print edition പ്രവചനാതീതം
 അടിയൊഴുക്കുകൾ ; ഒന്നാംഘട്ടം പരസ്യപ്രചാരണം ഇന്ന്‌ അവസാനിക്കും

bihar election

ബിഹാറിലെ ഹയാഘട്ടിലെ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തില്‍നിന്ന് 
 ഫോട്ടോ: പി വി സുജിത്

avatar
എം അഖിൽ

Published on Nov 04, 2025, 04:17 AM | 1 min read


പട്‌ന

‘ബിഹാർ ആര്‌ നേടുന്നുവോ ഡൽഹിയും അവർ തന്നെ പിടിക്കും. അതുകൊണ്ട്‌, മോദിജിയും അമിത്‌ജിയും 18 അടവും പ്രയോഗിക്കും. ഇത്തവണ ചില്ലറ കളിയല്ല നടക്കാൻ പോകുന്നത്‌’ – പട്‌നയിലേക്കുള്ള യാത്രക്കിടെ ടാക്‌സി ഡ്രൈവർ രാജേഷ്‌ പറഞ്ഞു. 121 സീറ്റിലേക്കുള്ള ഒന്നാംഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന്‌ ചൊവ്വാഴ്‌ച കൊടിയിറങ്ങുന്പോൾ ബിഹാറിലെ രാഷ്‌ട്രീയപോരാട്ടം പ്രവചനങ്ങൾക്ക്‌ പിടിതരാത്ത ക്ലൈമാക്‌സിലേക്ക്‌ നീങ്ങുകയാണ്‌. ​ഛഠ്‌പൂജയും അപ്രതീക്ഷിത മഴയും കാരണം ഒന്നാംഘട്ട തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ ആവശ്യമായ സമയം കിട്ടിയില്ലെന്ന പരാതി കക്ഷികൾക്കെല്ലാമുണ്ട്‌. എൻഡിഎയുടെയും മഹാസഖ്യത്തിന്റെയും പ്രമുഖ നേതാക്കൾ റാലികളിൽ പങ്കെടുക്കാനുള്ള നെട്ടോട്ടത്തിലാണ്‌. നേതാക്കളെയുംകൊണ്ടുള്ള ഹെലികോപ്‌റ്ററുകൾ തലങ്ങും വിലങ്ങും പായുന്നു.


പട്‌ന ഉൾപ്പടെയുള്ള നഗരമേഖലയിൽ നിതീഷ്‌ തിരിച്ചുവരുമെന്നാണ്‌ ഒരുവിഭാഗത്തിന്റെ നിലപാട്‌. അതേസമയം, ഗ്രാമീണമേഖലയിൽ നിന്നുള്ള ഒരേസ്വരത്തിലുള്ള പ്രതികരണം ഭരണമാറ്റമുണ്ടാകുമെന്നാണ്‌. തൊഴിലില്ലായ്‌മയും വികസനമുരടിപ്പും അഴിമതിയും ക്രമസമാധാന പ്രശ്‌നങ്ങളും മുഖ്യചർച്ചാവിഷയങ്ങളാണ്‌. അതേസമയം, ഭരണവിരുദ്ധ വികാരം മറികടക്കാൻ നിതീഷും മോദിയും അവസാനനിമിഷം പെയ്യിച്ച ‘വാഗ്‌ദാനപ്പെരുമഴ’ എന്ത്‌ സ്വാധീനമുണ്ടാക്കുമെന്നത്‌ കണ്ടറിയണം. ആർജെഡി തിരിച്ചെത്തിയാൽ ‘ജംഗിൾരാജ്‌’ തിരിച്ചുവരുമെന്ന പ്രചാരണം മോദിയും അമിത്‌ഷായും എല്ലാറാലികളിലും അഴിച്ചുവിട്ടിരുന്നു. എന്നാൽ, മൊകാമയിൽ പട്ടാപ്പകൽ ജൻ സുരാജ്‌ പ്രവർത്തകനെ ജെഡിയു സ്ഥാനാർഥി അനന്ത്‌ സിങ്ങിന്റെ അനുയായികൾ വെടിവച്ചുകൊന്ന സംഭവം എൻഡിഎയെ തിരിഞ്ഞുകൊത്തി.


ആദ്യഘട്ടത്തിലെ ആശയക്കുഴപ്പം മറികടന്ന്‌ മഹാസഖ്യം താഴേത്തട്ടിൽ ഐക്യത്തോടെ പ്രചാരണപ്രവർത്തനങ്ങളുമായി മുന്നേറുകയാണ്‌. തേജസ്വി യാദവ്‌ എല്ലാ മണ്ഡലങ്ങളിലും ഓടിയെത്തുന്നു.


അതേസമയം, അതിഥിയുടെ മട്ടിലാണ്‌ രാഹുൽ ഗാന്ധിയുടെ ഇടപെടലുകൾ. മുകേഷ്‌ സാഹ്‌നിയുടെ വികാസ്‌ശീൽ ഇൻസാൻ പാർടിയുടെ സാന്നിധ്യം മഹാസഖ്യത്തിന്‌ കൂടുതൽ കരുത്തേകിയിട്ടുണ്ട്‌. ഐ പി ഗുപ്‌തയുടെ ഇന്ത്യ ഇൻക്ല‍ൂസീവ്‌ പാർടിയുടെ വരവും മഹാസഖ്യത്തിന്‌ ഗുണകരമാകും. പ്രകടനം മെച്ചപ്പെടുത്തുമെന്ന ശുഭപ്രതീക്ഷയിലാണ്‌ സിപിഐ എംഎല്ലും സിപിഐ എമ്മും സിപിഐയും ഉൾപ്പടെയുള്ള ഇടതുപക്ഷം. പ്രശാന്ത്‌ കിഷോറിന്റെ ജൻസുരാജ്‌ പാർടി വലിയ നേട്ടങ്ങൾ ഉണ്ടാക്കില്ലെന്നാണ്‌ പൊതുവിലയിരുത്തൽ. എന്നാൽ, പല മണ്ഡലങ്ങളിലും അവർ പിടിക്കുന്ന വോട്ട്‌ നിർണായകമാകും. എൻഡിഎയ്‌ക്ക്‌ മുൻകൈ പ്രവചിക്കുന്ന ബിജെപി അനുകൂല സർവേ ഫലങ്ങൾ യാഥാർഥ്യത്തിൽനിന്ന്‌ ബഹുദൂരം അകലെയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Home