ad
Deshabhimani

ബിഹാർ ; തിരിച്ചുവരവിന്‌ മഹാസഖ്യം

bihar election
avatar
എം അഖിൽ

Published on Oct 07, 2025, 04:04 AM | 1 min read


ന്യൂഡൽഹി

​ചടുലമായ രാഷ്ട്രീയ പോരാട്ടങ്ങൾക്ക്‌ പേരുകേട്ട ബിഹാർ വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടുന്പോൾ രാജ്യത്തിന്റെ രാഷ്ട്രീയഭാവിയെ സ്വാധീനിച്ചേക്കാവുന്ന നിർണായക ജനവിധിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ്‌ ജനാധിപത്യവിശ്വാസികൾ. ദാരിദ്ര്യവും തൊഴിലില്ലായ്‌മയും വികസനമുരടിപ്പും വോട്ടുവെട്ടലും ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ മുഖ്യചർച്ചാവിഷയങ്ങളാകുന്ന തെരഞ്ഞെടുപ്പിൽ ശക്തമായ ഭരണവിരുദ്ധവികാരമാണ്‌ എൻഡിഎ നേരിടുന്ന വലിയ വെല്ലുവിളി.


രൂക്ഷമായ ഭരണവിരുദ്ധ വികാരം മറികടക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സമീപകാലത്ത്‌ നിരവധി വികസനപദ്ധതികളും വോട്ടർമാരുടെ അക്ക‍ൗണ്ടുകളിലേക്ക്‌ നേരിട്ടുള്ള സഹായധനം നിക്ഷേപിക്കലും വ്യാപകമാക്കി. എന്നാൽ, തെരഞ്ഞെടുപ്പിന്‌ തൊട്ടുമുന്പുള്ള ഇ‍ൗ ‘ജനക്ഷേമ നാടകങ്ങൾ’ തിരിച്ചറിയാൻ ബിഹാറിലെ വോട്ടർമാർക്ക്‌ രാഷ്ട്രീയബോധമുണ്ടെന്നാണ്‌ പ്രതിപക്ഷത്തിന്റെ കണക്കുകൂട്ടൽ.


ഭരണവിരുദ്ധ വികാരം ശമിപ്പിക്കാൻ സിറ്റിങ് എംഎൽഎമാരിൽ മോശം പ്രകടനം കാഴ്‌ച്ച വെച്ചവരെ ഒഴിവാക്കാൻ ബിജെപി നീക്കം തുടങ്ങി. അതേസമയം, മുതിർന്ന നേതാക്കൾക്കും മന്ത്രിമാർക്കും സീറ്റ്‌ നിഷേധിച്ചാൽ സംഭവിക്കാനിടയുള്ള പാളയത്തിൽപടയും വിമതശല്യവും ഫലപ്രദമായി പ്രതിരോധിക്കാൻ സാധിക്കുമോയെന്ന സന്ദേഹം നേതൃത്വത്തിനുണ്ട്‌.


‘വീണ്ടും നിതീഷ്‌കുമാർ’ എന്ന ജെഡിയു മുദ്രാവാക്യത്തോട്‌ ബിജെപിക്ക്‌ താൽപര്യമില്ല. നിർണായക ഘട്ടത്തിൽ രാഷ്ട്രീയകൂട്ടാളികളെ പിന്നിൽനിന്നും കുത്തി മറുകണ്ടം ചാടുന്ന നിതീഷിന്റെ സഹജസ്വഭാവവും അദ്ദേഹത്തിന്റെ പ്രായവും ആരോഗ്യപ്രശ്‌നങ്ങളുമാണ്‌ ബിജെപി നിലപാടിനുപിന്നിൽ. അതേസമയം, തെരഞ്ഞെടുപ്പിനുമുന്പ്‌ ഇക്കാര്യം പരസ്യമാക്കിയാൽ അത്‌ മുന്നണിയിൽ വലിയകലഹങ്ങൾ ഉണ്ടാക്കുമെന്നതിനാൽ തന്ത്രപൂർവ്വം മ‍ൗനം പാലിക്കുകയാണ്‌.


സാമൂഹ്യനീതിയും സമഗ്രവികസനവും ഉൾപ്പെടെയുള്ള വാഗ്‌ദാനങ്ങളാണ്‌ മഹാസഖ്യം മുന്നോട്ടുവെക്കുന്നത്‌. ആർജെഡിയും തേജസ്വിയാദവും പ്രചരണരംഗത്ത്‌ സജീവമായി. പിന്നോക്കവിഭാഗങ്ങളുടെ വോട്ട്‌ പരമാവധി സമാഹരിക്കാനും ന്യൂനപക്ഷവോട്ട്‌ നിലനിർത്താനും സാമൂഹ്യമായും സാന്പത്തികമായും ഏറെ പിന്നോക്കാവസ്ഥയിലുള്ള വിഭാഗങ്ങളുടെ വോട്ട്‌ ഉറപ്പിക്കാനും കഴിഞ്ഞാൽ മാറ്റം ഉണ്ടാകുമെന്നാണ്‌ മഹാസഖ്യത്തിന്റെ കണക്കുകൂട്ടൽ.


കഴിഞ്ഞ തവണ 70 സീറ്റിൽ 19 സീറ്റ്‌ മാത്രം ജയിക്കാൻ കഴിഞ്ഞ കോൺഗ്രസിന്‌ ഇ‍ൗ തെരഞ്ഞെടുപ്പ്‌ നിലനിൽപ്പിനായുള്ള പോരാട്ടം കൂടിയാണ്‌. അടിത്തട്ടിൽ വലിയ മുന്നേറ്റങ്ങൾ നടത്തിയിട്ടുള്ള ഇടതുപക്ഷം കൂടുതൽ സീറ്റുകളിൽ മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ്‌.


ജാർഖണ്ഡ്‌ മുക്തി മോർച്ച, കഴിഞ്ഞ തവണ എൻഡിഎയുടെ ഭാഗമായിരുന്ന വികാസ്‌ശീൽ ഇൻസാൻ പാർടി എന്നിവ ഇക്കുറി മഹാസഖ്യത്തിന്‌ ഒപ്പമാണ്‌. അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎം, പ്രശാന്ത്‌ കിഷോറിന്റെ ജൻസൂരജ്‌ പാർടികളും മത്സരരംഗത്തുണ്ട്‌.


bihar election



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home