ബിഹാറിൽ പത്രികാസമർപ്പണം നാളെ തുടങ്ങും; സീറ്റ് ചർച്ചകൾ സജീവം


എൻ എ ബക്കർ
Published on Oct 09, 2025, 02:50 PM | 3 min read
പട്ന: ബിഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിനുള്ള പത്രികാസമർപ്പണം വെള്ളിയാഴ്ച തുടങ്ങും. മഹാസഖ്യത്തിലും എൻഡിഎയിലും സീറ്റ് വിഭജനചർച്ചകൾ പൂർണമായിട്ടില്ല.
ഭരണമുന്നണിയായ എൻഡിഎയിൽ ബിജെപിയും ജെഡിയുവും തമ്മിൽ മൂപ്പിളമ തർക്കത്തിലാണ്. ഇൗ തെരഞ്ഞെടുപ്പോടെ മുഖ്യമന്ത്രി നിതീഷ്‌കുമാറിനെയും ജെഡിയുവിനെയും നാമമാത്ര സാന്നിധ്യമാക്കി മാറ്റാനാണ് ബിജെപിയുടെ നീക്കങ്ങൾ. ഇത് മനസിലാക്കി ജെഡിയുവും നിലപാട് കടുപ്പിച്ചിരിക്കയാണ്. നിരന്തരം കളംമാറി ‘പാൽടുറാം’ (യുടേൺ) എന്ന വിളിപ്പേരോടെ തന്ത്രങ്ങൾ പയറ്റി, മുഖ്യമന്ത്രി സ്ഥാനത്ത് രണ്ടുപതിറ്റാണ്ടായി തുടരുന്ന നിതീഷിന് പഴയ വീര്യമില്ലെങ്കിലും ബിജെപിക്ക് വഴങ്ങിക്കൊടുക്കാൻ ജെഡിയുവിലെ പല നേതാക്കളും തയ്യാറല്ല.
ജെഡിയുവിന് 101-102സീറ്റ്, ബിജെപിക്ക് 100- 101, എൽജെപി(ആർ) 24- 25, എച്ച്എഎം 8-10, ഉപേന്ദ്ര കുശ്‌വാഹയുടെ രാഷ്‌ട്രീയ ലോക് മോർച്ച 7 സീറ്റ് എന്നിങ്ങനെ വീതം വെക്കാനാണ് ബിജെപി ശ്രമം. 110 സീറ്റുകളിലേക്കുള്ള സാധ്യതയുള്ള സ്ഥാനാർത്ഥികളുടെ പട്ടിക ബിജെപി ഡൽഹിയിലേക്ക് അയച്ചിട്ടുണ്ട്.
40 സീറ്റുകൾ വേണമെന്ന് എൽജെപി (രാംവിലാസ്) അധ്യക്ഷൻ ചിരാഗ് പസ്വാൻ ആവശ്യപ്പെടുന്നുണ്ട്. 20 മുതൽ 25 വരെ സീറ്റുകൾ നൽകാമെന്നാണ് ബിജെപി നേരത്തെ തന്നെ നിലപാട് എടുത്തിരുന്നത്. 2020ലെ തെരഞ്ഞെടുപ്പിൽ ചിരാഗ് പാസ്വാനെ ഉപയോഗിച്ച് ബിജെപി നിതീഷിന്റെ ചിറകുകൾ അരിയാൻ ശ്രമിച്ചത് ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. ചിരാഗിന്റെ പ്രചാരണം ഏതാണ്ട് പൂർണമായും നിതീഷിന്റെ പിഴവുകൾ ചൂണ്ടിക്കാട്ടിയായിരുന്നു. 243 അംഗ നിയമസഭയിൽ, ജെഡിയുവിന്റെ അംഗബലം 43 ആയി ചുരുങ്ങുകയും ചെയ്‌തു. ഇതിനിടെ ചിരാഗ് പസ്വാനും ജൻസൂരജ് പാർടി നേതാവ് പ്രശാന്ത് കിഷോറും ചർച്ചനടത്തിയതായും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.
ജിതിൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാൻ അവാം മോർച്ചയുടെ ആവശ്യം 15 സീറ്റുകളെങ്കിലും വേണമെന്നാണ്. ഇല്ലെങ്കിൽ മത്സരിക്കാനില്ലെന്നാണ് പാർട്ടി അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജിതൻ റാം മാഞ്ചി പറഞ്ഞിട്ടുള്ളത്. എട്ട് സീറ്റുകളാണ് ബിജെപി വെച്ചു നീട്ടിയത്.
, മഹാസഖ്യത്തിൽ കഴിഞ്ഞ തവണ 144 സീറ്റുകളിൽ മത്സരിച്ച ആർജെഡി 135 സീറ്റ് എന്ന ഒത്തു തീർപ്പിൽ ഇതര കക്ഷികൾക്കായി പിടി അയച്ചു. 70 സീറ്റിൽ മത്സരിച്ച കോൺഗ്രസിന് ഇത്തവണ വിഹിതം 60 ൽ കുറയും എന്നാണ് മഹാസഖ്യത്തിൽ നിന്നുള്ള സൂചനകൾ പുറത്തായത്. സിപിഐ(എംഎൽ) സിപിഐ എം സിപിഐ എന്നിവയുമായി ചർച്ചകൾ തുടരുകയാണ്. മുകേഷ് സഹാനിയുടെ വികാസ്ശീൽ ഇൻസാൻ പാർടിയും മഹാസഖ്യത്തിന്റെ ഭാഗമാണ്.
ആം ആദ്മി പാർടി 243 മണ്ഡലങ്ങളിലും മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. 11 സ്ഥാനാർഥികളുടെ പട്ടികയും പുറത്തിറക്കി.

തെരഞ്ഞെടുപ്പ് രണ്ട് ഘട്ടം
നവംബർ 6 നും 11 നും രണ്ട് ഘട്ടങ്ങളിലായാണ് ബീഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പ്. നവംബർ 14 നാണ് വോട്ടെണ്ണൽ. ഒരു പോളിംഗ് സ്റ്റേഷനിൽ യോഗ്യരായ വോട്ടർമാരുടെ ശരാശരി എണ്ണം 819 ആയി നിശ്ചയിച്ചിട്ടുണ്ട്. ഒരു ബൂത്തിൽ മുമ്പുണ്ടായിരുന്ന 1,500 വോട്ടർമാരിൽ നിന്ന് ഇപ്പോൾ 1,200 ആയി നിജപ്പെടുത്തി. 2020 ലെ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായാണ് നടന്നത്.
ഒക്ടോബർ 11 ന് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന 121 മണ്ഡലങ്ങളിലെ പത്രികാ സമർപ്പണം പൂർത്തിയാക്കണം. ഒക്ടോബർ 20 ന് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന 122 മണ്ഡലങ്ങളിലെ പത്രികാ സമർപ്പണം പൂർത്തായാക്കണം. തൊട്ടടുത്ത ദിവസങ്ങളിലായി അന്തിമ പരിശോധനകളും പൂർത്തിയാവും.
കഴിഞ്ഞ തവണത്തെ വ്യത്യാസം 12,000 വോട്ട് മാത്രം
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ആർജെഡിയാണ് ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയത്-23.11 ശതമാനം. ബിജെപി-19.46 ശതമാനം, ജെഡിയു-15.39 ശതമാനം, കോൺഗ്രസ്-9.48 ശതമാനം, ഇടതുപാർട്ടികൾ-4.64 ശതമാനം എന്നിങ്ങനെ. 12,000 വോട്ടിന്റെ വ്യത്യാസമായിരുന്നു മുന്നണികളും തമ്മിൽ.
80 സീറ്റുകളിൽ ഏറ്റവും വലിയ ഒറ്റ കക്ഷിയായി ബിജെപി ഇടംപിടിച്ചു. മഹാസഖ്യത്തിലെ കക്ഷിയായ രാഷ്ട്രീയ ജനതാദൾ (ആർജെഡി) 77 സീറ്റുകളുമായി രണ്ടാം സ്ഥാനത്തുണ്ട്. തേജസ്വി യാദവാണ് ഇപ്പോൾ നായക സ്ഥാനത്ത്.
