പരീക്ഷാ ക്രമക്കേട്: ബിഹാറില്‍ വിദ്യാർഥി പ്രതിഷേധത്തിനിടെ പൊലീസിന്റെ ലാത്തിച്ചാർജ്

പട്‌ന: പരീക്ഷാ ക്രമക്കേടുകളും നിയമനത്തിലെ കാലതാമസവും ചൂണ്ടിക്കാട്ടി ബിഹാറിൽ വിദ്യാർഥികൾ ആരംഭിച്ച പ്രതിഷേധം അടിച്ചമര്‍ത്താന്‍ കടുത്ത നടപടികളുമായി പൊലീസ്. പ്രതിഷേധത്തിനിടെ വിദ്യാര്‍ഥികള്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. ഗാന്ധി മൈതാനിയിൽനിന്ന് രാജ്ഭവനിലേക്കായിരുന്നു മാർച്ച്. ഇത് തടയുന്നതിനായി ഡാക് ബംഗ്ലാവ് ചൗക്കിൽ പൊലീസ് ബാരിക്കേഡ് സ്ഥാപിച്ചിരുന്നു.
വിദ്യാര്‍ഥികള്‍ ബാരിക്കേഡ് മറികടന്ന് മുന്നോട്ടുപോകാൻ ശ്രമിച്ചതോടെയാണ് പൊലീസിന്‍റെ ലാത്തി ചാര്‍ജുണ്ടായത്. പൊലീസ് ജലപീരങ്കി പ്രയോഗിച്ച് പ്രതിഷേധക്കാരെ പിരിച്ചുവിടാൻ ശ്രമിച്ചു. പ്രതിഷേധക്കാരിൽ ചിലരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ബിപിഎസ്‌സി ഉദ്യോഗാർഥികളാണ് ചൊവ്വാഴ്ച പട്‌നയിൽ പ്രതിഷേധ മാർച്ച് നടത്തിയത്. ഉദ്യോഗാർത്ഥികളുടെയും വിദ്യാർഥികളുടെയും ആവശ്യങ്ങളിൽ ബിഹാർ പബ്ലിക് സർവീസ് കമ്മീഷൻ (ബിപിഎസ്‍സി) നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് ഉദ്യോഗാർത്ഥികൾ രംഗത്തെത്തിയത്. പരീക്ഷാ-നിയമന നടപടികളിലെ സുതാര്യത ഉറപ്പാക്കുക, ഒഴിവുകളിലേക്കുള്ള നിയമനം വൈകാതെ നടത്തുക, പരീക്ഷാ രീതിയിലെ അനിശ്ചിതത്വം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് വിദ്യാർഥികൾ ഉന്നയിക്കുന്നത്.
നാലാം ഘട്ട ബിഹാർ ടീച്ചർ റിക്രൂട്ട്‌മെന്റ് പരീക്ഷയുടെ (ടിആർഇ-4) വിജ്ഞാപനം വൈകുന്നതാണ് നിലവിലെ പ്രതിഷേധത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്. 32,000ത്തിലധികം അധ്യാപക തസ്തികകളിലേക്കുള്ള ഔദ്യോഗിക വിജ്ഞാപനം അടിയന്തരമായി പുറത്തിറക്കണമെന്നാണ് ഉദ്യോഗാർഥികളുടെ ആവശ്യം. പരീക്ഷ രണ്ട് ഘട്ടങ്ങളായി നടത്താനുള്ള നീക്കത്തെയും അവർ എതിർക്കുന്നു. നിയമന നടപടികൾ വീണ്ടും വൈകാൻ ഇടയാക്കുമെന്നാണ് അവരുടെ ആശങ്ക.
ടിആർഇ-4 പരീക്ഷ ഒറ്റഘട്ടമായി നടത്തുക, നിയമന നടപടികളിൽ സുതാര്യത ഉറപ്പാക്കുക, ബിഹാർ സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ ഉൾപ്പെടെയുള്ള പരീക്ഷകളിൽ ഉദ്യോഗാർഥികൾക്ക് നീതിയുക്തമായ അവസരം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും പ്രതിഷേധക്കാർ ഉന്നയിക്കുന്നുണ്ട്. ഹിന്ദി മാധ്യമത്തിൽ പഠിച്ച ഉദ്യോഗാർഥികൾക്ക് തുല്യ അവസരം ഉറപ്പാക്കണമെന്നും അവർ ആവശ്യപ്പെടുന്നു.
