മീൻ ട്രക്ക് ഇടിച്ച് 13 കാരന് ദാരുണാന്ത്യം; കുട്ടി റോഡിൽ കിടക്കുമ്പോൾ നാട്ടുകാർക്ക് തിരക്ക് മീൻ കൊള്ളയടിക്കാൻ

പട്ന: വാഹനാപകടത്തിൽപ്പെട്ട് 13 വയസ്സുകാരൻ റോഡിൽ ചോരവാർന്ന് മറിച്ച് കിടക്കുമ്പോൾ, അപകടത്തിൽപ്പെട്ട വാഹനത്തിലുണ്ടായിരുന്ന മീനുകൾ കൊള്ളയടിക്കാൻ മത്സരിച്ച് നാട്ടുകാർ.
ബിഹാറിലെ പുർണിയ ജില്ലയിലാണ് സംഭവം. സൈക്കിളിൽ വരികയായിരുന്ന കുട്ടിയെ മീൻ കയറ്റിവന്ന പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ വാൻ മറിയുകയും അതിലുണ്ടായിരുന്ന മീനുകൾ റോഡിലാകെ ചിതറുകയും ചെയ്തു.
ഗുരുതരമായി പരിക്കേറ്റ കുട്ടി തൽക്ഷണം മരിച്ചു. കുട്ടിയെ തിരിഞ്ഞുനോക്കാൻ പോലും ആരും തയ്യാറായില്ല. പട്നഇതിനിടെ അതുവഴി വന്നവരും പ്രദേശവാസികളും റോഡിൽ ചിതറിക്കിടന്ന മീനുകൾ വാരിക്കൂട്ടുന്ന തിരക്കിലായിരുന്നു.
മരിച്ച കുട്ടിയുടെ മൃതദേഹത്തിന് തൊട്ടടുത്തുകൂടിയാണ് ആളുകൾ ചാക്കുകളിലും കവറുകളിലും മീൻ നിറച്ച് കൊണ്ടുപോയത്. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്.
ഏറെ നേരത്തിന് ശേഷം പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും കുട്ടി മരണപ്പെട്ടിരുന്നു. ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. വികസനത്തെക്കുറിച്ചും സംസ്‌കാരത്തെക്കുറിച്ചും വാചാലരാകുമ്പോഴും സഹജീവികളോടുള്ള കരുണ വറ്റിപ്പോകുന്ന ഒരു ജനതയുടെ നേർചിത്രമാണ് ബിഹാറിൽ നിന്നുള്ള ഈ ദൃശ്യങ്ങൾ.
അപകടത്തിൽപ്പെട്ട കുട്ടിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നും കുറ്റവാളികളെയും കൊള്ളയടിച്ചവരെയും പിടികൂടണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാണ്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.










0 comments