തേജസ്വി യാദവിനെ കൊലപ്പെടുത്താൻ ശ്രമമെന്ന് റാബ്രിദേവി

പട്‌ന: തന്റെ മകൻ തേജസ്വി യാദവിനെ കൊലപ്പെടുത്താൻ ഭരണകക്ഷിയായ ജെഡിയു-ബിജെപി സഖ്യം ഗൂഢാലോചന നടത്തിയെന്ന് മുൻ ബീഹാർ മുഖ്യമന്ത്രി റാബ്രി ദേവി. ബിഹാര്‍ നിയമസഭയിലെ പ്രതിപക്ഷ നേതാവും ഇന്ത്യാമുന്നണിയിലെ പ്രമുഖ നേതാവുമായ തേജസ്വിയെ ഇല്ലതാക്കാൻ രണ്ടോ മുന്നോ നാലോവട്ടം ശ്രമം നടന്നിട്ടുണ്ടെന്ന് പിടിഐ വാർത്താ ഏജൻസിക്ക് നല്‍കിയ അഭിമുഖത്തില്‍ അവര്‍ ആരോപിച്ചു.
"ബിഹാറില്‍ ധാരാളം കൊലപാതകങ്ങള്‍ നടക്കുന്നുണ്ട്. ഒന്നുകൂടി സംഭവിക്കട്ടേ എന്ന പോലെയാണ്. മറ്റാരാണ്, ജെഡിയു-ബിജെപി സഖ്യമാണ് ഈ ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ ഒരു വെല്ലുവിളി ആകാതിരിക്കാന്‍ തേജസ്വിയെ കൊലപ്പെടുത്താനാണ് അവര്‍ ആഗ്രഹിക്കുന്നത്" എന്നായിരുന്നു വാക്കുകൾ.
മുന്‍പൊരിക്കല്‍ തേജസ്വിയുടെ വാഹനത്തിലേക്ക് ട്രക്ക് ഇടിച്ചുകയറ്റിയ സംഭവം ഉണ്ടായതായും റാബ്രി പറഞ്ഞു.
ഈ ആഴ്ച ആദ്യം വോട്ടർ പട്ടികയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്ന നീക്കം ചെയ്യൽ പരിഷ്കരണ പരിപാടിക്ക് എതിരെ നിയമസഭയിൽ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് കടുത്ത ഭാഷയിൽ പ്രതികരിച്ചിരുന്നു. ഇതിനിടെ മുഖ്യമന്ത്രി നിതീഷ് കുമാറുമായും തർക്കം ഉണ്ടായി. ഇതിനെ തുടർന്ന് സ്പീക്കർ നന്ദ് കിഷോർ യാദവ് ഉച്ചയ്ക്ക് 2 മണി വരെ സഭാ നടപടികൾ നിർത്തിവച്ചു,
"നീ ഒരു കുട്ടിയാണ്. ഇതുപോലുള്ള കാര്യങ്ങളെക്കുറിച്ച് നിനക്ക് ഒന്നും അറിയില്ല. സഭയുടെ അവസാന സമ്മേളനത്തിന് മൂന്ന് ദിവസങ്ങൾ മാത്രമേ ശേഷിക്കുന്നുള്ളൂ. അത് വരെ നിയമനിർമ്മാണ പ്രവർത്തനങ്ങൾ നടത്തട്ടെ. നിങ്ങൾക്ക് എന്ത് അസംബന്ധം സംസാരിക്കണമെങ്കിലും, തിരഞ്ഞെടുപ്പ് സമയത്ത് അത് ഇഷ്ടാനുസരണം ചെയ്യാം" എന്നായിരുന്നു നിതീഷിന്റെ വാക്കുകൾ.
തേജസ്വി ഇതിനെതിരെ പ്രതികരിച്ചതോടെ "അദ്ദേഹത്തിന്റെ ( തേജസ്വി യാദവിന്റെ) മാതാപിതാക്കൾ മുഖ്യമന്ത്രിമാരായിരുന്നപ്പോൾ, അവർ സ്ത്രീകൾക്കോ മുസ്ലീങ്ങൾക്കോ സമൂഹത്തിലെ മറ്റേതെങ്കിലും വിഭാഗത്തിനോ വേണ്ടി ഒന്നും ചെയ്തില്ല. എന്തെങ്കിലും ലഭിച്ച ഒരേയൊരു സ്ത്രീ അദ്ദേഹത്തിന്റെ അമ്മയായിരുന്നു". എന്നും പ്രതികരിച്ചു.









0 comments