ad
Deshabhimani

മണിപ്പൂരിൽ നാഗാവിഭാഗത്തിന് നേരെ ആക്രമണം: പ്രധാനാധ്യാപകനും ഗ്രാമമുഖ്യനും ഉൾപ്പെടെ നാലുപേര്‍ കൊല്ലപ്പെട്ടു

manipur
വെബ് ഡെസ്ക്

Published on Aug 28, 2026, 12:04 PM | 1 min read

ഇംഫാൽ: മണിപ്പൂരിലെ കാങ്പോക്പി ജില്ലയിൽ നാഗവിഭാഗത്തിലെ നാലുപേര്‍ വെടിയേറ്റ് മരിച്ചു. മകുയി ആശാങ്, തനാമ്പാ നാഗാ ഗ്രാമങ്ങൾക്കിടയിൽ വാഹനത്തിൽ സഞ്ചരിക്കവെ വിജനമായ പ്രദേശത്താണ് ആക്രമണം. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.


സ്വകാര്യ വിദ്യാലയത്തിന്റെ ഉടമയും പ്രധാനാധ്യാപകനുമായ തദ്സോങ്ബൗ റിങ് കാങ്മെയ്, ചവാങ് കിനിങ് ഗ്രാമസഭാ ചെയർമാൻ വിസോബൗ ചാരനാമെയ് എന്നിവരും മരണപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഇവരുടെ മൃതദേഹം വീണ്ടെടുക്കാൻ കഴിയാതെ വിജനതയിൽ മണിക്കൂറുകളോളം തുടര്‍ന്നു. സൈന്യവും പൊലീസും എത്തി വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയത്. പ്രദേശത്ത് വിവിധ വിഭാഗങ്ങളുടെ ഉപരോധവും സംഘര്‍ഷ സാഹചര്യവും തുടരുകയാണ്. ലിയാങ്മെയ് നാഗാ വിഭാഗത്തിൽപ്പെട്ടവരാണ് കൊല്ലപ്പെട്ടത്.


മൃതദേഹങ്ങൾ നാഗാ ഭൂരിപക്ഷ പ്രദേശമായ സേനാപതിയിലേക്ക് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ജനക്കൂട്ടം പ്രതിഷേധം തുടരുന്നു. സംഭവത്തിന് പിന്നിൽ കുക്കി സംഘനകളാണെന്ന് യുണൈറ്റ‍ഡ് നാഗാ കൗൺസിൽ ആരോപിച്ചു. എന്നാൽ കുക്കി സംഘടനകൾ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.


കുക്കി മെയ്തെയ് വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയ മണിപ്പൂര്‍ കലാപം അടുത്തിടെയാണ് നാഗാ വിഭാഗത്തിന് ഇടയിലേക്കും വ്യാപിച്ചത്. മണിപ്പൂര്‍ കലാപം അമര്‍ച്ച ചെയ്യുന്നതിലും സമാധാനം പുനസ്ഥാപിക്കുന്നതിലും സംസ്ഥാനത്തെ ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെടുകയായിരുന്നു. ഇതിനിടെയാണ് ഇതര വിഭാഗങ്ങളും കലാപത്തിലേക്ക് വലിച്ചിഴക്കപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തിലും കേന്ദ്ര സര്‍ക്കാര്‍ നിസംഗത തുടരുകയാണ്. ഇതിനിടയിൽ അസം അരുണാചൽ അതിര്‍ത്തിയിലും പരസ്പര സംഘര്‍ഷങ്ങൾ രൂപപ്പെട്ടു.








deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home