ബിജെപി മന്ത്രിമാരുടെ അധിക്ഷേപം "സേനയുടെ മനോവീര്യം കെടുത്തും' ; രാഷ്ട്രപതിക്ക് കത്തയച്ച് മുന്‍ സൈനികര്‍

ന്യൂഡൽഹി
കേണൽ സോഫിയ ഖുറേഷിക്കും സൈന്യത്തിനുമെതിരായ മധ്യപ്രദേശിലെ ബിജെപി മന്ത്രിമാരുടെ അധിക്ഷേപ പരാമര്‍ശങ്ങള്‍ക്കെതിരെ രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന് കത്തയച്ച് വിരമിച്ച സൈനികരടക്കമുള്ള പ്രമുഖര്‍. കേണൽ സോഫിയ ഖുറേഷിയെ "ഭീകരരുടെ സഹോദരി'യെന്നാണ് മന്ത്രി വിജയ് ഷാ വിശേഷിപ്പിച്ചത്.
"സൈനികര്‍ മോദിയുടെ കാൽച്ചുവട്ടിൽ കുമ്പിട്ടു നിൽക്കുന്നു'വെന്ന് ഉപമുഖ്യമന്ത്രി ജഗദിഷ് ദേവ്‍ദയും പറഞ്ഞതായി കത്തിൽ ചൂണ്ടിക്കാട്ടി. ഇരുവരുടെയും പരാമര്‍ശങ്ങള്‍ സേനാംഗങ്ങളുടെ മനോവീര്യത്തെ ബാധിക്കും. അത് ദേശസുരക്ഷയെ ദുര്‍ബലപ്പെടുത്തും. പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാൻ ഉചിത നടപടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് രാഷ്ട്രപതി നിര്‍ദേശിക്കണമെന്നും ആവശ്യപ്പെട്ടു.
യുപി മുഖ്യമന്ത്രി ആദിത്യനാഥ് 2019 ഏപ്രിലിൽ ‘മോദിജിയുടെ സൈന്യം’ എന്ന് സേനയെ അവഹേളിച്ചെന്നും ചൂണ്ടിക്കാട്ടി. നാവികസേന മുന്‍ മേധാവി അഡ്മിറൽ വിഷ്‍ണു ഭഗവത്, കരസേന മുന്‍ ഉപമേധാവി ലെഫ്. ജനറൽ വിജയ്‍ ഒബ്റോയി തുടങ്ങിയ മുന്‍ സൈനികര്‍, റിട്ട ഐഎഎസുകാര്‍, ഐപിഎസുകാര്‍, അക്കാദമിക് വിദഗ്ധര്‍ തുടങ്ങി നാൽപ്പതിലേറെ പേരാണ് കത്തിൽ ഒപ്പിട്ടത്.









0 comments