വിയറ്റ്നാം ബോട്ടപകടം; 15 പേരുടെയും മൃതദേഹങ്ങൾ ഇന്ന് രാത്രി മുംബൈയിൽ എത്തിക്കും

ഹനോയ്: വിയറ്റ്നാമിലെ ഫൂ ക്വോക്ക് ദ്വീപിന് സമീപം ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട 15 ഇന്ത്യൻ വിനോദസഞ്ചാരികളുടെ മൃതദേഹങ്ങൾ തിങ്കളാഴ്ച നാട്ടിലെത്തിക്കുമെന്ന് ഹനോയിയിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഹോ ചി മിൻ സിറ്റിയിൽ നിന്നുള്ള വിയറ്റ്നാം എയർലൈൻസിന്റെ VN979 വിമാനത്തിൽ മൃതദേഹങ്ങൾ മുംബൈയിൽ എത്തിക്കും.
പ്രാദേശിക സമയം വൈകുന്നേരം 6:00 മണിക്ക് ഹോ ചി മിൻ സിറ്റിയിൽ നിന്ന് പുറപ്പെടുന്ന വിമാനം, ഇന്ത്യൻ സമയം രാത്രി 9:35-ഓടെ മുംബൈ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേരും.
മലയാളികളടെ മൃതദേഹങ്ങൾ
മുംബൈ വഴി തിരുവനന്തപുരത്ത്
ബോട്ടപകടത്തിൽ മരിച്ച കൊട്ടാരക്കര ആവിക്കോട്ട് ഹൗസിൽ എ വി തോമസ് (57), ഭാര്യ ലൗനി തോമസ് (56) എന്നിവരുടെ മൃതദേഹം ചൊവ്വാഴ്‌ചയാവും നാട്ടിലെത്തിക്കുക. തിങ്കൾ രാത്രി പത്തോടെ മുബൈ വിമാനത്താവളത്തിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലും തുടർന്ന് കൊട്ടാരക്കരയിലെ വസതിയിലും എത്തിക്കും. ഇതിനുള്ള പ്രവർത്തനങ്ങൾ നോർക്ക ഏകോപിപ്പിക്കും.
മൃതദേഹങ്ങൾ അതത് സംസ്ഥാനങ്ങളിലെത്തിക്കുന്നതിനായി ബന്ധപ്പെട്ട സംസ്ഥാന സർക്കാരുകളെ വിവരമറിയിച്ചിട്ടുണ്ടെന്നും മരണപ്പെട്ടവരുടെ കുടുംബങ്ങളുമായി ഏകോപനം നടത്താൻ അഭ്യർത്ഥിച്ചിട്ടുണ്ടെന്നും എംബസി വ്യക്തമാക്കി. മരിച്ച 15 പേരിൽ രണ്ട് മലയാളികളും, തമിഴ്‌നാട്ടിൽ നിന്നുള്ള 10 പേരും, ആന്ധ്രാപ്രദേശിൽ നിന്നുള്ള 3 പേരും ഉൾപ്പെടുന്നു. മരണപ്പെട്ടവരിൽ രണ്ട് സ്ത്രീകളുമുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് 32 ഇന്ത്യൻ വിനോദസഞ്ചാരികളും 4 പ്രാദേശിക ജീവനക്കാരുമായി സഞ്ചരിച്ച സ്പീഡ് ബോട്ട് ഹോൺ മേ റൂട്ട് എൻഗോയ് ദ്വീപിന് സമീപം മറിഞ്ഞത്. ദ്വീപ് സന്ദർശനത്തിന് ശേഷം മടങ്ങുകയായിരുന്ന വിനോദസഞ്ചാരികൾ സഞ്ചരിച്ച ബോട്ട് തീരത്ത് നിന്ന് 400 മീറ്റർ അകലെയാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തിൽപ്പെട്ട 16 പേരെ രക്ഷപ്പെടുത്തിയിരുന്നു. ഇവർ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇന്ത്യയിലേക്ക് മടങ്ങി. പരിക്കേറ്റ ഒരു സഞ്ചാരി ഇപ്പോഴും ഫൂ ക്വോക്കിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.
അപകടത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ വിയറ്റ്നാം അധികൃതർ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇതിന്റെ ഭാഗമായി സ്പീഡ് ബോട്ടിന്റെ ഓപ്പറേറ്ററെ വിയറ്റ്നാം പോലീസ് ഞായറാഴ്ച കസ്റ്റഡിയിലെടുത്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മരണപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി ഹനോയിയിലെ ഇന്ത്യൻ എംബസിയും ഹോ ചി മിൻ സിറ്റിയിലെ കോൺസുലേറ്റും അറിയിച്ചു.











0 comments