print edition പ്രതിരോധത്തിലായി ബിജെപി; സ്‌ത്രീസുരക്ഷയില്ലാതെ ഡൽഹി

ഡൽഹിയിൽ ബസിൽ പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ പ്രതിഷേധിച്ച് ഡൽഹി സർവകലാശാല ക്യാമ്പസിൽ എസ്‌എഫ്‌ഐ നടത്തിയ മാർച്ച്
സ്വന്തം ലേഖകൻ
Published on Sep 03, 2026, 01:00 AM | 1 min read
ന്യൂഡൽഹി : ഓടുന്ന ബസിൽ പെൺകുട്ടി കൂട്ടബലാൽസംഗത്തിനിരയായ സംഭവം ബിജെപിയുടെ ട്രിപ്പിൾ എഞ്ചിൻ സർക്കാർ ഭരിക്കുന്ന ഡൽഹിയിലെ സുരക്ഷിതത്വമില്ലായ്‌മ എത്ര തീവ്രമാണെന്നതിന്റെ തെളിവായി. ആഗസ്‌ത് നാലിനുണ്ടായ സംഭവം നാലാഴ്‌ചയോളം മൂടിവയ്‌ക്കാൻ ഡൽഹി പൊലീസ് ശ്രമിച്ചത് എന്തിനെന്ന ചോദ്യവും ഉയരുന്നുണ്ട്. ഡൽഹി പൊലീസിനെ നിയന്ത്രിക്കുന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സമ്മർദമാണ് ഇതിന് പിന്നില്ലെന്നാണ് ആക്ഷേപം.
കഴിഞ്ഞ മെയ് മാസത്തിൽ 30 വയസ്സുള്ള ഫാക്ടറി തൊഴിലാളി ഡൽഹിയിൽ സ്വകാര്യ ബസിനുള്ളിൽ ബലാൽസംഗം ചെയ്യപ്പെട്ടിരുന്നു. തൊഴിലിടത്തിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്പോഴാണ് യുവതി പീഡനത്തിനിരയായത്. ഇൗ സംഭവത്തിന്റെ പശ്‌ചാത്തലത്തിൽ തലസ്ഥാനത്ത് സ്‌ത്രീകൾക്ക് സുരക്ഷയൊരുക്കുന്നതിൽ കേന്ദ്ര– സംസ്ഥാന ബിജെപി സർക്കാരുകൾ പൂർണ പരാജയമാണെന്ന വിമർശനവുമായി പ്രതിപക്ഷ പാർടികൾ രംഗത്തുവന്നിരുന്നു. സ്‌ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന ഉറപ്പ് ആ ഘട്ടത്തിൽ ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്‌ത അടക്കമുള്ളവർ നൽകി. എന്നാൽ രണ്ടുമാസത്തിനകം സമാനമായ കുറ്റകൃത്യം ആവർത്തിച്ചതോടെ കേന്ദ്ര– സംസ്ഥാന സർക്കാരുകൾ പ്രതിരോധത്തിലായി.
നോയ്ഡയിലെ പാരിചൗക്കിൽനിന്നാണ് പെൺകുട്ടി ബസിൽ കയറിയത്. ബസ് ഓടുന്നതിനിടെ ഡ്രൈവറും കണ്ടക്ടറും കുട്ടിയെ മാറി മാറി പീഡിപ്പിക്കുകയായിരുന്നു. ഡൽഹിയിൽ നിരവധി പൊലീസ് ബാരിക്കേഡുകൾ കടന്നാണ് 26 കിലോമീറ്ററോളം ദൂരം ബസ് സഞ്ചരിച്ചത്. എന്നാൽ എവിടെയും പരിശോധനയുണ്ടായില്ല. ഡൽഹിയിലെ കശ്‌മീരി ഗേറ്റിൽ പെൺകുട്ടിയെ ഉപേക്ഷിച്ച ശേഷം ബസുമായി ഡ്രൈവറും കണ്ടക്ടറും നോയ്ഡയിലേക്ക് മടങ്ങുകയും ചെയ്‌തു. പെൺകുട്ടി നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തി പരാതിപ്പെട്ടപ്പോൾ മാത്രമാണ് നടപടിയുണ്ടായത്.
എസ്‌എഫ്‌ഐ പ്രതിഷേധ മാർച്ച്
ഡൽഹിയിൽ പെൺകുട്ടി കൂട്ടബലാൽസംഗത്തിനിരയായ സംഭവത്തിൽ പ്രതിഷേധിച്ച് ഡൽഹി സർവകലാശാല ക്യാമ്പസിൽ എസ്‌എഫ്‌ഐയുടെ നേതൃത്വത്തിൽ ‘രാത്രി മാർച്ച്’ സംഘടിപ്പിച്ചു. ‘രാത്രി തിരിച്ചുപിടിക്കൽ’ എന്ന മുദ്രാവാക്യമുയർത്തിയുള്ള മാർച്ചിൽ ഡൽഹി സർവകലാശാലയിലെ വിവിധ കോളേജുകളിൽ നിന്നുള്ള നൂറുകണക്കിന് വിദ്യാർഥിനികൾ പങ്കെടുത്തു. ഡിയു യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐ മുന്നോട്ടുവയ്‌ക്കുന്ന ‘വിദ്യാർഥിനി പ്രകടനപത്രിക’ മാർച്ചിന് ശേഷം പ്രകാശനം ചെയ്‌തു. വിദ്യാർഥിനികളുടെ സുരക്ഷ ഉറപ്പുവരുത്തൽ, എല്ലാ വനിതാ കോളേജുകൾക്കും ഡിയു തെരഞ്ഞെടുപ്പിൽ വോട്ടവകാശം, യൂണിയൻ ഭാരവാഹി സ്ഥാനങ്ങളിൽ അമ്പത് ശതമാനം വനിതാസംവരണം തുടങ്ങിയ ആവശ്യങ്ങളാണ് പത്രികയിലുള്ളത്.










0 comments