ബ്ലൂ ഇക്കോണമി ; സമുദ്ര പര്യവേക്ഷണം ഇക്കൊല്ലം തുടങ്ങുമെന്ന് കേന്ദ്രമന്ത്രി

ന്യൂഡൽഹി
സമുദ്രവിഭവ ചൂഷണത്തിനായി ആവിഷ്‌കരിച്ച ബ്ലൂ ഇക്കോണമി നയത്തിന്റെ ഭാഗമായ ആഴക്കടൽ പര്യവേക്ഷണ ദൗത്യം ഈ വർഷം തുടങ്ങുമെന്ന് കേന്ദ്ര ശാസ്‌ത്ര–-സാങ്കേതിക മന്ത്രി ഡോ. ജിതേന്ദ്ര സിങ്. നാവികർ സഞ്ചരിക്കുന്ന അന്തർവാഹിനി ഇക്കൊല്ലം 500 മീറ്റർ ആഴത്തിൽ എത്തിക്കും. അടുത്തവർഷം 6,000 മീറ്റർ ആഴത്തിൽ അന്തർവാഹിനി എത്തിച്ച് പര്യവേക്ഷണം നടത്തുമെന്ന് മന്ത്രി പറഞ്ഞു. ആഴക്കടലിലെ മത്സ്യസമ്പത്ത് ഉൾപ്പടെയുള്ള വിഭവങ്ങളെക്കുറിച്ച് സർവെ നടത്തും. സമ്പദ്‌ഘടനയ്‌ക്കും ശാസ്‌ത്രമേഖലയ്‌ക്കും പരിസ്ഥിതി സംരക്ഷണത്തിനും പ്രയോജനം ലഭ്യമാക്കാനാണ് പര്യവേക്ഷണമെന്ന് മന്ത്രി പറഞ്ഞു. ആഴക്കടൽ ദൗത്യത്തിന്റെ മേൽനോട്ട സമിതിയുടെ രണ്ടാം യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ബ്ലൂ ഇക്കോണമി എന്ന കേന്ദ്രസർക്കാർ നയം കടലിനെ വൻകിട കോർപറേറ്റ് ചൂഷണത്തിന് വിട്ടുകൊടുക്കാൻ ലക്ഷ്യമിട്ടാണെന്ന് പരാതി ശക്തമാണ്. തീരദേശ മേഖലയിലെ തൊഴിലാളികളുടെയും സംഘടനകളുടെയും സംസ്ഥാന സർക്കാരുകളുടെയും ആശങ്ക പരിഹരിക്കാതെയാണ് കേന്ദ്രം ദൗത്യവുമായി മുന്നോട്ടുപോകുന്നത്.









0 comments