ad
Deshabhimani

കുട്ടികൾക്കെതിരായ ചൂഷണ ദൃശ്യങ്ങൾ ഓൺലൈനിൽ; കേന്ദ്രത്തിന് അവസാന താക്കീതുമായി സുപ്രീം കോടതി

supreme Court
വെബ് ഡെസ്ക്

Published on Sep 24, 2026, 05:44 PM | 1 min read

ന്യൂഡൽഹി: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതും ദുരുപയോഗം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങൾ പ്രചരിക്കുന്നത് തടയാൻ സ്വീകരിച്ച നടപടികൾ വ്യക്തമാക്കാൻ കേന്ദ്ര സർക്കാരിന് ഒരു അവസരം കൂടി നൽകി സുപ്രീം കോടതി.


ജസ്റ്റ് റൈറ്റ്സ് ഫോർ ചിൽഡ്രൻ അലയൻസ് സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് ജെ ബി പർദിവാല, ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്രത്തിന് നിർദേശം നൽകിയത്. ഇത്തരം ഉള്ളടക്കങ്ങൾ പ്രചരിക്കുന്നത് ഇന്ത്യയിലെ അധികാരികൾക്ക് റിപ്പോർട്ട് ചെയ്യാത്ത സോഷ്യൽ മീഡിയ കമ്പനികൾക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടു.


വിഷയത്തിൽ കേന്ദ്ര ഇലക്‌ട്രോണിക്‌സ്-വിവരസാങ്കേതിക മന്ത്രാലയത്തിൽ നിന്നും നിയമ മന്ത്രാലയത്തിൽ നിന്നും ആഗസ്റ്റ് 14ന് വിവരങ്ങൾ തേടിയിരുന്നെങ്കിലും ഇതുവരെ മറുപടി സമർപ്പിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. വിഷയം അതീവ ഗൗരവമുള്ളതാണെന്നും റിപ്പോർട് സമർപ്പിക്കാൻ ഇരു മന്ത്രാലയങ്ങൾക്കും നൽകുന്ന അവസാന അവസരമാണിതെന്നും കോടതി വ്യക്തമാക്കി.


പോക്‌സോ നിയമപ്രകാരം, പ്ലാറ്റ്‌ഫോമുകളിൽ ഇത്തരം ദൃശ്യങ്ങൾ കാണപ്പെട്ടാൽ ഉടൻ തന്നെ പൊലീസിനെ അറിയിക്കാൻ സോഷ്യൽ മീഡിയ കമ്പനികൾ ബാധ്യസ്ഥരാണെന്ന് 2024 സെപ്റ്റംബറിലെ സുപ്രീം കോടതി വിധിയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ കമ്പനികൾ ഇത് കൃത്യമായി പാലിക്കുന്നില്ലെന്ന് ഹർജിയിൽ പറയുന്നു.


അതേസമയം വിഷയം സർക്കാർ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഒരു കമ്പനിക്കെതിരെ നോട്ടീസ് അയച്ച് നിയമനടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കെ എം നടരാജ് കോടതിയെ അറിയിച്ചു. കേസ് കൂടുതൽ വാദം കേൾക്കുന്നതിനായി ഒക്ടോബർ 15-ലേക്ക് മാറ്റി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home