ഇടുങ്ങിയ മുറികളിലെ വലിയ സ്വപ്നങ്ങൾ; ഡൽഹിയിലെ വിദ്യാർഥികൾ നേരിടുന്ന പ്രശ്നങ്ങൾ?

മത്സരപരീക്ഷാ പരിശീലനം നേടുന്ന ഉദ്യോഗാർഥികളുടെ സ്വപ്നഭൂമിയാണ് എന്നും ഡൽഹി. എൻജിനിയറിങ് പ്രവേശനത്തിനുള്ള ജെഇഇ, മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് എന്നിവയ്ക്കുപുറമേ സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിന്റെയും പ്രധാന കേന്ദ്രമാണ് രാജ്യതലസ്ഥാനം. ഡൽഹി സർവകലാശാല, ജവഹർലാൽ നെഹ്റു സർവകലാശാല (ജെഎൻയു), ജാമിയ മിലിയ ഇസ്ലാമിയ ഉൾപ്പെടെയുള്ള പ്രമുഖ സർവകലാശാലകളിലെ ബിരുദ, ഗവേഷണ പ്രോഗ്രാമുകളിലേക്കും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് വിദ്യാർഥികൾ എത്തുന്നു. കേരളമുൾപ്പെടെയുള്ള തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് ഡൽഹിയിലേക്ക് വണ്ടി കയറുന്നവരും കുറവല്ല. ലക്ഷക്കണക്കിന് വിദ്യാർഥികളും ഉദ്യോഗാർഥികളുമാണ് സ്വപ്നങ്ങളുടെ ചിറകിലേറി ഓരോ വർഷവും ഡൽഹിയിലെത്തുന്നത്. എന്നാൽ, അവിടെ അവരെ കാത്തിരിക്കുന്നത് എന്തൊക്കെയാണ്?
പഠന - ജീവിത ചെലവുകൾ
വിദ്യാർഥികളും ഉദ്യോഗാർഥികളും നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന് ഭീമമായ പഠനച്ചെലവാണ്. മത്സരപരീക്ഷാ പരിശീലന രംഗത്ത് വർഷങ്ങളായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും പുതുതായി രംഗത്തെത്തുന്നവരും വലിയ തുകയാണ് വിദ്യാർഥികളിൽനിന്ന് ഈടാക്കുന്നത്. പഠനച്ചെലവിനൊപ്പം ഉയർന്ന ജീവിതച്ചെലവും കൂടിയാകുമ്പോൾ ചെലവുകൾ പരമാവധി ചുരുക്കിയാണ് പലരും ഡൽഹിയിൽ തുടരുന്നത്. ഇവരുടെ ജീവിതസാഹചര്യങ്ങളെ മുതലെടുക്കുന്നവരും നിരവധിയാണ്.
ഇടുങ്ങിയ ഗല്ലികളിൽ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത ചെറിയ മുറികളിൽ അഞ്ച് മുതൽ പത്ത് വരെ വിദ്യാർഥികൾ തിങ്ങിപ്പാർക്കുന്ന കാഴ്ച ഡൽഹിയിൽ സാധാരണമാണ്. 2021 അവസാനത്തിനും 2024 മധ്യത്തിനുമിടയിൽ ഡൽഹിയിലെ വാടക നിരക്കിൽ 70 ശതമാനത്തിലധികം വർധനയുണ്ടായതായാണ് കണക്കുകൾ. ആഗോള നഗരങ്ങളുമായി താരതമ്യം ചെയ്യുമ്പോഴും ഡൽഹിയിലെ വാടക നിരക്ക് ഉയർന്നതാണ്.
പേയിങ് ഗസ്റ്റ്
കോച്ചിങ് സെന്ററുകൾക്കും സർവകലാശാലകൾക്കും സമീപം വിദ്യാർഥികൾക്ക് ലഭ്യമായ താമസസൗകര്യവും വളരെ പരിമിതമാണ്. കോളേജുകളിലും സർവകലാശാലകളിലും മതിയായ ഹോസ്റ്റൽ സൗകര്യങ്ങളില്ലാത്തതിനാൽ പലർക്കും സ്വകാര്യ താമസസ്ഥലങ്ങളെ ആശ്രയിക്കേണ്ടിവരുന്നു. ഒരൊറ്റ കെട്ടിടത്തിൽ നാൽപ്പതും അമ്പതും പേർ വരെ താമസിക്കേണ്ട സാഹചര്യമുണ്ടാകാറുണ്ട്. പലപ്പോഴും അടിസ്ഥാന സൗകര്യങ്ങൾ പോലും ഉറപ്പാക്കാത്ത പ്രതികൂല സാഹചര്യങ്ങളിലാണ് ഇവർ കഴിയുന്നത്.
