ad
Deshabhimani

'ഈ കല്യാണം പൂർത്തിയാക്കാനെങ്കിലും സമ്മതിക്കണം'; വിവാഹച്ചടങ്ങിനിടെ കുറ്റവാളിയായ വരനെ അറസ്റ്റ് ചെയ്ത് പൊലീസ്

wedding

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Mar 14, 2026, 09:30 AM | 2 min read

ഭോപ്പാൽ: ഭോപ്പാലിൽ വിവാഹച്ചടങ്ങിനിടെ വരനായ കുപ്രസിദ്ധ കുറ്റവാളിയെ നാടകീയമായി അറസ്റ്റ് ചെയ്ത് പൊലീസ്. ആകാശ് നീൽകാന്ത് (26) എന്ന യുവാവാണ് പൊലീസിന്റെ പിടിയിലായത്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം.


ഭോപ്പാലിലെ വിവാഹവേദിയിൽ എത്തിയ പൊലീസ് സംഘം ആകാശ് നീൽകാന്തിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെക്കൂടാതെ കൂട്ടാളികളായ രാജംജി താക്കൂർ, അഭിഷേക് ഉപാധ്യായ, അഭിഷേക് മീന, നീരജ് ഖാൻഗെ, അമിത് ഓസ്‌വാൾ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡിൽ വിട്ടു.


മണിക്കൂറുകൾക്ക് ശേഷം, മെഹന്ദിയും ഹൽദിയും അണിഞ്ഞ കൈകളുമായി കോ-ഇ-ഫിസ പൊലീസ് സ്റ്റേഷനിലെത്തിയ വധു വരനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടു. 'സാബ്, എന്റെ ജീവിതം തകരും. ഞാൻ എന്ത് തെറ്റ് ചെയ്തു? അദ്ദേഹം ചെയ്ത കുറ്റങ്ങളെക്കുറിച്ച് എനിക്കറിയില്ലായിരുന്നു. അതിഥികൾ വീട്ടിൽ കാത്തുനിൽക്കുന്നു. ഹൽദിയും മറ്റ് ചടങ്ങുകളും കഴിഞ്ഞു,' സീമ കരഞ്ഞുപറഞ്ഞു.


വിവാഹച്ചടങ്ങുകൾ പൂർത്തിയാക്കാൻ വേണ്ടി മാത്രം വരനെ രണ്ട് മണിക്കൂർ വിട്ടയക്കണമെന്ന് സീമ ആവശ്യപ്പെട്ടു. എന്നാൽ പൊലീസ് ഇതിന് വിസമ്മതിച്ചു. തുടർന്ന് കസ്റ്റഡിയിലായിരിക്കെത്തന്നെ വിവാഹച്ചടങ്ങുകൾ നടത്താൻ അനുവദിക്കണമെന്ന് സീമ ആവശ്യപ്പെട്ടെങ്കിലും പൊലീസ് തയ്യാറായില്ല. സീമയും ആകാശും ആറ് വർഷത്തോളമായി പ്രണയത്തിലായിരുന്നു.


ഭോപ്പാലിലെ കോ-ഇ-ഫിസ പൊലീസ് സ്റ്റേഷൻ പരിധിയിൽ 2018 മുതൽ സജീവമായ ഒരു ഗുണ്ടാസംഘത്തിന്റെ തലവനാണ് ആകാശ്. ഇയാൾക്കെതിരെ കൊലപാതകം ഉൾപ്പെടെ 31 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2024 മാർച്ച് 18-ന് ബിജെപി യുവമോർച്ച മണ്ഡലം വൈസ് പ്രസിഡന്റ് സുരേന്ദ്ര കുശ്വാഹ കൊല ചെയ്യപ്പെട്ടിരുന്നു. ഈ കേസിലെ പ്രധാന പ്രതിയാണ് ആകാശ്. കൊലപാതകക്കേസുമായി ബന്ധപ്പെട്ട് ഇയാൾ 18 മാസത്തോളം ജയിലിൽ കിടന്നിട്ടുണ്ട്. നാല് മാസം മുമ്പാണ് ജാമ്യത്തിലിറങ്ങിയത്.


ഒരു തട്ടിക്കൊണ്ടുപോകൽ കേസുമായി ബന്ധപ്പെട്ടാണ് പൊലീസ് ഇപ്പോൾ ഇയാളെ അറസ്റ്റ് ചെയ്തത്. 26 കാരനായ ഒരു പൂജാരിയെ തട്ടിക്കൊണ്ടുപോയി എയ്ദ്‌ഗ ഹിൽസ് പ്രദേശത്തെ ഒരു ഫ്ലാറ്റിൽ പൂട്ടിയിട്ട് ക്രൂരമായി മർദ്ദിച്ച് 8 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടിരുന്നു. പൂജാരിയുടെ സഹോദരനെക്കൊണ്ട് 50,000 രൂപ ഓൺലൈൻ വഴി ട്രാൻസ്ഫർ ചെയ്യിപ്പിച്ചു. ബാക്കി 7.5 ലക്ഷം രൂപ ഗഡുക്കളായി നൽകണമെന്നും ഭീഷണിപ്പെടുത്തി. പൂജാരി ഓടി രക്ഷപ്പെട്ട് കോ-ഇ-ഫിസ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. പൂജാരിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് അന്വേഷണം നടത്തി വരനെ അറസ്റ്റ് ചെയ്യുകയായിരുന്നു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home