ബിഹാറിൽ അഞ്ചു വയസുകാരനെ പീഡിപ്പിച്ച് കൊലപ്പെടുത്തി; ജനനേന്ദ്രിയം മുറിച്ചുമാറ്റി, സ്കൂൾ ഗാർഡ് അറസ്റ്റിൽ

പാട്ന: ബിഹാറിൽ അഞ്ചു വയസുകാരനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സ്കൂൾ ഗാർഡ് അറസ്റ്റിൽ. ബിഹാറിലെ ജെഹാനാബാദിലുള്ള റസിഡൻഷ്യൽ സ്കൂൾ കാന്റീനിലെ ജീവനക്കാരനായ മുകേഷ് (46) ആണ് അറസ്റ്റിലായത്. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് മുകേഷിന്റെ മൊഴി.
ഞായറാഴ്ച രാത്രി മുകേഷ് വിദ്യാർഥിയെ പ്രലോഭിപ്പിച്ച് തന്റെ മുറിയിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. വിദ്യാർഥി നിലവിളിക്കുമെന്നും താൻ പിടിയിലാകുമെന്നും ഭയന്ന് കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഹോസ്റ്റലിലെ ഗോവണിപ്പടിയിൽ ഉപേക്ഷിച്ചു. പിറ്റേന്ന് രാവിലെ ഹോസ്റ്റൽ നടത്തിപ്പുകാരൻ വിളിച്ചപ്പോഴാണ് കുട്ടി ആശുപത്രിയിലാണെന്ന വിവരം പിതാവ് അറിയുന്നത്. ആശുപത്രിയിൽ എത്തിയപ്പോൾ കുട്ടിയുടെ കഴുത്തറുത്ത നിലയിലും ജനനേന്ദ്രിയം മുറിച്ചുമാറ്റപ്പെട്ട നിലയിലുമായിരുന്നു. ഉടൻ പട്നയിലെ മൾട്ടി സ്പെഷാലിറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
കൊലപാതകത്തിന് ഉപയോഗിച്ച ബ്ലേഡ് പൊലീസ് കണ്ടെടുത്തു. വർഷങ്ങൾക്ക് മുമ്പ് മുകേഷിനെ, ഭാര്യ ഉപേക്ഷിച്ചു പോയിരുന്നു. മാനസികമായി നിരാശനായ ഇയാളെ ഹോസ്റ്റലിലെ കുട്ടികൾ പരിഹസിച്ചിരുന്നതും പൊലീസ് പറഞ്ഞു. കൂടാതെ, ഹോസ്റ്റൽ നടത്തിപ്പുകാരനുമായുള്ള തർക്കത്തെത്തുടർന്ന് ഹോസ്റ്റലിനെ അപകീർത്തിപ്പെടുത്തുമെന്നും അത് പൂട്ടിക്കുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു. ബലാത്സംഗം, കൊലപാതകം, പോക്സോ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് മുകേഷിനെതിരെ കേസെടുത്തിരിക്കുന്നത്. കുറ്റം ചെയ്യുമ്പോൾ താൻ മദ്യലഹരിയിലായിരുന്നുവെന്ന് പ്രതി വെളിപ്പെടുത്തി.










0 comments