സുരക്ഷിതമല്ലാത്ത വാടക കെട്ടിടങ്ങൾ
ഇതിനുപുറമേ, കെട്ടിട ഉടമകൾ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളും വിദ്യാർഥികളുടെ താമസസാധ്യതകൾ പരിമിതപ്പെടുത്തുന്നു. ‘അവിവാഹിതർ മാത്രം’, ‘വെജിറ്റേറിയൻസ് ഒൺലി’ തുടങ്ങിയ നിബന്ധനകൾ കാരണം ലഭ്യമായ താമസസ്ഥലങ്ങളിൽനിന്നുപോലും പലരും ഒഴിവാക്കപ്പെടുന്നു. ഒടുവിൽ കാലപ്പഴക്കം ചെന്നതും സുരക്ഷിതമല്ലാത്തതുമായ കെട്ടിടങ്ങളിലേക്ക് ചെലവു കുറയ്ക്കാനുള്ള നിർബന്ധിത തീരുമാനത്തിൽ വിദ്യാർഥികൾ എത്തിച്ചേരുന്നു.
പഠിക്കാനും മികച്ച ഭാവി കെട്ടിപ്പടുക്കാനുമുള്ള ആഗ്രഹവുമായി ഡൽഹിയിലെത്തുന്ന ഭൂരിഭാഗം വിദ്യാർഥികളും ഉദ്യോഗാർഥികളും താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളിൽനിന്നുള്ളവരാണ്. പഠനത്തിനായി വലിയ തുക ചെലവഴിക്കേണ്ടിവരുന്നതിനാൽ താമസച്ചെലവ് കുറയ്ക്കുക എന്നത് പലർക്കും അനിവാര്യമാണ്. അതിന്റെ ഫലമായി സുരക്ഷിതത്വത്തിനും സൗകര്യങ്ങൾക്കും പ്രാധാന്യം നൽകാനാകാത്ത അവസ്ഥയിലേക്കാണ് അവർ എത്തിപ്പെടുന്നത്.
ആവർത്തിക്കപ്പെടുന്ന സാകേതും രോഹിണിയും
ഒറ്റമുറി വീട്ടിൽ വീട്ടുസാധനങ്ങൾക്കിടയിൽ കിടന്നുറങ്ങുന്ന കുട്ടികളുടെ ചിത്രങ്ങൾ ചില സിനിമകളിൽ കണ്ടിട്ടില്ലേ? അത്തരം കാഴ്ചകൾ സിനിമകളിൽ മാത്രമുള്ളതല്ല. അതിന്റെ യാഥാർഥ്യം നേരിൽ കാണാവുന്ന ഇടങ്ങളാണ് ഡൽഹിയിലെ പല പ്രദേശങ്ങളും. മുഖർജി നഗർ, ഓൾഡ് രാജേന്ദ്ര നഗർ, കമല നഗർ തുടങ്ങിയ മേഖലകളിൽ സിവിൽ സർവീസ് പരീക്ഷാ പരിശീലനം നടത്തുന്നവരും കോളേജ് വിദ്യാർഥികളും ഉയർന്ന വാടക കാരണം ചെറിയ മുറികൾ പങ്കിട്ടാണ് കഴിയുന്നത്. ചിലർ ചെലവ് കുറയ്ക്കാനായി നഗരത്തിന്റെ വിദൂര ഭാഗങ്ങളിലേക്ക് താമസം മാറ്റാനും നിർബന്ധിതരാകുന്നു.
വാടക വർധന നിയന്ത്രിക്കുന്നതിനും വിദ്യാർഥികൾക്ക് സുരക്ഷിതവും താങ്ങാനാകുന്നതുമായ താമസസൗകര്യം ഉറപ്പാക്കുന്നതിനും ഡൽഹി സർക്കാർ കാര്യമായ നടപടികൾ സ്വീകരിക്കുന്നില്ലെന്ന വിമർശനവും ശക്തമാണ്. ഇത്തരം സാഹചര്യങ്ങളാണ് വിദ്യാർഥികളെയും ഉദ്യോഗാർഥികളെയും സുരക്ഷിതമല്ലാത്ത വാടകവീടുകളിലേക്കും അപ്പാർട്ട്മെന്റുകളിലേക്കും തള്ളിവിടുന്നത്.
അവിടെയാണ് സാകേതും സത്യനികേതനും ആവർത്തിക്കപ്പെടുന്നത്. പഠിക്കാനും സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഡൽഹിയിലെത്തുന്നവർക്ക് സുരക്ഷിതമായ ജീവിതസാഹചര്യങ്ങൾ ഉറപ്പാക്കാൻ ഇനിയും എത്ര ജീവനുകൾ പൊലിയണം? എത്ര ദുരന്തങ്ങൾ ആവർത്തിക്കണം? ഇനിയെന്നാണ് അധികാരികളുടെ കണ്ണുതുറക്കുക?









0 comments