ad
Deshabhimani

നിതീഷിനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിക്കാതെ മോദി

print edition പ്രചാരണം ഊര്‍ജിതമാക്കി മഹാസഖ്യം

bihar assembly election 2025
വെബ് ഡെസ്ക്

Published on Oct 25, 2025, 04:41 AM | 2 min read


ന്യൂഡൽഹി

​ഭരണവിരുദ്ധവികാരം ശക്തമായ ബിഹാറിൽ മാറ്റത്തിന്‌ വോട്ടുതേടി മഹാസഖ്യം തെരഞ്ഞെടുപ്പ്‌ പ്രചാരണം ശക്തമാക്കി. മുഖ്യമന്ത്രി സ്ഥാനാർഥിയും ആർജെഡി ചെയർമാനുമായ തേജസ്വി യാദവ്‌, ഉപമുഖ്യമന്ത്രി സ്ഥാനാർഥിയും വികാസ്‌ശീൽ ഇൻസാൻ പാർടി നേതാവുമായ മുകേഷ്‌ സാഹ്‌നി തുടങ്ങിയവർ പ്രചാരണരംഗത്ത്‌ സജീവമായി.

നാല്‌ മണ്ഡലങ്ങളിൽ നേരത്തെ പ്രചാരണം തുടങ്ങിയ സിപിഐ എം സ്ഥാനാർഥികൾക്കും ആവേശം നിറഞ്ഞ സ്വീകരണമാണ്‌ ലഭിക്കുന്നത്‌. ചൊവ്വാഴ്‌ച മഹാസഖ്യം പട്‌നയിൽ പ്രകടനപത്രിക പുറത്തിറക്കും. യുവതലമുറയുടെ പലായനം അവസാനിപ്പിക്കാൻ മതിയായ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കും, കുറ്റകൃത്യങ്ങൾ തടയാൻ പൊലീസിനെ ഉടച്ചുവാർക്കും, തീവ്ര പിന്നാക്കവിഭാഗങ്ങൾക്ക്‌ സാമൂഹ്യനീതി ഉറപ്പാക്കും, ദളിത്‌, പിന്നാക്കവിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയാൻ കർശനനടപടിയെടുക്കും തുടങ്ങിയവയാണ്‌ പ്രധാന വാഗ്‌ദാനങ്ങൾ.


തേജസ്വി യാദവും രാഹുൽ ഗാന്ധിയും സംയുക്തറാലികളിൽ പങ്കെടുക്കും. തേജസ്വിയെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചതോടെ മഹാസഖ്യത്തിലെ ചെറിയ തർക്കങ്ങളും അലോസരങ്ങളും പരിഹരിക്കപ്പെട്ടിട്ടുണ്ട്‌. ഒ‍ൗദ്യോഗിക സീറ്റ്‌ ധാരണയിൽ എത്തുംമുന്പ്‌ മഹാസഖ്യത്തിലെ കക്ഷികൾ സ്ഥാനാർഥികളെ പ്രഖ്യാപിച്ചതിനാൽ പത്തിലേറെ മണ്ഡലങ്ങളിൽ പരസ്‌പരം ഏറ്റുമുട്ടുന്ന സാഹചര്യമുണ്ടായിരുന്നു. രണ്ടാംഘട്ടത്തിലെ നാമനിർദേശപത്രിക പിൻവലിക്കാനുള്ള അവസാന തീയതിയായ വ്യാഴാഴ്‌ച വർസാലിഗഞ്‌ജ്‌, ലാൽഗഞ്‌ജ്‌,‍ പ്രാൺപുർ എന്നിവിടങ്ങളിലെ കോൺഗ്രസ്‌ സ്ഥാനാർഥികളും ബാബുബർഹിയിലെ വികാസ്‌ ശീൽ ഇൻസാൻ പാർടി സ്ഥാനാർഥിയും ആർജെഡി സ്ഥാനാർഥികൾക്കായി പിന്മാറി.


നർകാട്ടിയഗഞ്‌ജ്‌, വൈശാലി, രാജാപകാർ, കഹൽഗാവ്‌ എന്നിവിടങ്ങളിൽ കോൺഗ്രസും ആർജെഡിയും പരസ്‌പരം മത്സരിക്കും. ബച്ച്‌വാഡ, റോസെരാ, ബിഹാർ ഷെരിഫ്‌ എന്നിവിടങ്ങളിൽ സിപിഐക്കെതിരെ കോൺഗ്രസ്‌ സ്ഥാനാർഥികളെ നിർത്തി.


നിതീഷിനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിക്കാതെ മോദി

​നിതീഷ്‌കുമാറിനെ എൻഡിഎയുടെ മുഖ്യമന്ത്രിസ്ഥാനാർഥിയായി പ്രഖ്യാപിക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും. സമസ്‌തിപുരിലെയും ബെഗുസരായിലെയും പ്രസംഗങ്ങളിൽ, നിതീഷിന്റെ നേതൃത്വത്തിലാണ്‌ എൻഡിഎ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നതെന്ന്‌ മാത്രമായിരുന്നു മോദിയുടെ പരാമർശം. സമസ്‌തിപുരിലെ റാലിയിൽ നിതീഷ്‌കുമാറടക്കം സന്നിഹിതരായിരുന്നു. നേരത്തെ, നിതീഷിനെ മുഖ്യമന്ത്രി സ്ഥാനാർഥിയെന്ന്‌ വിശേഷിപ്പിക്കാൻ അമിത്‌ ഷാ വിസമ്മതിച്ചിരുന്നു.


മുഖ്യമന്ത്രിയാരാണെന്ന്‌ തെരഞ്ഞെടുപ്പിനുശേഷമാണ്‌ തീരുമാനിക്കുകയെന്നായിരുന്നു പ്രതികരണം. മഹാസഖ്യം കഴിഞ്ഞദിവസം ആർജെഡി നേതാവ്‌ തേജസ്വി യാദവിനെ മുഖ്യമന്ത്രിസ്ഥാനാർഥിയായി പ്രഖ്യാപിച്ച സാഹചര്യത്തിൽ, മോദി പങ്കെടുക്കുന്ന റാലികളിലെങ്കിലും നിതീഷിനെ മുഖ്യമന്ത്രിസ്ഥാനാർഥിയായി പ്രഖ്യാപിക്കുമെന്ന്‌ ജെഡിയു പ്രതീക്ഷിച്ചിരുന്നു. തന്നെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിക്കണമെന്ന്‌ നിതീഷ്‌ മോദിയോടും അമിത്‌ ഷായോടും നേരിട്ട്‌ ആവശ്യപ്പെടുകയുംചെയ്‌തു. എന്നാൽ, വിഷയത്തിൽ അമിത്‌ ഷായുടെ നിലപാടാണ്‌ തനിക്കുമുള്ളതെന്ന്‌ വ്യക്തമാക്കുന്നതായിരുന്നു മോദിയുടെ പ്രതികരണം.


ജെഡിയുവിനെ വിഴുങ്ങി മുന്നണിയിലെ പ്രബലരാകാനാണ്‌ ബിജെപിയുടെ നീക്കം. ഇക്കാര്യത്തിൽ എൻഡിഎയിലെ മറ്റ്‌ ഘടകകക്ഷികളുടെ പിന്തുണയും ബിജെപിക്കുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home