കഴിഞ്ഞ തവണ സിപിഐഎംഎൽ 11 സീറ്റു നേടി. 70 സീറ്റിൽ മത്സരിച്ച കോൺഗ്രസിന് 19 ഇടത്ത് മാത്രമാണ് ജയിക്കാനായത്. ഹിന്ദുസ്ഥാനി അവാം മോർച്ച സെക്കുലറിന് (എച്ച്എഎംഎസ്) നാല് സീറ്റുകൾ. , സിപിഎം, സിപിഐ രണ്ട് വീതം സീറ്റുകൾ എന്നിങ്ങനെയാണ് നിലവിലെ നില.രണ്ട് സ്വതന്ത്ര എംഎൽഎമാരുമുണ്ട്.
നിർണായക തെരഞ്ഞെടുപ്പ്
ചുരുങ്ങിയ സമയത്തിനുള്ളിൽ വോട്ടർപട്ടികയിൽ തീവ്ര പുനഃപരിശോധന നടത്താൻ തെരഞ്ഞെടുപ്പ് കമീഷൻ ഇറങ്ങിപ്പുറപ്പെട്ടത് കടുത്ത പ്രതിഷേധത്തിനും നിയമയുദ്ധത്തിനും ഇടയാക്കി. നിലവിൽ ഉണ്ടായിരുന്ന വോട്ടർപട്ടികയിൽനിന്ന് 68.66 ലക്ഷം പേരെ വെട്ടിയിരിക്കയാണ്. വോട്ടവകാശത്തിനുള്ള പന്ത്രണ്ടാമത്തെ രേഖയായി ആധാർ പരിഗണിക്കണമെന്ന സുപ്രീംകോടതി നിർദേശവും തെരഞ്ഞെടുപ്പ് കമീഷൻ അംഗീകരിച്ചിട്ടില്ല. കേന്ദ്രസർക്കാരിന്റെയും ബിജെപിയുടെയും രാഷ്‌ട്രീയഅജണ്ട നടപ്പാക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ നിന്നുകൊടുക്കുകയാണെന്ന ആരോപണം ശക്തമാണ്. ദളിത്, ന്യൂനപക്ഷ വിഭാഗങ്ങൾക്ക് വോട്ടവകാശം നിഷേധിക്കാനാണ് കമീഷൻ സങ്കീർണമായ നടപടി ശ്രമങ്ങൾ വഴി ശ്രമിക്കുന്നതെന്ന് രാഷ്‌ട്രീയ പാർടികൾ ആരോപിക്കുന്നു. 92,258 ചതുരശ്ര കിലോമീറ്റർ വിസ്‌തൃതിയുള്ള വിശാലമായ സംസ്ഥാനമാണ് ബിഹാർ. ഏകദേശം 13.07 കോടി ജനസംഖ്യയുണ്ട്. 90,712 പോളിങ് സ്റ്റേഷനുകളുണ്ട്. 3.92 കോടി പുരുഷന്മാരും 3.50 സ്ത്രീകളും ഉൾപ്പെടെ 7.42 കോടിയിലധികം വോട്ടർമാരുള്ളതായും 100 വയസിനു മുകളിലുള്ള 14,000 വോട്ടർമാരുള്ളതായും പുതുക്കിയ വോട്ടർ പട്ടിക വ്യക്തമാക്കുന്നു.
പുതിയ വോട്ടർമാർ
14 ലക്ഷം കന്നി വോട്ടർമാരുണ്ട്. 18 നും 19 നും ഇടയിലുള്ളവരാണ്. 2020 ൽ 11.7 ലക്ഷം കന്നിക്കാരാണ് ഉണ്ടായിരുന്നത്.
2015 കന്നിക്കാർ 3.16 ശതമാനം ആയിരുന്നു. 2020 ൽ 1.53 ശതമാനം. 2025 ൽ 1.88 ശതമാനമായി വീണ്ടും ഉയർന്നു. കഴിഞ്ഞ വർഷം ശരാശരി ഭൂരിപക്ഷം 16,825 ആയിരുന്നു എന്ന സാഹചര്യത്തിൽ ഇവരുടെ വോട്ടുകൾ നിർണ്ണായകമാവുന്നു.










0 comments