യുജിസി നെറ്റ്: പരീക്ഷാ കേന്ദ്രങ്ങൾ മാറ്റാൻ കറക്ഷൻ വിൻഡോ തുറക്കണം - എസ്എഫ്ഐ

ന്യൂഡൽഹി: ഇംഗ്ലീഷ്, കോമേഴ്സ്, സോഷ്യോളജി തുടങ്ങിയ വിഷയങ്ങളിലെ യുജിസി നെറ്റ് പരീക്ഷകൾ റദ്ദാക്കുകയും തീയതികൾ മാറ്റിവെക്കുകയും ചെയ്ത പശ്ചാത്തലത്തിൽ, ഉദ്യോഗാർത്ഥികൾക്ക് പരീക്ഷാ കേന്ദ്രം മാറ്റുന്നതിനായി അടിയന്തരമായി കറക്ഷൻ വിൻഡോ തുറക്കണമെന്ന് എസ്എഫ്ഐ.
പെട്ടെന്നുണ്ടായ പരീക്ഷാ മാറ്റം കാരണം ആയിരക്കണക്കിന് വിദ്യാർഥികളും ഗവേഷകരുമാണ് പ്രയാസത്തിലായിരിക്കുന്നത്. നിലവിൽ ഹോസ്റ്റലുകളിലും സർവകലാശാലകളിലും കഴിയുന്നവർക്കും, പഠന ആവശ്യങ്ങൾ കഴിഞ്ഞ് വീടുകളിലേക്ക് മടങ്ങിയവർക്കും പെട്ടെന്ന് പഴയ പരീക്ഷാ കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യുന്നത് വലിയ സാമ്പത്തിക-യാത്രാ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്ന് എസ്എഫ്ഐ പറഞ്ഞു.
ഭരണകൂടത്തിന്റെയോ ഏജൻസിയുടെയോ അനാസ്ഥയുടെ പ്രത്യാഘാതം വിദ്യാർഥികൾ അനുഭവിക്കേണ്ടതില്ല. അവരുടെ നിലവിലെ താമസസ്ഥലത്തിന് അനുയോജ്യമായ രീതിയിൽ പരീക്ഷാ നഗരമോ കേന്ദ്രമോ തിരഞ്ഞെടുക്കാൻ അവസരം നൽകണം. പരീക്ഷാ തീയതികളിലുണ്ടായ മാറ്റം കാരണം ഒരു വിദ്യാർഥിയുടെയും അവസരം നഷ്ടപ്പെടരുത്. വിദ്യാർഥി സൗഹൃദപരമായ നിലപാട് എൻടിഎ സ്വീകരിക്കണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു.









0 comments