മുംബൈ കോർപ്പറേഷൻ തെരഞ്ഞെടുപ്പ്: വിജയികളിൽ നാലിലൊരാൾ ക്രിമിനൽ കേസുള്ളവർ; എഡിആർ റിപ്പോർട്ട്

ന്യൂഡൽഹി: പുതുതായി നടന്ന ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ (ബിഎംസി) തെരഞ്ഞെടുപ്പിൽ വിജയിച്ചവരിൽ വലിയൊരു വിഭാഗവും ക്രിമിനൽ പശ്ചാത്തലമുള്ളവരും കോടീശ്വരന്മാരുമെന്ന് റിപ്പോർട്ട്.
അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ), മഹാരാഷ്ട്ര ഇലക്ഷൻ വാച്ച് എന്നിവർ ചേർന്ന് നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. തെരഞ്ഞെടുക്കപ്പെട്ട 227 പ്രതിനിധികളുടെ സത്യവാങ്മൂലം പരിശോധിച്ചതിൽ 54 പേർ (24 ശതമാനം) തങ്ങൾക്കെതിരെ ക്രിമിനൽ കേസുകളുണ്ടെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്.
ഇതിൽ 13 ശതമാനം പേർക്കെതിരെ ഗുരുതരമായ കുറ്റകൃത്യങ്ങളാണ് ചുമത്തിയിരിക്കുന്നത്. പാർട്ടി അടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ ബിജെപിയിൽ നിന്നുള്ള വിജയികളിൽ 33 ശതമാനം പേരും ക്രിമിനൽ കേസുകളിൽ പ്രതികളാണ്.
ശിവസേനയുടെ 24 ശതമാനം പേർക്കും ശിവസേന (യുബിടി) വിഭാഗത്തിലെ 15 ശതമാനം പേർക്കും ക്രിമിനൽ പശ്ചാത്തലമുണ്ട്. സാമ്പത്തികമായി നോക്കുമ്പോൾ 180 വിജയികളും (79 ശതമാനം) കോടീശ്വരന്മാരാണ്.
വിജയിച്ചവരുടെ ശരാശരി ആസ്തി 7.18 കോടി രൂപയാണ്. ബിജെപിയിൽ നിന്നുള്ള 76 ശതമാനം പേരും കോൺഗ്രസിൽ നിന്നുള്ള 92 ശതമാനം പേരും കോടീശ്വര പട്ടികയിലുണ്ട്. ശിവസേനയുടെ ഷിൻഡെ വിഭാഗത്തിൽ നിന്നുള്ള 93 ശതമാനം പേരും ഉദ്ധവ് വിഭാഗത്തിലെ 83 ശതമാനം പേരും കോടിപതികളാണ്.
അവസാനമായി ബിഎംസി തെരഞ്ഞെടുപ്പ് നടന്നത് 2017-ലാണ്. 2022-ൽ ഭരണസമിതിയുടെ കാലാവധി അവസാനിച്ചെങ്കിലും, സീറ്റ് സംവരണവുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതിയുടെ പരിഗണനയിലായിരുന്നതിനാൽ പുതിയ തെരഞ്ഞെടുപ്പ് വൈകുകയായിരുന്നു.
അതിനുശേഷം മൂന്ന് വർഷത്തോളം തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയോ മേയറോ ഇല്ലാതിരുന്ന ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപറേഷനിൽ 2026 ലാണ് ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് നടന്നത്.











0 comments