തൊഴിലുറപ്പിലെ കടുംവെട്ട്, കേന്ദ്ര നയത്തിനെതിരെ ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളും; പ്രതിഷേധം പുറത്തെത്തിയത് വിവരാവകാശ രേഖയിൽ

ന്യൂഡൽഹി: ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച കേന്ദ്രസര്‍ക്കാര്‍ പുതിയതായി നടപ്പാക്കുന്ന 'വികസിത് ഭാരത്-ഗ്യാരണ്ടി ഫോർ റോസ്ഗാർ ആൻഡ് ആജീവിക മിഷൻ -ഗ്രാമീൺ' (VB-G RAM G) പദ്ധതിയിലെ ചതി തിരിച്ചറിഞ്ഞ് ബിജെപി മുന്നണി ഭരണത്തിലുള്ള സംസ്ഥാനങ്ങളും. പുതിയ പദ്ധതി നടപ്പിലാകുന്നതോടെ സംസ്ഥാനങ്ങളും ഇതുവരെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കീഴിൽ പ്രവര്‍ത്തിച്ചിരുന്ന ഗ്രാമീണ മേഖലയിലെ തൊഴിലാളികളും കടുത്ത പ്രതിസന്ധിയിലാകുമെന്ന് കണക്കുകൾ സഹിതം ചൂണ്ടികാട്ടി കേന്ദ്ര സര്‍ക്കാരിനെ പ്രതിഷേധം അറിയിച്ചു.
വിവരാവകാശ നിയമപ്രകാരം കേന്ദ്ര ഗ്രാമവികസന മന്ത്രാലയം പുറത്തുവിട്ട രേഖകൾ വഴിയാണ് എൻ ഡി എ ഭരിക്കുന്ന സംസ്ഥാനങ്ങൾ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയ വിവരങ്ങൾ പുറത്തെത്തിയത്. ബീഹാർ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളും ഉത്തരാഖണ്ഡും ജാർഖണ്ഡും ഇതിനെതിരെ പ്രതികരിച്ചിട്ടുണ്ട്. നോര്‍ത്ത് ഈസ്റ്റിലെ മിക്ക സംസ്ഥാനങ്ങളും പ്രതിഷേധത്തിലാണ്. പ്രതികാരമായി ഇതര ഫണ്ടുകളും തടഞ്ഞേക്കാം എന്ന ഭീതിയിൽ ചില സംസ്ഥാനങ്ങൾ ആശങ്ക പരസ്യമാക്കാതെ തുടരുന്നു. പ്രതിഷേധം അറിയിച്ചവര്‍ തന്നെ രഹസ്യമായാണ് ചെയ്തത്. വിവരാവകാശ രേഖവഴിയാണ് പരസ്യപ്പെട്ടത്.
125 ദിവസത്തെ തൊഴിൽ ഉറപ്പുനൽകാൻ ഇപ്പോൾ അനുവദിച്ച തുക ഒട്ടും പര്യാപ്തമല്ലെന്ന് ഈ സംസ്ഥാനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. മാത്രമല്ല പുതിയ വ്യവസ്ഥകൾ തൊഴിൽ അവകാശ സംരക്ഷണത്തിന് പകരം തൊഴിലാളി ചൂഷണത്തിനാവും വഴിവെക്കുക എന്നും വ്യക്തമാക്കുന്നു. പ്രതിഷേധങ്ങളും പോരായ്മകളും പരിഗണിക്കാതെയും ബാധ്യതകൾ സംസ്ഥാനങ്ങൾക്ക് കൈമാറിയും ജൂലൈ ഒന്നുമുതൽ പദ്ധതി നടപ്പാക്കാനിരിക്കയാണ്.
കേരളം നേരത്തെ പറഞ്ഞത്
പഴയ MGNREGA പദ്ധതി പ്രകാരം തൊഴിലാളികളുടെ കൂലി മുഴുവനായും കേന്ദ്ര സർക്കാരാണ് നൽകിയിരുന്നത്. എന്നാൽ പുതിയ നിയമപ്രകാരം സംസ്ഥാനങ്ങൾ മൊത്തം ചിലവിന്റെ 40 ശതമാനം തുക സ്വന്തം ഖജനാവിൽ നിന്ന് കണ്ടെത്തണം. 125 ദിവസത്തെ തൊഴിൽ ഉറപ്പുനൽകാൻ ഇപ്പോൾ അനുവദിച്ച തുക ഒട്ടും പര്യാപ്തമല്ലെന്ന് എൻ ഡി എ മുന്നണി ഭരണത്തിലുള്ള സംസ്ഥാനങ്ങളും ഇപ്പോൾ തിരിച്ചറിയുകയാണ്.
