വീണ്ടും ബിജെപിയുടെ ഇരട്ടത്താപ്പ്; അസമിൽ എഐയുഡിഎഫുമായുള്ള അന്തർധാര വെളിച്ചത്തായി

ഫയൽ ചിത്രം
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് അടുത്തതോടെ അസമിൽ ഇരട്ടത്താപ്പുമായി ബിജെപി. ദീർഘകാലമായി ബിജെപി, കടുത്ത വർഗീയ പാർട്ടിയായി മുദ്രകുത്തിയിരുന്നതാണ് ബദ്റുദ്ദീൻ അജ്മലിന്റെ ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടിനെ (എഐയുഡിഎഫ്). എന്നാൽ ഇപ്പോൾ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ഇവര്‍ എഐയുഡിഎഫിന്റെ പിന്തുണ തേടുകയാണ്. ബിജെപിയുടെ ഈ ഇരട്ടത്താപ്പിനെതിരെ വൻ വിവാദങ്ങളാണ് ഇപ്പോൾ ഉടലെടുത്തിരിക്കുന്നത്.
രാജ്യസഭാ സീറ്റിലേക്കുള്ള മൂന്നാമത്തെ എൻഡിഎ സ്ഥാനാർത്ഥിയെ വിജയിപ്പിക്കാനാണ് ബിജെപി ഇപ്പോൾ ഇത്തരത്തിൽ ഒരു നീക്കം നടത്തിയിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന സൂചനകൾ വ്യക്തമാക്കുന്നത്. യുണൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറൽ (യുപിപിഎൽ) തലവനായ പ്രമോദ് ബോറോയാണ് എൻഡിഎയുടെ മൂന്നാമത്തെ സ്ഥാനാർത്ഥി. പ്രമോദ് ബോറോയയുടെ നാമനിർദേശ പത്രികയിൽ എഐയുഡിഎഫ് എംഎൽഎമാരായ കരിമുദ്ദീൻ ബർഭൂയ, നീ സാമുദ്ദീൻ ചൗധരി, സാക്കിർ ഹുസൈൻ ലാസ്റ്റർ എന്നിവർ ഒപ്പുവച്ചതോടെയാണ് ഇരുവരും തമ്മിലുള്ള ഈ അന്തർധാര മറനീക്കി പുറത്തുവന്നത്.
തെരഞ്ഞെടുപ്പ് നേട്ടത്തിനായി ഏത് ശത്രുവുമായും സഖ്യമുണ്ടാക്കാൻ ബിജെപി തയ്യാറാകുമെന്ന് സംസ്ഥാന നിയമസഭയിലെ പ്രതിപക്ഷ നേതാവ് ദേബബ്രത സൈകിയ ആരോപിച്ചു. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ഇത്ര യും കാലം അധിക്ഷേപിച്ചിരുന്ന പാർട്ടിയുടെ തന്നെ കാലുപിടിക്കേണ്ടി വന്നത് ബിജെപിയുടെ ഗതികേടാണെന്ന് അസം കോൺഗ്രസ് അധ്യക്ഷൻ ഗൗരവ് ഗൊഗോയ് പറഞ്ഞു. എഐയുഡിഎഫിനെ ബിജെപിയുടെ അടിയന്തര സഹായത്തിനുള്ള 108 ഹെൽപ്പ് ലൈൻ എന്ന് വിശേഷിപ്പിച്ച് അസം ജാതിയ പരിഷത്ത് നേതാവ് ലൂരിൻ ജ്യോതി ഗൊഗോയും രംഗത്തെത്തി.
പരസ്യമായി എതിർക്കുമ്പോഴും തെരഞ്ഞെടുപ്പുകളിൽ പുറത്തുവരുന്ന ഇരു പാർട്ടികളും തമ്മിലുള്ള ധാരണകൾ, അസം രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് കാരണമാകുന്നുണ്ട്. അതേസമയം 2026-ൽ നടക്കാനിരിക്കുന്ന അസം നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ രൂപീകരിച്ച പ്രതിപക്ഷ സഖ്യത്തിൽ നിന്ന് എഐയുഡിഎഫിനെ ഒഴിവാക്കി. കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ എഐയുഡിഎഫുമായി സഖ്യത്തിനില്ലെന്നും വ്യക്തമാക്കി. കഴിഞ്ഞ തവണ ജമ്മു കശ്മീരില്‍ നടന്ന തെരഞ്ഞെടുപ്പിലും ബിജെപി ഇതേ തന്ത്രമാണ് പയറ്റിയത്.










0 comments