print edition ജാതിവിവേചനം ചെറുക്കാനുള്ള യുജിസി ചട്ടത്തിനെതിരെ ബിജെപി

സ്വന്തം ലേഖകൻ
Published on Jan 28, 2026, 05:00 AM | 1 min read
ന്യൂഡൽഹി
: ഉന്നതവിദ്യാഭ്യാസ മേഖലയിൽ ജാതി വിവേചനം ഇല്ലാതാക്കാനുള്ള യുജിസി വിജ്ഞാപനത്തിനെതിരെ ബിജെപി. സുപ്രീംകോടതി നിർദേശത്തെ തുടർന്ന് യുജിസി വിജ്ഞാപനം ചെയ്‌ത ‘ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ തുല്യത പ്രോത്സാഹിപ്പിക്കുന്നതിനുള്ള ചട്ടങ്ങൾ 2026’ പിൻവലിക്കണമെന്ന് ബിജെപി നേതാക്കൾ ആവശ്യപ്പെട്ടു.
മനൻ കുമാർ എംപി, ബ്രിജ് ഭൂഷൺ സിങ്ങിന്റെ മകനും എംഎൽഎയുമായ പ്രതീക് ശരൺ സിങ് ഉൾപ്പെടെയുള്ള ജനപ്രതിനിധികളും മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ കൽരാജ് മിശ്രയും രംഗത്തെത്തി. നിർദേശങ്ങളെ ദുരുപയോഗിക്കാൻ അനുവദിക്കില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു. കോൺഗ്രസ് ജനറൽ സെക്രട്ടറി ജിതേന്ദ്ര സിങ് അൽവാറും നിർദേശങ്ങൾക്കെതിരെ രംഗത്തെത്തി.
ഉത്തർപ്രദേശിലാണ് ശക്തമായ എതിർപ്പുയർന്നത്.
ചട്ടം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാക്കൾ പ്രധാനമന്ത്രിക്ക് കത്തയച്ചു. തിങ്കളാഴ്‌ച ലഖ്‌നൗവിലെ ബിജെപിയുടെ 11 ഭാരവാഹികൾ രാജിവച്ചു. ഡൽഹിയിൽ യുജിസി ഓഫീസിന് മുന്നിൽ സവർണ വിദ്യാർഥികൾ പ്രതിഷേധിച്ചു. യുപി ബറേലി സിറ്റി മജിസ്‌ട്രേറ്റ് അലങ്കാർ അഗ്‌നിഹോത്രി രാജിവച്ചു.
ജാത്യധിക്ഷേപത്തെത്തുടർന്ന് ആത്മഹത്യചെയ്‌ത രോഹിത് വെമുല, പായൽ തദ്‌വി എന്നീ വിദ്യാർഥികളുടെ അമ്മമാർ നൽകിയ പരാതിയിൽ സുപ്രീംകോടതി നൽകിയ നിർദേശത്തിലാണ് യുജിസി ചട്ടങ്ങൾ പുറത്തിറക്കിയത്. വിജ്ഞാപനംപ്രകാരം എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും തുല്യ അവസര കേന്ദ്രം, തുല്യതാ സമിതി, തുല്യതാ സ്‌ക്വാഡ് എന്നിവ ആരംഭിക്കണം. പിന്നോക്ക വിഭാഗ വിദ്യാർഥികൾക്ക് നിയമസഹായത്തിനാണ് അഞ്ചുപേരടങ്ങുന്ന തുല്യ അവസര കേന്ദ്രം. പരാതികൾ പരിഹരിക്കാനാണ് തുല്യതാ കമ്മിറ്റി. സ്‌ക്വാഡ് വിവേചനങ്ങളുണ്ടാവുന്നുണ്ടോ എന്ന് നിരീക്ഷിക്കാനാണ്. പരാതികൾ കേൾക്കാൻ ഹെൽപ് ലൈനും പ്രവർത്തിക്കണം.










0 comments