തൊഴിൽ ദിനങ്ങൾ 125 ആയി വർദ്ധിപ്പിച്ചു എന്നു പറയുന്നതിന് അർഥമില്ല. കാരണം പുതിയ നിയമപ്രകാരം ഡിമാൻഡിന് അനുസരിച്ച് തൊഴിലെന്ന തത്വം അവസാനിപ്പിച്ചു. പകരം വാർഷിക സംസ്ഥാന അലോകേഷന് അനുസരിച്ച് തൊഴിൽ എന്നതായി തത്വം. കേന്ദ്ര സർക്കാർ അവരുടെ മാനദണ്ഡമനുസരിച്ച് ഓരോ സംസ്ഥാനത്തിനുമുള്ള അലോകേഷൻ നിശ്ചയിക്കുന്നു. അതിനു മുകളിൽ തൊഴിൽ നൽകണമെങ്കിൽ സംസ്ഥാന സർക്കാർ പണം കണ്ടെത്തിക്കൊള്ളണം. കേരളമായിരിക്കും ഏറ്റവും കൂടുതൽ പണം നഷ്ടപ്പെടാൻ പോകുന്ന സംസ്ഥാനങ്ങളിലൊന്ന്- ഡോ. ടി എം തോമസ് ഐസക്ക്
അടികിട്ടിയ സംസ്ഥാനങ്ങൾ
നിലവിലെ അലോക്കേഷൻ പ്രകാരം ബീഹാറിന് 4,477 കോടി രൂപയാണ് ബാധ്യത വരുന്നത്. എന്നാൽ 125 ദിവസത്തെ തൊഴിൽ നൽകണമെങ്കിൽ സംസ്ഥാനം 15,939 കോടി രൂപ കണ്ടെത്തേണ്ടിവരും.
മധ്യപ്രദേശ് ചൂണ്ടികാട്ടിയിട്ടുള്ളത് ഇതിലും വലിയ ബാധ്യതകളുടെ കണക്കാണ്. നിലവിലെ തുകയനുസരിച്ച് വെറും 43 ദിവസത്തെ തൊഴിൽ മാത്രമേ നൽകാനാകൂ. 125 ദിവസം തികയ്ക്കണമെങ്കിൽ 20,037 കോടി രൂപ സർക്കാരിന് അധികമായി കണ്ടെത്തേണ്ടതുണ്ട്.
ഭൂപ്രകൃതിയിലെ ബുദ്ധിമുട്ടുകൾ കൂടി പരിഗണിക്കാതെ ഉത്തരാഖണ്ഡ് സിക്കിം എന്നീ ഹിമാലയൻ സംസ്ഥാനങ്ങൾക്ക് മേലെയും ബാധ്യത ചുമത്തി. വ്യവസ്ഥ പുനഃപരിശോധിക്കണമെന്നും പഴയതുപോലെ കേന്ദ്രം തന്നെ മുഴുവൻ കൂലിയും നൽകണമെന്നും ഈ സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. പഴയ പദ്ധതി പ്രകാരം കേന്ദ്രത്തിൽ നിന്ന് ലഭിക്കാനുള്ള കൂലിയും മെറ്റീരിയൽ ബില്ലുകളും വൈകുന്നതിലെ രോഷവും പ്രകടിപ്പിക്കുന്നു.
