ബിഹാറിൽ ബിജെപി എംഎൽഎയ്ക്ക് ആക്രമണക്കേസിൽ തടവു ശിക്ഷ

പട്ന : 2019 ലെ ആക്രമണക്കേസിൽ ബിഹാറിലെ ബിജെപി എംഎൽഎ മിശ്രിലാൽ യാദവിനും കൂട്ടാളി സുരേഷ് യാദവിനും രണ്ട് വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. ദർഭംഗ ജില്ലയിലെ കോടതിയാണ് ചൊവ്വാഴ്ച എംഎൽഎയെ ശിക്ഷിച്ചത്. പ്രത്യേക എംപി/എംഎൽഎ കോടതിയിലെ അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജി സുമൻ കുമാർ ദിവാകറാണ് വിധി പറഞ്ഞത്. മിശ്രി ലാൽ യാദവിനും കൂട്ടാളിക്കും ഒരു ലക്ഷം രൂപ വീതം പിഴയും വിധിച്ചിട്ടുണ്ട്.
2019 ജനുവരി 29 ന് സമൈല നിവാസിയായ ഉമേഷ് മിശ്രയെ ആക്രമിച്ച് പരിക്കേൽപ്പിച്ചതിന് ദർഭംഗയിലെ പ്രത്യേക എംപി/എംഎൽഎ കോടതിയിലെ പ്രത്യേക ജഡ്ജിയും അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റുമായ കരുണ നിധി പ്രസാദ് ആര്യ ഫെബ്രുവരിയിൽ ഇരുവർക്കും മൂന്ന് മാസം വീതം തടവ് ശിക്ഷ വിധിച്ചിരുന്നു. ശിക്ഷ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട ഉമേഷ് മിശ്രയുടെ ഹർജി കോടതി അംഗീകരിച്ചു. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതികളുടെ അപേക്ഷകൾ കോടതി തള്ളിയിരുന്നു.
മിശ്രയുടെ അപേക്ഷ അംഗീകരിക്കുകയും ഇരുപക്ഷത്തെയും കേൾക്കുകയും ചെയ്ത ശേഷം കോടതി തടവ് മൂന്ന് മാസത്തിൽ നിന്ന് രണ്ട് വർഷമായി വർദ്ധിപ്പിക്കുകയും ഇരുവർക്കും ഒരു ലക്ഷം രൂപ വീതം പിഴ ചുമത്തുകയുമായിരുന്നു. അലിനഗറിൽ നിന്നുള്ള എംഎൽഎയാണ് മിശ്രിലാൽ യാദവ്.









0 comments