70-ാം ബിപിഎസ്‌സി സിവിൽ സർവീസ് പരീക്ഷയുമായി ബന്ധപ്പെട്ടും ഉദ്യോഗാർഥികൾ നേരത്തെ തന്നെ പരാതികൾ ഉന്നയിച്ചിരുന്നു. മാർക്കിങ് രീതിയിലെ പൊരുത്തക്കേടുകൾ, ചോദ്യപേപ്പർ ചോർച്ച സംബന്ധിച്ച ആരോപണങ്ങൾ, പരീക്ഷാ രീതിയിലെ മാറ്റങ്ങൾ എന്നിവയാണ് പ്രധാന പരാതികൾ. ഈ സാഹചര്യത്തിൽ 70-ാം ബിപിഎസ്‌സി പരീക്ഷ റദ്ദാക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
ഗവേഷകരും അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിലെ പുതിയ മാനദണ്ഡങ്ങളെ ചോദ്യം ചെയ്തിട്ടുണ്ട്. ഇംഗ്ലീഷ് മാധ്യമത്തിൽ പഠിച്ച ഉദ്യോഗാർഥികൾക്ക് കൂടുതൽ പ്രാധാന്യം ലഭിക്കുന്ന തരത്തിലാണ് ചില വ്യവസ്ഥകളെന്ന ആശങ്കയും അവർ ഉന്നയിക്കുന്നു.
പ്രതിഷേധക്കാരുമായി സർക്കാർ നേരിട്ട് ചർച്ച നടത്തണമെന്ന ആവശ്യം ശക്തമാണ്. ഒൻപത് ദിവസമായി വിദ്യാർഥികൾ നിരാഹാര സമരത്തിലാണെന്നും സർക്കാർ നേരത്തെ തന്നെ ചർച്ചയ്ക്ക് തയ്യാറായിരുന്നെങ്കിൽ നിലവിലെ സാഹചര്യം ഒഴിവാക്കാമായിരുന്നുവെന്നും കോൺഗ്രസ് നേതാവ് സുശീൽ കുമാർ പറഞ്ഞു. ടിആർഇ-4 ഒറ്റഘട്ടമായി നടത്തണമെന്നും നെഗറ്റീവ് മാർക്കിങ് ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിദ്യാർഥികളുടെ പരാതികൾ നേരിട്ട് പരിഹരിക്കുന്നതിനായി എല്ലാ മാസവും ‘വിദ്യാർഥി സഹയോഗ് ശിവിർ’ സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി സമ്രാട് ചൗധരി പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ മാസവും നാലാമത്തെ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്യാംപുകൾ നടത്തും. പരാതികൾ ഓൺലൈനായി രജിസ്റ്റർ ചെയ്യാനും അവയുടെ സ്ഥിതി പരിശോധിക്കാനും സംവിധാനമൊരുക്കുമെന്നും സർക്കാർ അറിയിച്ചു. ഇതിനായി 1100 എന്ന ഹെൽപ്‌ലൈൻ നമ്പറും ഏർപ്പെടുത്തിയിട്ടുണ്ട്.
പ്രതിഷേധത്തിന് പ്രതിപക്ഷമായ ആർജെഡിയും പ്രതിപക്ഷ നേതാവ് തേജസ്വി യാദവും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിഷേധിക്കുന്ന ബിപിഎസ്‌സി ഉദ്യോഗാർഥികളുമായി സർക്കാർ ചർച്ച നടത്തണമെന്നും പ്രശ്നങ്ങൾ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് തേജസ്വി യാദവ് മുഖ്യമന്ത്രിക്ക് കത്തയച്ചു.
14 വിദ്യാർഥി-യുവജന സംഘടനകളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബിപിഎസ്‌സി പരീക്ഷാ കൺട്രോളർ രാജേഷ് കുമാറിന്റെ പരാമർശവും ഇതിനിടെ വിവാദമായി. പരീക്ഷാ ക്രമക്കേടുകളെയും ചോദ്യപേപ്പർ ചോർച്ച ആരോപണങ്ങളെയും കുറിച്ചുള്ള ചോദ്യത്തിന് ‘ആന ചന്തയിലൂടെ നടക്കുമ്പോൾ ആയിരം നായ്ക്കൾ കുരയ്ക്കും’ എന്നർഥമുള്ള പരാമർശമാണ് അദ്ദേഹം നടത്തിയത്. ഇതിനെ തേജസ്വി യാദവ് വിമർശിച്ചു.
നിയമന പരീക്ഷകളിലെ കാലതാമസവും ക്രമക്കേടുകളെക്കുറിച്ചുള്ള പരാതികളും തുടർച്ചയായി ഉയരുന്ന സാഹചര്യത്തിലാണ് ബിഹാറിൽ വിദ്യാർഥി പ്രതിഷേധം വീണ്ടും ശക്തമായിരിക്കുന്നത്.









0 comments