'ബ്ലാക്ക് ഔട്ട് പീരിയഡ്':
കൂലി കുറക്കാനുള്ള തന്ത്രമോ
വിളവെടുപ്പ് കാലത്ത് വൻകിട ഭൂവുടമകൾക്ക് കുറഞ്ഞ കൂലിക്ക് തൊഴിലാളികളെ ലഭ്യമാക്കാൻ വേണ്ടി 60 ദിവസത്തെ നിർബന്ധിത തൊഴിൽ രഹിത കാലയളവ് പുതിയ പദ്ധതിയിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഇതേ സംസ്ഥാനങ്ങൾ ഉയര്‍ത്തിയത്. പഞ്ചാബ്, കർണാടക, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളും ഈ വ്യവസ്ഥയെ ശക്തമായി എതിർത്തിരുന്നു. ഈ 60 ദിവസം സർക്കാർ തൊഴിൽ നിഷേധിക്കുന്നത് വഴി തൊഴിലാളികൾ കുറഞ്ഞ കൂലിക്ക് സ്വകാര്യ മേഖലയിൽ പണിയെടുക്കാൻ നിർബന്ധിതരാകും. ഇത് വൻകിടക്കാരുടെ ചൂഷണത്തിന് വഴിവെക്കുമെന്നും തൊഴിലാളികളുടെ വിലപേശൽ ശേഷി ഇല്ലാതാക്കുമെന്നും ചൂണ്ടിക്കാണിക്കുന്നു. കേരളം നേരത്തെ അക്കമിട്ട് നൽകിയിരുന്ന വീഴ്ചകളും പോരായ്മകളുമാണിവ.
കുറഞ്ഞ കൂലി നിലനിർത്തുന്നു
വിപണി നിരക്കിനേക്കാൾ വളരെ കുറഞ്ഞ കൂലിയാണ് നിലവിൽ തൊഴിലുറപ്പ് മേഖലയിലുള്ളത്. ബീഹാർ ആവശ്യപ്പെട്ടത് 413 രൂപയായിരുന്നു ഇത് നിലവിൽ 255 രൂപയായി കുറച്ചു. ജമ്മു കശ്മീർ ആവശ്യപ്പെട്ടത് 311 രൂപയായിരുന്നത് പുതിയ പദ്ധതിയിൽ 272 രൂപയായി കുറച്ചു. ഈ സംസ്ഥാനങ്ങൾ ഉൾപ്പെടെ 5 സംസ്ഥാനങ്ങൾ കൂലി വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. ഭൂ ഉടമകളുടെയും തൊഴിൽ ഉടമകളുടെയും താത്പര്യങ്ങൾ പ്രാഥമികമായി പരിഗണിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതി പൊളിച്ചെഴുതി പേരും മാറ്റി മുന്നോട്ട് പോകുന്നത് എന്നാണ് വിമര്‍ശനം.
പദ്ധതിയുടെ പേര് മാറ്റുക വഴി ഗ്രാമീണ ജനതയുടെ ഏക ജീവനോപാധിയായ തൊഴിലുറപ്പ് പദ്ധതിയുടെ സാമ്പത്തിക ഉത്തരവാദിത്തത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിൻവാങ്ങുകയാണെന്ന കാര്യം നേരത്തെ തന്നെ കേരളം പോലുള്ള സംസ്ഥാനങ്ങൾ ചൂണ്ടി കാട്ടിയിരുന്നു. സംസ്ഥാനങ്ങൾക്ക് ഈ വൻ തുക താങ്ങാൻ കഴിയാതെ വരുന്നതോടെ തൊഴിൽ ദിനങ്ങൾ വെട്ടിക്കുറയ്ക്കപ്പെടുകയും അത് പാവപ്പെട്ട തൊഴിലാളികളെ ദാരിദ്ര്യത്തിലേക്കും ചൂഷണത്തിലേക്കും തള്ളിവിടുമെന്നും വ്യക്തമാക്കി. ആ ഘട്ടത്തിൽ എല്ലാം നിശ്ശബ്ദമായിരുന്ന ബിജെപി നയിക്കുന്ന സംസ്ഥാന സർക്കാരുകളും ഇപ്പോൾ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കയാണ്.
