ബിഹാറിൽ നിതീഷിനെ മാറ്റി മുഖ്യമന്ത്രി പദം സ്വന്തമാക്കാൻ ബിജെപി, മകൻ നിഷാന്തിനെ ഉപമുഖ്യമന്ത്രിയാക്കും

പട്ന: ബിഹാര്‍ മുഖ്യമന്ത്രിയും ജെഡി(യു) അധ്യക്ഷനുമായ നിതീഷ് കുമാറിന്റെ മകന്റെ രാഷ്ട്രീയ പ്രവേശന ചര്‍ച്ചകൾക്ക് പിന്നാലെ സംസ്ഥാനത്ത് വമ്പൻ രാഷ്ട്രീയ മാറ്റങ്ങൾക്ക് കളമൊരുങ്ങി. നിതീഷ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പടിയിറങ്ങാൻ പോകുന്നതായാണ് റിപ്പോര്‍ട്ടുകൾ.
മുഖ്യമന്ത്രി പദവി ബിജെപിക്ക് കൈമാറി ഇപ്പോൾ ഒഴിവു വന്നിട്ടുള്ള രാജ്യസഭാ സീറ്റിലേക്ക് നിതീഷ് എത്തുമെന്ന് വാര്‍ത്തകൾ പുറത്തു വന്നു. ബിജെപി മുഖ്യമന്ത്രിക്ക് കീഴിൽ മകൻ നിഷാന്ത് കുമാറിനെ ഉപമുഖ്യമന്ത്രിയാക്കുന്ന അധികാരകൈമാറ്റ ഫോർമുലയാണ് ചര്‍ച്ചകളിൽ. നേരത്തെ തന്നെ ബിജെപി ഇതിനുള്ള കരുനീക്കം ആരംഭിച്ചിരുന്നു. നിതീഷിന്റെ പ്രയാധിക്യവും അവശതയും മുതലെടുത്ത് മുഖ്യമന്ത്രി സ്ഥാനം കയ്യടക്കുകയായിരുന്നു ലക്ഷ്യം.
Related News
രാജ്യസഭയിലേക്കുള്ള ഒഴിവുകളിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി വ്യാഴാഴ്ചയാണ്. നിതീഷിന്റെ രാജ്യസഭാ പ്രവേശനവുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണം ഇതുവരെഉണ്ടായിട്ടില്ല. ജെഡിയുവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ ഇനിയും ഇതു സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.
നിഷാന്തിന്റെ രാഷ്ട്രീയ പ്രവേശനം ഉടൻ ഉണ്ടാകുമെന്ന് മുതിർന്ന ജെഡിയു നേതാവും ബിഹാർ മന്ത്രിയുമായ ശ്രാവൺ കുമാർ ഇന്നലെ പറഞ്ഞിരുന്നു. പാർട്ടി വൈകാതെ തന്നെ ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തുമെന്നും അറിയിച്ചു. ബുധനാഴ്ച തന്നെ പ്രഖ്യാപനം ഉണ്ടാവുമെന്നായിരുന്നു റിപ്പോര്‍ട്ടുകൾ. രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാൻ കഷ്ടിച്ച് ഒരു ദിവസമാണ് ബാക്കിയിരിക്കുന്നത്. തീരുമാനങ്ങൾ ഒരുമിച്ച് പുറത്തു വരാനിരിക്കയാണ്.
