ad
Deshabhimani

ആക്രമണത്തെ അപലപിക്കാൻപോലും
തയ്യാറാകാതെ മോദി

print edition സംഘർഷമേഖലയിൽ ഒരുകോടിയോളം ഇന്ത്യക്കാർ ; നോക്കിനിന്ന് കേന്ദ്ര ബിജെപി സർക്കാർ

Modi.jpg
വെബ് ഡെസ്ക്

Published on Mar 03, 2026, 02:16 AM | 1 min read


ന്യൂഡൽഹി

ഇറാനെതിരെ യുഎസും ഇസ്രയേലും ആക്രമണമാരംഭിച്ചതോടെ സംഘർഷത്തിലായ പശ്‌ചിമേഷ്യൻ മേഖലയിൽ ആശങ്കയോടെ കഴിയുന്നത്‌ ഒരു കോടിയോളം ഇന്ത്യക്കാർ. സ‍ൗദി, യുഎഇ, ഒമാൻ, കുവൈത്ത്‌, ഖത്തർ, ബഹ്റൈൻ, ഇറാൻ, ഇറാഖ്‌, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങളില്‍ ഇന്ത്യക്കാര്‍ ഏറെയുണ്ട്.


ഇറാനെ ആക്രമിക്കുന്ന യുഎസ്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്റെയും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെയും അടുത്ത സുഹൃത്തെന്നാണ്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വയം വിശേഷിപ്പിക്കുന്നത്‌. ഇറാനെതിരെ ആക്രമണമാരംഭിക്കുന്നതിന്‌ തൊട്ടുമുമ്പായി നെതന്യാഹുവിന്റെ ക്ഷണപ്രകാരം മോദി ഇസ്രയേൽ സന്ദർശിക്കുകയും ചെയ്‌തിരുന്നു. മോദി തന്റെ അടുത്ത സുഹൃത്താണെന്ന അവകാശവാദം നെതന്യാഹുവും നടത്തി. ഗാസയിൽ ഇസ്രയേൽ തുടരുന്ന നരഹത്യയ്‌ക്കടക്കം പൂർണ പിന്തുണ പ്രഖ്യാപിച്ചാണ്‌ മോദി മടങ്ങിയത്‌.


പിന്നാലെ ഇസ്രയേലും അമേരിക്കയും ചേർന്നാരംഭിച്ച ആക്രമണം പശ്‌ചിമേഷ്യൻ മേഖലയിലെ ഇന്ത്യാക്കാരെ പ്രതിന്ധിയിലേക്ക്‌ തള്ളിവിട്ടിട്ടും മോദി സർക്കാർ കാഴ്‌ചക്കാരായി തുടരുകയാണ്‌. ആക്രമണത്തെ അപലപിക്കാൻ സർക്കാർ ഇതുവരെ കൂട്ടാക്കിയിട്ടില്ല. ചർച്ചകളിലൂടെ പ്രശ്‌നപരിഹാരം കാണണമെന്ന ദുർബലമായ പ്രസ്‌താവന മാത്രമാണ്‌ വിദേശകാര്യ മന്ത്രാലയം നടത്തിയത്‌. ഒരു കോടിയോളം ഇന്ത്യക്കാർ സംഘർഷമേഖലയിൽ തുടരുന്ന സാഹചര്യത്തിൽ അടിയന്തര വെടിനിർത്തലിന്‌ തയ്യാറാകണമെന്ന്‌ ട്രംപിനോടോ നെതന്യാഹുവിനോടോ പറയാൻ മോദി ധൈര്യപ്പെടുന്നില്ല.


യുഎഇയിലും സ‍ൗദിയിലും മാത്രമായി അറുപത്‌ ലക്ഷത്തോളം ഇന്ത്യക്കാരുണ്ട്‌. കുവൈത്തിൽ പത്തുലക്ഷവും ഒമാനിൽ ഏഴുലക്ഷവും ഖത്തറിൽ എട്ടര ലക്ഷവും ബഹ്‍റൈനിൽ മൂന്നര ലക്ഷവും ഇന്ത്യക്കാർ കഴിയുന്നുണ്ട്‌. ഇസ്രയേലിൽ ഒരു ലക്ഷത്തിലേറെയും ഇറാനിൽ പതിനായിരത്തിലേറെയും ഇന്ത്യക്കാരുണ്ട്‌. വിമാനസർവീസുകളടക്കം സ്‌തംഭിച്ചതിനാൽ സംഘർഷമേഖലയിൽനിന്ന്‌ പുറത്തുകടക്കാൻ പോലുമാകാത്ത ദുരവസ്ഥയിലാണിവര്‍.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home