കേരളം പ്രതിഷേധിച്ചപ്പോൾ
പരിഹസിച്ചവര്‍
കേന്ദ്ര സർക്കാർ അവരുടെ മാനദണ്ഡമനുസരിച്ച് ഓരോ സംസ്ഥാനത്തിനുമുള്ള അലോകേഷൻ നിശ്ചയിക്കുന്ന സമീപനമാണ് പുതിയ പദ്ധതിയിൽ. അതിനു മുകളിൽ തൊഴിൽ നൽകണമെങ്കിൽ സംസ്ഥാന സർക്കാർ പണം കണ്ടെത്തിക്കൊള്ളണം എന്നാണ് ഉത്തരവ്. കേരളമാണ് ഇതിൽ ഏറ്റവും കൂടുതൽ പണം നഷ്ടപ്പെടാൻ പോകുന്ന സംസ്ഥാനങ്ങളിലൊന്ന്. ചുരുങ്ങിയത് 1500 കോടിയെങ്കിലും കേരള സർക്കാറിന് അധിക ചിലവാകും. ഇപ്പോൾ ഇക്കാര്യം സംസ്ഥാന ഭരണങ്ങൾ നയിക്കുന്ന ബിജെപി നേതൃത്വം തന്നെ തിരിച്ചറിഞ്ഞ് നിലവിളികൾ തുടങ്ങിയിരിക്കയാണ്.
കേന്ദ്ര സര്‍ക്കാര്‍ പുതിയ പദ്ധതി പ്രഖ്യാപിച്ചപ്പോൾ അതിന്റെ ചുരുക്കെഴുത്തിൽ രാമനെ കൊണ്ടു വരിക എന്ന ജാഗ്രതയ്ക്കാണ് മുൻഗണന നൽകിയത്. തൊഴിലാളികളെ അടിയാളരായും ചൂഷണത്തിന് അടിപ്പെട്ട് നിൽക്കാൻ ധാര്‍മ്മിക ബാധ്യതയുള്ളവരായും കാണുന്ന മനോഭാവം പദ്ധതിയുടെ ആസൂത്രകര്‍ പിന്തുടര്‍ന്നു. ബിജെപി നയമായ അധ്വാനിച്ചു ജീവിക്കുന്ന ജന്മമികവുകൾ ഇല്ലാത്ത പാവങ്ങളോടുള്ള അകൽച്ചയുടെ നില കാത്തു സൂക്ഷിച്ചു.
അഴിമതി തടയാനാണെന്ന് പറഞ്ഞ് സങ്കീര്‍ണമായ ക്രമങ്ങൾ പലമടങ്ങ് വർദ്ധിപ്പിക്കയാണ് ബില്ലിൽ ചെയ്തത്. പഞ്ചായത്തുകളായിരിക്കില്ല ചെയ്യേണ്ട പ്രവർത്തികൾ തീരുമാനിക്കുന്നത് എന്ന നിലയ്ക്കും മാറ്റങ്ങൾ കൊണ്ടു വന്നു. മുകളിൽ നിന്ന് യജമാനര്‍ നിര്‍ദ്ദേശിക്കും. പ്രധാനമന്ത്രി ഗഡി ശക്തി ഇന്റെഗ്രേഷൻ എന്ന ഡിജിറ്റൽ ഗ്രിഡിൽ ഉൾകൊള്ളിച്ചിട്ടുള്ള പ്രോജക്ടുകളോ സ്കീമുകളോ വേണം തൊഴിലുറപ്പിന് തെരഞ്ഞെടുക്കാൻ.
പദ്ധതിയിൽ നിന്നും മഹാത്മാ ഗാന്ധിയെ കളഞ്ഞ് രാമനെ കൊണ്ടു വന്നതിന് ഒപ്പം ഗ്രാമതല ആസൂത്രണം എന്നതും മാറ്റി മേലാളരുടെ നിശ്ചയ പ്രകാരമുള്ളത് എന്നാക്കി. വൈകി എങ്കിലും സംസ്ഥാന തലങ്ങളിൽ ബിജെപി ഭരണം നയിക്കുന്നവരും ഈ കെണിയുടെ കുത്സിത ലക്ഷ്യങ്ങളിൽ സംശയാലുക്കളായിരിക്കയാണ്. ഉൾതലങ്ങളിലെ പ്രതിഷേധങ്ങൾ പതിവ് പോലെ മൂടി വെച്ചത് വിവരാവകാശത്തിലൂടെ വെളിപ്പെടുകയും ചെയ്തിരിക്കുന്നു.











0 comments