നിതീഷിന്റെ ആരോഗ്യവും,
നിഷാന്തിന്റെ രാഷ്ട്രീയ പ്രവേശനവും
ബിജെപിയുടെ കരുനീക്കങ്ങളും
കഴിഞ്ഞ കുറേ വർഷങ്ങളായി നിഷാന്ത് രാഷ്ട്രീയത്തിലേക്ക് വരണമെന്ന് പാർട്ടി പ്രവർത്തകർ ആവശ്യപ്പെടുന്നുണ്ടായിരുന്നു. 76വയസ് പിന്നിട്ട പിതാവ് നിതീഷ് കുമാര്‍ ഇത് പത്താമത് തവണയാണ് സംസ്ഥാന മുഖ്യമന്ത്രി സ്ഥാനത്ത്. 2005മുതൽ ചെറിയ ഒരു ഇടവേളയിൽ ഒഴികെ അദ്ദേഹം പദവിയിലുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ മറവിയും ആരോഗ്യ പ്രശ്നങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
പാര്‍ടി നേതേക്കളുടെ പേരുകൾ പോലും തെറ്റായി ഉഛരിച്ചു. തെരഞ്ഞെടുപ്പിൽ പക്ഷേ നിതീഷിന്റെ ജനപ്രീതിയാൽ ഇത് പ്രതിഫലിച്ചില്ല. പക്ഷേ വരാനിരിക്കുന്ന സാഹചര്യം മുൻകൂട്ടി കണ്ടാണ് ബി ജെ പി കരുക്കൾ നീക്കിയിരുന്നത്. നിഷാന്തിന്റെ രാഷ്ട്രീയ പ്രവേശനം ഇതിനുള്ള തികഞ്ഞ അവസരമായി.
നിതീഷിന്റെ പാര്‍ട്ടി വലിയ ശൂന്യത നേരിടുന്നുണ്ട്. ബിജെപി എല്ലായിടത്തും ചെയ്ത പോലെ പാര്‍ട്ടിയെ ദുര്‍ബലമാക്കി അധികാരം പൂര്‍ണ്ണമായും കയ്യടക്കുമോ എന്ന ആശങ്ക ഉടനീളം ഉണ്ടായിരുന്നു. കൂടെ ചേര്‍ത്ത് ഇല്ലാതാക്കുന്ന ബിജെപിയുടെ തന്ത്രം മറികടക്കൽ വലിയ വെല്ലുവിളിയായി തുടര്‍ന്നു. ഇതിനിടയിൽ നിഷാന്തിന്റെ രാഷ്ട്രീയത്തിലേക്കുള്ള വരവ് സഹായകമാവും എന്ന് ചര്‍ച്ചകളുണ്ടായി. പാര്‍ടി കാര്യങ്ങളിൽ താത്പര്യമില്ലാതെ ഒഴിഞ്ഞു നിൽക്കുകയായിരുന്നു 46 കാരനായ നിഷാന്ത്. എന്നാൽ ജെഡിയുവിന് നിതീഷിന്റെ ജനസ്വാധീനം നിലനിര്‍ത്തലും നേതൃ പ്രതിസന്ധി പരിഹരിക്കലും ഒരുമിച്ച് ആവശ്യമായി. മക്കൾ രാഷ്ട്രീയത്തിന് എതിരായ നിതീഷിന്റെ നിലപാട് ഉയര്‍ത്തിപ്പിടിച്ച് നിഷാന്തിന്റെ വരവ് ഇത്രയും നീട്ടിക്കൊണ്ടു പോയത് വിലപേശൽ ശേഷി കുറയ്ക്കുകയാണ് ചെയ്തത്. ഈ പ്രതിസന്ധികൾ എല്ലാം തന്നെ അവസരമാക്കുകയാണ് ബിജെപി.
സോഫ്റ്റ്‌വെയർ എഞ്ചിനീയറാണ് നിഷാന്ത് കുമാർ. ബിഐടി മെസ്‌റയിൽ നിന്നായിരുന്നു ബിരുദം നേടിയത്. പിതാവിന്റെ രാഷ്ട്രീയ ജീവിതത്തിൽ നിന്ന് അകലം പാലിച്ചിരുന്നു. നിഷാന്ത് കുമാറിനെ രാജ്യസഭയിലേക്കാണ് പരിഗണിക്കുന്നത് എന്ന് നേരത്തെ സംസ്ഥാനത്തെ പ്രാദേശിക മാധ്യങ്ങൾ റിപ്പോര്‍ട് ചെയ്തിരുന്നു. ഇതിനിടയിലാണ് ചര്‍ച്ചകൾ മാറിയതും ബിജെപി കരുക്കൾ മുറുക്കിയതും.










0 comments