print edition 3112 കോടി ബിജെപിക്ക് ; ഇലക്‌ടറൽ ട്രസ്റ്റിൽ വിവാദ വ്യവസായികൾ വാരിക്കോരി കൊടുത്തു

ന്യൂഡൽഹി
ഇലക്‌ടറൽ ബോണ്ട് സുപ്രീംകോടതി റദ്ദാക്കിയതോടെ ഇലക്ടറൽ ട്രസ്റ്റ്‌വഴി ബിജെപിയുടെ ഖജനാവിലേക്ക് കോർപറേറ്റ് കന്പനികൾ പണം ഒഴുക്കുന്നു. കന്പനികളും വ്യക്തികളും ചേർന്ന് രൂപീകരിച്ച ഒൻപത് തെരഞ്ഞെടുപ്പ് ട്രസ്റ്റുകൾ കഴിഞ്ഞ സാന്പത്തിക വർഷം രാഷ്ട്രീയ പാർടികൾക്ക് നൽകിയ 3,811 കോടിയിൽ 3,112 കോടിയും (82 ശതമാനം) കിട്ടിയത് ബിജെപിക്കാണ്. രണ്ടാം സ്ഥാനത്തുള്ള കോൺഗ്രസിന് 299 കോടി ലഭിച്ചു. ടിഡിപി, തൃണമൂൽ, എഎപി തുടങ്ങിയ മറ്റ് പാർടികൾക്കെല്ലാം ചേർന്ന് 400 കോടി ലഭിച്ചു. ഇലക്ടറൽ ട്രസ്റ്റുകൾ വരുമാന മാർഗത്തിൽ ഒന്ന് മാത്രമാണ്. മറ്റ് സംഭാവനകൾ ചേർത്താൽ ബിജെപിക്ക് കിട്ടിയ തുക ഇതിന്റെ നാലിരട്ടിയാകും. അതേസമയം, ഇലക്‌ട്രൽ ബോണ്ടിനെതിരെ നിയമയുദ്ധം നടത്തിയ സിപിഐ എം, കുത്തക കന്പനികളിൽ നിന്ന് പണം സ്വീകരിക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
ദേശീയപാത നിർമാണത്തിൽ അപാകതവരുത്തി വിവാദത്തിലായ മേഘ എൻജിനിയറിങ് കമ്പനി ഉൾപ്പെടുന്ന പ്രൂഡന്റ് ഇലക്ടറൽ ട്രസ്റ്റാണ് ഏറ്റവും കൂടുതൽ പണം നൽകിയത്– 2668.46 കോടി. ഇതിൽ 2,180.07 കോടിയും ബിജെപിക്കാണ്. പ്രോഗ്രസീവ് ഇലക്ടറൽ ട്രസ്റ്റിന്റെ 914.97 കോടിയിൽ 757.62 കോടിയും ബിജെപിക്ക്. ന്യൂഡെമോക്രാറ്റിക് ട്രസ്‌റ്റിന്റെ 260 കോടിയിൽ 150 കോടി, ഹാർമണി ട്രസ്‌റ്റിന്റെ 35.65കോടിയിൽ 30.15 കോടി, ട്രയംഫ് ട്രസ്‌റ്റിന്റെ 25 കോടിയിൽ 21 കോടിയും ബിജെപിക്കാണ്. ഐൻസഗാർട്ടഗിന്റെ മുഴുവൻ പണവും ബിജെപിക്കാണ്.










0 comments