഷാ സംവിധാനങ്ങളെ ആശങ്കയിലാക്കുന്നുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.










0 comments